ലണ്ടന്‍: ലൈസന്‍സ് എടുക്കാതെ വീട് വാടകയ്ക്ക് നല്‍കി എന്ന ആരോപണത്തില്‍ ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സിനെ കൂടുതല്‍ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിരിക്കുകയാണ്. ഒരു എസ്റ്റേറ്റ് ഏജന്റ്, വീട് വാടകയ്ക്ക് നല്‍കുവാന്‍ ലൈസന്‍സ് ആവശ്യമാണെന്ന് റെയ്ച്ചല്‍ റീവ്‌സിനെ അറിയിച്ചിരുന്നു എന്നാണ് ഇപ്പോള്‍ മെയില്‍ ഓണ്‍ സണ്‍ഡെ വെളിപ്പെടുത്തുന്നത്. കഴിഞ്ഞയാഴ്ച ഡെയ്ലി മൈയില്‍ ചാന്‍സലര്‍ ലൈസന്‍സ് ഇല്ലാതെ തെക്കന്‍ ലണ്ടനിലെ തന്റെ വീട് പ്രതിമാസം 3,200 പൗണ്ടിന് വാടകയ്ക്ക് നല്‍കി എന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്നതു മുതല്‍ ചാന്‍സലര്‍ വിവാദങ്ങള്‍ക്ക് നടുവില്‍ അകപ്പെട്ടിരിക്കുകയാണ്.

നിയമങ്ങളെ കുറിച്ച് അറിവില്ലാത്തതിനാല്‍ സംഭവിച്ച പിഴവ് എന്ന് പറഞ്ഞ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രശ്നത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചെങ്കിലും, റീവ്‌സിന്റെ ഭര്‍ത്താവും ലെറ്റിംഗ് ഏജന്‍സിയായ ഹാര്‍വി ആന്‍ഡ് വീലറുമായി നടത്തിയ ഈമെയില്‍ ആശയവിനിമയം പുറത്തു വന്നതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നു.വാടകയ്ക്ക് നല്‍കുന്നതിനു മുന്‍പായി അവശ്യ കടലാസുപണികള്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചായിരുന്നു ആ മെയില്‍ സന്ദേശങ്ങള്‍.

അതിനിടയിലാണ് മറ്റൊരു സ്രോതസ്സിനെ ഉദ്ധരിച്ചുകൊണ്ട് സണ്‍ഡേ മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്, ഹാര്‍വി ആന്‍ഡ് വീലറിനെ സമീപിക്കുന്നതിനു മുന്‍പായി റീവ്‌സും ഭര്‍ത്താവും വീട് വാടകയ്ക്ക് നല്‍കുവാന്‍ മറ്റൊരു പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ നൈറ്റ് ഫ്രാങ്കിനെ സമീപിച്ചിരുന്നു എന്നാണ്. വീട് വാടകയ്ക്ക് നല്‍കുന്നതിന് ലൈസന്‍സ് ആവശ്യമാണെന്ന് അവര്‍ നിര്‍ദ്ദേശിച്ചിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമങ്ങളെ കുറിച്ച് അറിവില്ലായിരുന്നു എന്ന് നേരത്തേ റീവ്‌സ് പ്രധാനമന്ത്രിക്ക് നല്‍കിയ വിശദീകരണത്തിന് കടക വിരുദ്ധമാണ് ഈ വെളിപ്പെടുത്തല്‍. രണ്ട് വ്യത്യസ്ത ഏജന്‍സികള്‍ ലൈസന്‍സ് ആവശ്യമാണെന്ന് റീവ്‌സിനെയും ഭര്‍ത്താവിനെയും ബോധിപ്പിച്ചു എന്നാണ് തെളിയുന്നത്. വീട് വാടകയ്ക്ക് നല്‍കാന്‍ തയ്യാറായി എത്തുന്നവരോട് അതിലെ നിയമവശങ്ങളും, മറ്റ് നിബന്ധനകളുമൊക്കെ വിവരിച്ച് കൊടുക്കുന്നത് ഒരു സാധാരണ കാര്യമാണെന്നാണ് ശനിയാഴ്ച രാത്രി നൈറ്റ് ഫ്രാങ്ക് പറഞ്ഞത്.

തന്റെ നിഷ്‌കളങ്കത സ്ഥാപിക്കാനുള്ള ശ്രമത്തിനിടയില്‍ ഈമെയില്‍ സന്ദേശങ്ങള്‍ പരിശോധിക്കാതെ ഒഴിവാക്കിയതിന് നേരത്തേ പ്രധാനമന്ത്രി റീവ്‌സിനോട് തന്റെ അതൃപ്തി വെളിപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഇക്കാര്യത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ ആവശ്യമില്ല എന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. എന്നാല്‍, ഇപ്പോള്‍ പുതിയ വെളിപ്പെടുത്തല്‍ കൂടി വന്ന സാഹചര്യത്തില്‍ പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നിലപാട് കടുപ്പിക്കുകയാണ്.

റേച്ചല്‍ റീവ്‌സിന്റെ വിശ്വാസ്യതയെ കുറിച്ച് ഓരോ ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നു എന്നായിരുന്നു ഷാഡോ ട്രഷറി മിനിസ്റ്റര്‍ ഗാരേത് ഡേവിസ് പ്രതികരിച്ചത്. വീട് വാടകയ്ക്ക് നല്‍കാന്‍ ലൈസന്‍സ് ആവശ്യമാണെന്ന് അറിയില്ലായിരുന്നു എന്ന റീവ്‌സിന്റെ പ്രസ്താവന തികഞ്ഞ കള്ളമാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍ തെളിയിക്കുന്നതെന്നും ഡേവീസ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഒരു അന്വേഷണം പ്രഖ്യാപിക്കണമെന്നും ഡേവിസ് ആവശ്യപ്പെട്ടു.

നേരത്തേ, വീട് വാങ്ങിയപ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് നേടിയതുമായ ആരോപണം ഉയര്‍ന്നപ്പോള്‍ അന്നത്തെ ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്‌നര്‍ക്ക് രാജിവെച്ച് ഒഴിയേണ്ടതായി വന്നു. റീവ്‌സിനും അതേ ഗതി വരുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റു നോക്കുന്നത്. ഈ മാസം അവസാനത്തെ ആഴ്ച ഇടക്കാല ബജറ്റ് അവതരിപ്പിക്കാനിരിക്കെ ചാന്‍സലര്‍ രാജിവെച്ച് ഒഴിഞ്ഞാല്‍ അത് കടുത്ത പ്രതിസന്ധിയാകും സര്‍ക്കാരിനുണ്ടാക്കുക.