- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോമാഹോക്ക് മിസൈലുകള്‍ ഉടന്‍ യുക്രൈയിന് നല്‍കില്ല; യുദ്ധം രൂക്ഷമാക്കാനും അമേരിക്കയും റഷ്യയും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനും അമേരിക്കയ്ക്ക് താല്‍പ്പര്യമില്ല; സെലന്‍സ്കിയും ട്രംപും വൈറ്റ്ഹൗസില്‍ കൈ കൊടുത്ത് പിരിഞ്ഞത് തീരുമാനമൊന്നുമില്ലാതെ
വാഷിങ്ടണ്‍: യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്നലെ വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമൊന്നുമില്ല. യക്രൈന് അടിയന്തരമായി് അടിയന്തരമായി ദീര്‍ഘദൂര മിസൈലുകള്‍ പ്രത്യേകിച്ചും ടോമാഹോക്ക് മിസൈലുകള്‍, ലഭ്യമാക്കണമെന്ന് സെലെന്‍സ്‌കി ട്രംപിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അമേരിക്ക ഇതിന് തയ്യാറാകില്ല എന്നാണ് സൂചന. കാരണം അത്തരമൊരു നടപടി യുദ്ധം രൂക്ഷമാക്കുകയും അമേരിക്കയും റഷ്യയും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയിലാണ് ട്രംപ്.
മൂന്ന് വര്‍ഷവും എട്ട് മാസവുമായി തുടരുന്ന യുക്രെയ്ന്‍ യുദ്ധത്തിന് അറുതി വരുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് പങ്കുവെച്ചത്. പുട്ടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ചര്‍ച്ചയില്‍ സെലന്‍സ്‌കി നടത്തിയത്. പുടിന്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് തറപ്പിച്ച് പറഞ്ഞ സെലെന്‍സ്‌കി, റഷ്യന്‍ പ്രസിഡന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. യുക്രൈന് സമാധാനം വേണം, പുടിന്‍ സമാധാനം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് എന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞത്.
യുക്രൈന് കൂടുതല്‍ ശക്തമായ യുഎസ് പിന്തുണയും ആവശ്യമായ ദീര്‍ഘദൂര ആയുധങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മധ്യേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങളിലെ വെടിനിര്‍ത്തല്‍ നിലനിര്‍ത്തുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി, എല്ലാ യുദ്ധങ്ങളിലും ഇത് വളരെ പ്രയാസകരമാണെന്നും സെലെന്‍സ്‌കി ഓര്‍മ്മിപ്പിച്ചു. എന്നാല്‍ പുട്ടിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്നതായി ട്രംപ് പ്രസ്താവിച്ചു.
'പ്രസിഡന്റ് പുടിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു, അല്ലെങ്കില്‍ അദ്ദേഹം ഇങ്ങനെ സംസാരിക്കില്ലായിരുന്നു,' എന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍, പുടിന്‍ തന്നെ കബളിപ്പിക്കുമോ എന്ന തന്റെ ആശങ്കയും ട്രംപ് വെളിപ്പെടുത്തി. 'താന്‍ തന്റെ ജീവിതകാലം മുഴുവന്‍ ഏറ്റവും പ്രിയപ്പെട്ടവരാല്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നും ട്രംപ് വെളിപ്പെടുത്തി. വ്യാഴാഴ്ച പുട്ടിനുമായി നടത്തിയ ദീര്‍ഘമായ ഫോണ്‍ സംഭാഷണത്തെത്തുടര്‍ന്ന് തനിക്കുള്ള വ്യത്യസ്തമായ നിലപാടുകള്‍ അദ്ദേഹം പങ്കുവെച്ചു. മധ്യേഷ്യയില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ തനിക്ക് ലഭിച്ച അംഗീകാരം ട്രംപ് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
ഈ കൂടിക്കാഴ്ച, യുക്രെയ്ന്‍ യുദ്ധത്തിന്റെ ഭാവിയെക്കുറിച്ചുള്ള വാഷിംഗ്ടണിന്റെയും യുക്രൈനിന്റെയും വ്യത്യസ്തമായ സമീപനങ്ങളെയും, യുഎസ് സൈനിക സഹായത്തിന്റെ നിര്‍ണ്ണായക പ്രാധാന്യത്തെയും അടിവരയിടുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ മുന്നോട്ടുള്ള നയതന്ത്ര ബന്ധങ്ങളിലും ഇത് ഏറെ നിര്‍ണ്ണായകമാകും. ട്രംപ് താമസിയാതെ ഹംഗറിയില്‍ വെച്ച് പുട്ടിനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഇരുവരും അലാസ്‌ക്കയില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ യുദ്ധം ഇപ്പോഴും തുടരുകയാണ്.