കെയ്‌റോ: ഗാസ സമാധാന കരാറിന്റെ ഭാഗമായി ഇസ്രായേല്‍ വിട്ടയച്ച 150-ലധികം ഹമാസ് ഭീകരര്‍ ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയിലെ ഒരു പഞ്ചനക്ഷത്ര ആഡംബര ഹോട്ടലില്‍ പാശ്ചാത്യ വിനോദസഞ്ചാരികള്‍ക്കൊപ്പം തങ്ങുന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട്. 'അത്യന്തം അപകടകാരികളായ' ഈ ഭീകരരുടെ സാന്നിധ്യം ആഗോള സുരക്ഷയ്ക്ക് പുതിയ ഭീഷണിയാണെന്ന് സുരക്ഷാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വാര്‍ത്ത.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 20-പോയിന്റ് സമാധാന പദ്ധതിയുടെ ഭാഗമായി, ഇസ്രായേല്‍ തങ്ങളുടെ ജയിലുകളില്‍ നിന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഏറ്റവും ഭീകരരെ മോചിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഈ കരാറിലൂടെ മോചിപ്പിക്കപ്പെട്ട 250 ഭീകരരില്‍ 154 പേരും കൈറോയിലെ മാരിയറ്റിന്റെ റെനൈസന്‍സ് കൈറോ മിറാഷ് സിറ്റി ഹോട്ടലിലാണ് നിലവില്‍ താമസിക്കുന്നത്. ഹോട്ടലിലെത്തുന്ന കുടുംബങ്ങളും വിനോദസഞ്ചാരികളും ഈ ഭീകരരുടെ സാന്നിധ്യം അറിയാതെയാണ് ഇവിടെ തങ്ങുന്നത്.

ഡെയ്ലി മെയിലിന്റെ പത്രപ്രവര്‍ത്തകര്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച് 'കൊലയാളികളായ ഭീകരര്‍ക്കൊപ്പം' ഒപ്പം കഴിയുകയും ഇവരുടെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഐസിസ് അംഗവും മുതിര്‍ന്ന ഹമാസ് സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡറും ഈ മോചിതരായ ഭീകരരില്‍ ഉള്‍പ്പെടുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ബക്കിംഗ്ഹാമിലെ എമെറിറ്റസ് പ്രൊഫസറായ ആന്റണി ഗ്ലീസ്, 'ഇവര്‍ നമ്മുടെ കടുത്ത ശത്രുക്കളാണ്. ബ്രിട്ടീഷ് സൈനികരുടെ തലയറുക്കാനും വ്യാപകമായി കൊലപാതകങ്ങള്‍ നടത്താനും മടിക്കാത്തവരാണിവര്‍' എന്ന് മുന്നറിയിപ്പ് നല്‍കി. ഇവരെ ഒരുമിച്ച് കൂടാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മോചിപ്പിക്കപ്പെട്ട ചില ഭീകരരെ ഖത്തര്‍, തുര്‍ക്കി, ടുണീഷ്യ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പ്രാദേശിക സുരക്ഷാ സേന ഇവരെ നിരീക്ഷിക്കുമെങ്കിലും, ഇവര്‍ പ്രാദേശിക വിസകള്‍ക്കും താമസാനുമതിക്കും അപേക്ഷിച്ചേക്കാം. ഈ ഭീകരരുടെ സാന്നിധ്യം ആഗോളതലത്തില്‍ പുതിയതും ഗുരുതരവുമായ സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു എന്ന നിരീക്ഷണമാണ് ഇപ്പോള്‍ ശക്തമാകുന്നത്.