ഗാസാസിറ്റി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയിലെ ചില ഉപാധികള്‍ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുക, ഭരണം കൈമാറുക എന്നിവ അംഗീകരിക്കുമെന്നാണ് ഹമാസ് വ്യക്തമാക്കിയത്. ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ഇത്. ഗാസ സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ച ഹമാസിന്റെ നടപടിയില്‍ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തു വന്നു. ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറായെന്നാണ് കരുതുന്നതെന്നും ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചു.

'ഹമാസ് ഇപ്പോള്‍ ഇറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍, അവര്‍ ശാശ്വത സമാധാനത്തിന് തയ്യാറാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഗാസയില്‍ ബോംബാക്രമണം നടത്തുന്നത് ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിക്കണം. എന്നാലേ ബന്ദികളെ പെട്ടെന്നും സുരക്ഷിതമായും തിരികെ ലഭിക്കൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ചെയ്യുക അസാധ്യമാണ്. ഇത് ഗാസയെക്കുറിച്ച് മാത്രമല്ല, മധ്യപൂര്‍വദേശത്തിന്റെ ആകെ സമാധാനത്തിനു വേണ്ടിയുള്ളതാണ്'ട്രംപ് പറഞ്ഞു. ട്രംപിന്റെ നിര്‍ദ്ദേശം ഇസ്രയേല്‍ അംഗീകരിക്കുമോ എന്നതാണ് ഇനി നിര്‍ണ്ണായകം. ഇസ്രയേല്‍ യുദ്ധം നിര്‍ത്തുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

അതേസമയം, ബന്ദി മോചനവും ഭരണക്കൈമാറ്റവും ഒഴികെയുള്ള ഉപാധികളില്‍ ചര്‍ച്ച വേണമെന്ന ആവശ്യത്തെക്കുറിച്ച് ട്രംപ് പരാമര്‍ശിച്ചിട്ടില്ല. ഹമാസിന്റെ നിര്‍ദേശങ്ങളിലുള്ള സമ്പൂര്‍ണ പ്രതികരണം ഉള്‍ക്കൊള്ളിക്കുന്ന വിഡിയോ ട്രംപ് ഉടന്‍ പുറത്തുവിട്ടേക്കും. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസില്‍ ക്യാമറയ്ക്കു മുന്നില്‍ ട്രംപ് സംസാരിക്കുന്ന ചിത്രം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ മറ്റ് പല വ്യവസ്ഥകളിലും ചര്‍ച്ചകള്‍ വേണമെന്നാണ് ഹമാസ് നിലപാട്. ഇന്ത്യന്‍സമയം ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഹമാസ് പ്രതികരിച്ചത്. ഞായറാഴ്ച രാത്രിക്കുമുന്‍പ് കരാര്‍ അംഗീകരിക്കണമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് പ്രതികരണം. ഗാസായുദ്ധം തീര്‍ക്കുക ലക്ഷ്യമിട്ട് താന്‍ മുന്നോട്ടുവെച്ച 20 ഇന സമാധാനപദ്ധതി അമേരിക്കന്‍ സമയം ഞായറാഴ്ച വൈകീട്ട് ആറിനുമുന്‍പ് അംഗീകരിക്കണമെന്നായിരുന്നു ഹമാസിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ ഈ കരാറിന് അനുകൂല നിലപാട് എടുത്തിയിരുന്നു.

കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഗുരുതരപ്രത്യാഘാതം ഉണ്ടാകുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കരാറിലെ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിക്കാനാകില്ലെന്നും അതേക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ചില ഹമാസ് നേതാക്കള്‍ നിലപാട് എടുത്തിരുന്നു. കരാര്‍ അംഗീകരിക്കാനുള്ള അവസാന അവസരമാണിതെന്നും അതനുസരിച്ചില്ലെങ്കില്‍ അല്ലാത്തപക്ഷം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന നിര്‍ദ്ദേശം ഹമാസ് അംഗീകരിക്കുന്നത്.

''കാലങ്ങളായി പശ്ചിമേഷ്യയിലെ ക്രൂരവും അക്രമാസക്തവുമായ ഒരു ഭീഷണിയാണ് ഹമാസ്. അവര്‍ ആളുകളുടെ ജീവിതം അസഹനീയമാക്കി. ഇതിന്റെ പാരമ്യമായിരുന്നു 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന കൂട്ടക്കൊല. കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരുമെല്ലാം കൊല്ലപ്പെട്ടു. ഒന്നല്ലെങ്കില്‍ മറ്റൊരു മാര്‍ഗത്തിലൂടെ ഞങ്ങള്‍ പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കും. ബന്ദികളെ മുഴുവന്‍ മോചിപ്പിക്കൂ, മൃതദേഹങ്ങള്‍ വിട്ടുനല്‍കൂ.'' -ട്രംപ് പറഞ്ഞു.