- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനക്കായി ചാരവൃത്തി നടത്തിയവരെ രക്ഷപ്പെടാന്‍ സഹായിച്ചത് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയുടെ മാനിഫെസ്റ്റോയിലെ ഒരു ഉറപ്പ്; യൂറോപ്പിലേക്ക് അനധികൃത കുടിയേറ്റക്കാരെ എത്തിക്കുന്ന മനുഷ്യക്കടത്ത് മാഫിയയ്ക്ക് സഹായം നല്‍കുന്നത് റഷ്യന്‍ ചാര സംഘടന; രണ്ടു വിവാദങ്ങള്‍ ഇങ്ങനെ
ലണ്ടന്‍: ബ്രിട്ടനില്‍ ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തി എന്ന കേസ് തള്ളിപ്പോകാന്‍ കാരണമായത് ലേബര്‍ പാര്‍ട്ടിയുടെ മാനിഫെസ്റ്റോയില്‍ ചൈനയെ കുറിച്ച് പരാമര്‍ശിക്കുന്ന ഒരു വാചകമാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ ചൈനയുമായി നല്ലൊരു ബന്ധമുണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്ന ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍ മ്‌നാത്യു കോളിന്‍സിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഡയററക്റ്റര്‍ സ്റ്റീഫന്‍ പാര്‍ക്കിന്‍സണ്‍, കേസ് ഇല്ലാതെയാക്കാന്‍ നിര്‍ബന്ധിതനായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലേബര്‍ പാര്‍ട്ടിയുടെ 2024 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നിന്നും അതേപടി അടര്‍ത്തിയെടുത്ത ഈ ഒരു വാചകമാണ് പാര്‍ലമെന്ററി ഗവേഷകന്‍ ക്രിസ്റ്റഫര്‍ ക്യാഷിനും സുഹൃത്ത് ക്രിസ്റ്റഫര്‍ ബെറിക്കും എതിരെയുള്ള ചാരവൃത്തി കേസില്‍ പ്രോസിക്യൂഷന് എല്ലാ പ്രതീക്ഷകളും നശിപ്പിച്ചത് എന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ നിന്നും മടങ്ങി വരവെ ഹീത്രൂ വിമാനത്താവളത്തില്‍ വെച്ച് പോലീസ് ആദ്യമായി തടയുമ്പോള്‍ ക്രിസ്റ്റഫര്‍ ബെറിയുടെ കൈവശമുണ്ടായിരുന്ന സ്യൂട്ട്‌കേസില്‍ നിറയെ പണമുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോള്‍ ഈ കേസ് തേച്ചുമാച്ചതിന്റെ അന്തപ്പുര കഥകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് ഡെയ്ലി മെയില്‍. അദ്ധ്യാപകനായ ബെറിയെ 2023 ഫെബ്രുവരിയില്‍ പോലീസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോള്‍ 4000പൗണ്ട് ക്യാഷായി അയാളുടെ കൈവശം ഉണ്ടായിരുന്നു. തുടര്‍ന്ന് അയാളുടെ ഫോണും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു. ഇവ പരിശോധച്ചതില്‍ നിന്നാണ് ക്യാഷുമായും, മറ്റൊരു ദുരൂഹ കഥാപാത്രമായ അലക്സ് എന്ന വ്യക്തിയുമായും ഇയാള്‍ക്കുള്ള ബന്ധം കണ്ടെത്തിയത്.
ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിംഗിന്റെ ചീഫ് ഓഫ് സ്റ്റാഫ് കാഇ ക്വിക്ക് നല്‍കാനായി 34 റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനാണ് ബെറിയെ അലക്സ് ചുമതലപ്പെടുത്തിയതെന്ന് പോലീസ് കരുതുന്നു. കഴിഞ്ഞവര്‍ഷം, ഏപ്രിലില്‍ ഔദ്യോഗിക രഹസ്യ നിയമമനുസരിച്ച് ഇരുവരുടെയും പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്യുമ്പോള്‍ പ്രോസിക്യൂഷന് തികഞ്ഞ ആത്മവിശ്വാസമായിരുന്നു. എന്നാല്‍, ബള്‍ഗേറിയന്‍ ചാരവൃത്തി കേസില്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണി ആണെങ്കില്‍ മാത്രമെ ചാരവൃത്തിയായി പരിഗണിക്കാനാവൂ എന്ന ഹൈക്കോടതി വിധിയാണ് എല്ലാം തകിടം മറിച്ചത്. ഇവിടെയാണ്, ചൈനയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുമെന്ന പ്രഖ്യാപനം പ്രോസിക്യൂഷന്റെ ആത്മവിശ്വാസം ചോര്‍ത്തിക്കളഞ്ഞത്.
മനുഷ്യക്കടത്ത് മാഫിയയെ സഹായിക്കുന്നത് റഷ്യന്‍ ചാരന്മാര്‍
യൂറോപ്പിലെക്ക് മനുഷ്യരെ അനധികൃതമായി കൊണ്ടുവരുന്ന മനുഷ്യക്കടത്ത് മാഫിയകളെ സഹായിക്കുന്നത് റഷ്യന്‍ ചാരന്മാരാണെന്ന് ബള്‍ഗേറിയന്‍ ആഭ്യന്തര മന്ത്രി ആരോപിക്കുന്നു. റഷ്യയുടെ വിദേശ ചാരസംഘടനയും ക്രിമിനല്‍ സംഘങ്ങളുമായുള്ള നേരിട്ടുള്ള ബന്ധത്തിന് തന്റെ സര്‍ക്കാരിന്റെ കൈവശം തെളിവുകള്‍ ഉണ്ടെന്നും ഡാനിയല്‍ മിറ്റോവ് കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തികളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ദുര്‍ബലമായ ഇടങ്ങള്‍ കണ്ടെത്താന്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് ഏജന്റുമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബള്‍ഗേറിയയ്ക്കും തുര്‍ക്കിക്കും ഇടയിലുള്ള അതിര്‍ത്തി അത്തരത്തിലൊന്നാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആളുകളെ അനധികൃതമായി യൂറോപ്പില്‍ എത്തിക്കുന്നതിന് പുറമെ യൂറോപ്യന്‍ രാജ്യങ്ങളിലെ ദേശീയ അഭയാര്‍ത്ഥി സംവിധാനങ്ങള്‍ എങ്ങനെ ദുരുപയോഗം ചെയ്യാമെന്നും, നാടുകടത്തല്‍ എങ്ങനെ ഒഴിവാക്കാമെന്നും ഇവര്‍ അഭയാര്‍ത്ഥികളെ പഠിപ്പിക്കുകയും ചെയ്യുന്നു. യൂറോപ്യന്‍ യൂണിയനെയും യു കെയെയും അസ്ഥിരപ്പെടുത്തുന്നതിനായി ശത്രുക്കള്‍ അഭയാര്‍ത്ഥി പ്രവാഹത്തെ ഒരു ഉപകരണമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തില്‍ അഭയാര്‍ത്ഥികള്‍ എത്തുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലെ സാമൂഹ്യക്ഷേമ സംവിധനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുമെന്നും, സുരക്ഷാ ഭീഷണികള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണമുണ്ടാക്കാനുള്ള ചില മാഫിയ സംഘങ്ങളുടെ ശ്രമം മാത്രമല്ല അഭയാര്‍ത്ഥി പ്രവാഹത്തിന് പിന്നിലുള്ളതെന്ന്, ബള്‍ഗേറിയന്‍ ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയോട് യോജിച്ചു കൊണ്ട് യു കെ വിദേശകാര്യ സെക്രട്ടറി യുവറ്റ് കൂപ്പര്‍ പ്രതികരിച്ചു. മറിച്ച്, യൂറോപ്പിനെ അസ്ഥിരപ്പെടുത്താനുള്ള ശത്രുക്കളുടെ നീക്കവും ഇതിനു പിന്നിലുണ്ട്. ഭീഷണി അതീവ ഗുരുതരവും ദിനംപ്രതി വര്‍ദ്ധിക്കുകയാണെന്നും പറഞ്ഞ യുവറ്റ് കൂപ്പര്‍ അത് നേരിടാന്‍ അന്താരാഷ്ട്ര തലത്തില്‍ സഹകരിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.