ലണ്ടന്‍: ഇന്ത്യ ബ്രിട്ടനില്‍ നിന്ന് 350 മില്യണ്‍ പൗണ്ട് വില വരുന്ന പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ ധാരണയായി. വ്യോമ പ്രതിരോധ മിസൈലുകളും ലോഞ്ചറുകളും വാങ്ങാന്‍ ഇന്ത്യ സമ്മതിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു, ഇത് വടക്കന്‍ അയര്‍ലണ്ടില്‍ നൂറുകണക്കിന് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയും രണ്ട് രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും എന്നാണ് കരുതപ്പെടുന്നത്. ഈ കരാര്‍ അനുസരിച്ച് ഇന്ത്യന്‍ സൈന്യത്തിന് ബെല്‍ഫാസ്റ്റില്‍ നിര്‍മ്മിച്ച ലൈറ്റ് വെയ്റ്റ് മള്‍ട്ടിറോള്‍ മിസൈലുകള്‍ ലഭിക്കും.

നിലവില്‍ യുക്രൈന് ബ്രിട്ടന്‍ നല്‍കുന്ന മിസൈലുകളുടെ അതേ വകഭേദമാണ് ഇത്. ഈ കരാറിലൂടെ എഴുന്നൂറിലധികം തൊഴിലവസരങ്ങള്‍ വടക്കന്‍ അയര്‍ലന്‍ഡില്‍ ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത് ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നത് ബ്രിട്ടന്റെ വ്യാവസായിക അടിത്തറയിലുടനീളം വളര്‍ച്ചയെ എങ്ങനെ നയിക്കുമെന്ന് കരാര്‍ തെളിയിക്കുന്നുവെന്ന് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു. ഇന്ത്യയുമായുള്ള ബ്രിട്ടന്റെ തന്ത്രപരമായ പങ്കാളിത്തം രാജ്യത്തിന്റെ വ്യവസായത്തേയും തൊഴിലവസരങ്ങളെയും എങ്ങനെ വര്‍ദ്ധിപ്പിക്കുമെന്ന് ഈ പ്രതിരോധ കരാറുകള്‍ കാണിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നാവിക കപ്പലുകള്‍ക്കുള്ള ഇലക്ട്രിക് എഞ്ചിനുകളുടെ വികസനത്തിലും വ്യോമ പ്രതിരോധത്തിലും ഇത് ഏറെ ഗുണം ചെയ്യുമെന്നും ജോണ്‍ ഹീലി അഭിപ്രായപ്പെട്ടു. മിസൈല്‍ കരാറിനൊപ്പം, നാവിക കപ്പലുകള്‍ക്കായി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനുകള്‍ സംയുക്തമായി നിര്‍മ്മിക്കാനുള്ള കരാറിലും ഇന്ത്യയും ബ്രിട്ടനും ഒപ്പ് വെച്ചിട്ടുണ്ട്.

ഇതിന്റെ പ്രാരംഭ ചെലവ് 250 മില്യണ്‍ പൗണ്ട് ആണ്. യു.കെയുടെ സ്ട്രാറ്റജിക് ഡിഫന്‍സ് റിവ്യൂവിലും ഇന്ത്യയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലും ഉള്‍പ്പെട്ടിട്ടുള്ള ഉഭയകക്ഷി വ്യാവസായിക സഹകരണത്തിന്റെ അടുത്ത ഘട്ടമാണ് ഇത്. കഴിഞ്ഞ ദിവസം മുംബൈയില്‍ സന്ദര്‍ശനം നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ തെളിവായി ഈ കരാറുകളെ വിശേഷിപ്പിച്ചു. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സിന്റെ നേതൃത്വത്തിലുള്ള റോയല്‍ നേവിയുടെ കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ ഐഎന്‍എസ് വിക്രാന്തിനൊപ്പം സംയുക്ത നാവികാഭ്യാസ പ്രകടനം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കീര്‍സ്റ്റാര്‍മര്‍ യുകെ-ഇന്ത്യ വ്യാപാര കരാറിനെ അടുത്ത ബന്ധത്തിനുള്ള ഒരു ലോഞ്ച്പാഡ് ആയിട്ടാണ് വിശേഷിപ്പിച്ചത്.

കഴിഞ്ഞ ജൂലൈയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പ് വെച്ച വ്യാപാര കരാര്‍ ഒരു നാഴികക്കല്ലായി മാറിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുംബൈ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിനൊപ്പം നൂറിലധികം സി.ഇ.ഒ മാര്‍, സംരംഭകര്‍, സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍, സാംസ്‌കാരിക നേതാക്കള്‍ എന്നിവരും എത്തിയിരുന്നു. യുകെയിലെ എക്കാലത്തെയും വലിയ വ്യാപാര പ്രതിനിധി സംഘമാണ് മുംബൈയില്‍ എത്തിയത്. റഷ്യ-യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളും കീര്‍ സ്റ്റാര്‍മറും മോദിയും ചര്‍ച്ച ചെയ്തതായും സൂചനയുണ്ട്. ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന കാര്യത്തെ കുറിച്ചും കീര്‍ സ്റ്റാര്‍മര്‍ മോദിയോട് ചര്‍ച്ച ചെയ്തതായി പറയപ്പെടുന്നു. 2028 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും എന്ന കാര്യവും ബ്രിട്ടീഷ് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

മുംബൈയില്‍ കീര്‍ സ്റ്റാര്‍മറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഇന്ത്യയില്‍ കൂടുതല്‍ യുകെ സര്‍വകലാശാലകള്‍ കാമ്പസുകള്‍ തുറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യാ ബ്രിട്ടന്‍ വ്യാപാര കരാര്‍ പ്രകാരം വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, ശീതീകരിച്ച സമുദ്രവിഭവങ്ങള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ നികുതി യു.കെ കുറയ്ക്കും, അതേസമയം സ്‌കോച്ച് വിസ്‌കി, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ആഡംബര കാറുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് ഇന്ത്യയും തീരുവ കുറയ്ക്കും.