മോസ്‌കോ: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മുന്നോട്ടു വെച്ച പദ്ധതി തള്ളി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍. കഴിഞ്ഞ ദിവസം യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേ്ഷമാണ് ട്രംപ് സമാധാന പദ്ധതി മുന്നോട്ട് വെച്ചത്.

യുദ്ധമുഖത്ത് നിലവിലെ അതിര്‍ത്തികള്‍ പുതിയ അതിര്‍ത്തികളായി അംഗീകരിച്ച് സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ട്രംപിന്റെ നിര്‍ദ്ദേശമാണ് റഷ്യ തള്ളിക്കളഞ്ഞത്. യുദ്ധം അവസാനിപ്പിക്കാനായി പുട്ടിന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ സെലന്‍സ്‌കിയോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സെലന്‍സ്‌കി വിയോജിപ്പ് പ്രകടിപ്പിച്ചതായും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഡോണ്‍ബാസ് മേഖലയിലെ ചില ഭാഗങ്ങള്‍ യുക്രെയ്‌നിന് നിലനിര്‍ത്താനുള്ള സാധ്യതകള്‍ ട്രംപ് ആരാഞ്ഞിരുന്നു. എന്നാല്‍ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നു.

റഷ്യ ഒരു കാരണവശാലും തങ്ങളുടെ നിലപാടുകള്‍ മാറ്റാന്‍ തയ്യാറായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ഉണ്ടായ സംഭവ വികാസങ്ങളില്‍ അഭിപ്രായം പറയാന്‍ വൈറ്റ്ഹൗസ് വിസമ്മതിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള റഷ്യയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സെലെന്‍സ്‌കിയെ നിര്‍ബന്ധിക്കാന്‍ താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വെളളിയാഴ്ചയാണ് ട്രംപും സെലന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.

ട്രംപ് സെലന്‍സ്‌കിയോട് അത്ര സഭ്യമല്ലാത്ത രീതിയിലുള്ള പദപ്രയോഗങ്ങള്‍ നടത്തിയതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഡോണ്‍ ബോസ് മേഖല മുഴുവനായി റഷ്യക്ക് വിട്ടു കൊടുക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും യുദ്ധം ഉടന്‍ നിര്‍ത്തണം എന്നതായിരുന്നു താന്‍ ആവശ്യപ്പെട്ടത് എന്നുമാണ് ട്രംപ് ഇപ്പോള്‍ പറയുന്നത്. അതിര്‍ത്തികള്‍ പുനര്‍നിര്‍ണയം ചെയ്യാനും ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു.

ബുഡാപെസ്റ്റില്‍ വരുന്ന ആഴ്ചകളില്‍ നടക്കുന്ന യോഗത്തില്‍ യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍ പദ്ധതിയിടുന്നതായി ട്രംപും പുടിനും വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ട്രംപും പുടിനും ആവശ്യപ്പെട്ടാല്‍ ആ കൂടിക്കാഴ്ചയില്‍ പങ്കുചേരാന്‍ താന്‍ തയ്യാറാണെന്ന് സെലെന്‍സ്‌കിയും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള റഷ്യയുടെ നിബന്ധനകള്‍ അംഗീകരിക്കുന്നില്ലെങ്കില്‍, പുടിന്‍ യുക്രെയ്നെ നശിപ്പിക്കും എന്നാണ് ട്രംപ് സെലെന്‍സ്‌കിയോട് പറഞ്ഞത്.

തങ്ങള്‍ക്ക് ടോമോഹോക്ക് മിസൈലുകള്‍ നല്‍കണമെന്ന യുക്രൈന്റെ ആവശ്യവും ട്രംപ് തള്ളിക്കളഞ്ഞിരുന്നു. ഇസ്രായേലും ഹമാസും തമ്മില്‍ താന്‍ ഉണ്ടാക്കിയ വെടിനിര്‍ത്തലിലെ മുഖ്യ ആസൂത്രകന്‍ എന്ന നിലയില്‍ ഇപ്പോള്‍ റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും തനിക്ക് കഴിയും എന്നാണ് ട്രംപിന്റെ നിലപാട്.