- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശ് വിമോചന നായകനായ അച്ഛന് ഷെയ്ഖ് മുജിബുര്‍ റഹ്‌മാനെ കൊന്നത് പട്ടാളം; മകളെ അന്യായ വിചാരണയിലൂടെ തൂക്കി കൊല്ലാന്‍ അട്ടിമറി ഭരണ കൂടം; നിഷ്പക്ഷമായ അന്താരാഷ്ട്ര വേദിയില്‍ വിചാരണ നേരിടാന്‍ തയാറാണെന്ന് ഹസീന; ഇന്ത്യയും ഈ നിലപാടിനൊപ്പം; ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരും
ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും മുന്‍ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍ കമാലിനെയും ഇന്ത്യ കൈമാറില്ല. വിധിക്ക് പിന്നിലും ഇന്ത്യാ വിരുദ്ധ ശക്തികളുണ്ടെന്നാണ് നിഗമനം. ഇരുവരേയും ഉടന്‍ കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടുണ്ട്. രേഖാമൂലവും കത്ത് നല്‍കും. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ കരാര്‍ പ്രകാരം രണ്ട് കുറ്റവാളികളെയും കൈമാറണം എന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം നിലപാട് എടുത്തിട്ടുണ്ട്. എന്നാല്‍ ഹസീനയ്‌ക്കെതിരെയുള്ളത് രാഷ്ട്രീയ പ്രേരിത ശിക്ഷയാണെന്നാണ് ഇന്ത്യന്‍ നിലപാട്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്ക് അഭയം നല്‍കുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയും നീതിയോടുള്ള അവഗണനയുമായി കണക്കാക്കുമെന്നും ഇന്നോ നാളെയോ രേഖാമൂലം ഇന്ത്യയോട് ആവശ്യം ഉന്നയിക്കും എന്നും ബംഗ്ലദേശ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. അതേസമയം, മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലാദേശ് പ്രഖ്യാപിച്ച വിധി ഇന്ത്യ ശ്രദ്ധിച്ചു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. രേഖാമൂലം കത്ത് കിട്ടുമ്പോള്‍ ഔദ്യോഗികമായി പ്രതികരിക്കും. അതിനിടെ ബംഹ്ലാദേശില്‍ കലാപ സാഹചര്യമുണ്ട്. പ്രതിഷേധക്കാര്‍ തെരവ് കീഴടക്കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്ത്യ അതിര്‍ത്തിയിലും നിരീക്ഷണം ശക്തമാക്കും.
ബംഗ്ലാദേശിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിബദ്ധമാണെന്നും ബംഗ്ലാദേശിന്റെ സ്ഥിരത, സമാധാനം, ജനാധിപത്യം എന്നിവയ്ക്ക് എല്ലാ കക്ഷികളുമായും ആശയവിനിമയം തുടരുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. 2013 ജനുവരി 28നാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളി കൈമാറ്റ ഉടമ്പടി ഒപ്പുവച്ചത്. അതിനിടെ തനിക്ക് വധശിക്ഷ വിധിച്ച അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിന്റെ വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്ന് ഷെയ്ഖ് ഹസീന പ്രതികരിച്ചു. ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചത്. കുറ്റാരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുന്നുവെന്നും വിചാരണ മുന്‍കൂട്ടി നിശ്ചയിച്ച നാടകമായിരുന്നുവെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു. കോടതിയില്‍ സ്വയം പ്രതിരോധിക്കാന്‍ ന്യായമായ അവസരം ലഭിച്ചില്ല. ഇഷ്ടമുള്ള അഭിഭാഷകരെ വച്ച് വാദിക്കാന്‍ പോലും സാധിച്ചില്ല. ലോകത്തിലെ ഒരു യഥാര്‍ഥ നിയമജ്ഞനും ബംഗ്ലാദേശ് ഐസിടിയെ അംഗീകരിക്കില്ലെന്നും ഹസീന വ്യക്തമാക്കി. മുഹമ്മദ് യൂനുസ് ഭരണഘടനാ വിരുദ്ധമായും ഭീകരവാദ ശക്തികളുടെ പിന്തുണയോടെയുമാണ് അധികാരം പിടിച്ചെടുത്തത്. യൂനിസിന്റെ ഭരണത്തിന്‍ കീഴില്‍ വിദ്യാര്‍ഥികള്‍, വസ്ത്രനിര്‍മാണ തൊഴിലാളികള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ എന്നിവരുടെ പ്രതിഷേധങ്ങളെ ക്രൂരമായ രീതിയില്‍ അടിച്ചമര്‍ത്തി. സമാധാനപരമായി പ്രകടനം നടത്തിയവരെ വെടിവച്ച് കൊന്നു. മാധ്യമപ്രവര്‍ത്തകര്‍ പീഡനവും ഉപദ്രവവും നേരിട്ടുവെന്നും അവര്‍ ആരോപിച്ചു.
അതേസമയം, നിഷ്പക്ഷമായ ഒരു അന്താരാഷ്ട്ര വേദിയില്‍ വിചാരണ നേരിടാന്‍ തയാറാണെന്ന് ഹസീന വ്യക്തമാക്കി. തെളിവുകള്‍ ന്യായമായി വിലയിരുത്താനും പരിശോധിക്കാനും കഴിയുന്ന ഒരു ശരിയായ ട്രിബ്യൂണലില്‍ ആരോപകരെ നേരിടാന്‍ തനിക്ക് ഭയമില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വാദം ഇന്ത്യയും ഉയര്‍ത്തും. പട്ടാളഭരണത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിച്ച ഉരുക്കുവനിതയെന്ന് ഒരുകാലത്ത് ബംഗ്ലാദേശുകാര്‍ ഹസീനയെ വാഴ്ത്തിയിരുന്നു. പക്ഷേ, 15 വര്‍ഷം നീണ്ടുനിന്ന ഭരണം ഉരുക്കുമുഷ്ടിയാലുള്ളതായി മാറിയപ്പോള്‍ ഹസീന വീണു. വിദ്യാര്‍ഥികളുയര്‍ത്തിയ പ്രക്ഷോഭക്കൊടുങ്കാറ്റ് നേരിടാനാകാതെ രാജ്യം വിട്ടോടേണ്ടിവന്നു. കഴിഞ്ഞ ജനുവരിയിലാണ് ഹസീന അഞ്ചാംതവണയും പ്രധാനമന്ത്രിയായത്. 1947ല്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ തുംഗിപാരയിലായിരുന്നു ജനനം. ധാക്ക സര്‍വകലാശാലയില്‍നിന്ന് ബംഗാളി സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. പിന്നീട് വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ സജീവമായി. ഹസീനയ്ക്ക് 27 വയസ്സുള്ളപ്പോഴാണ് ബംഗ്ലാദേശ് വിമോചനനായകനായ പിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്‌മാനെ പട്ടാളം കൊന്നത്. അമ്മയും മൂന്നുസഹോദരങ്ങളും കൊല്ലപ്പെട്ടു. 1975-ലായിരുന്നു ആ പട്ടാള അട്ടിമറി. ഹസീനയ്ക്കും സഹോദരിക്കും ഇന്ത്യ അഭയം നല്‍കി. ആറുവര്‍ഷത്തിനുശേഷം തന്റെ പിതാവിന്റെ പാര്‍ട്ടിയായ അവാമിലീഗിന്റെ നേതൃത്വത്തിലേക്ക് എത്തി. ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുമായി (ബിഎന്‍പി) ചേര്‍ന്ന് പട്ടാളഭരണകൂടത്തെ താഴെയിറക്കാന്‍ പോരാടി. 1990-ല്‍ ഇരുവരും ലക്ഷ്യംനേടി. എന്നാല്‍, പിന്നീട് കടുത്ത രാഷ്ട്രീയശത്രുക്കളായി മാറി. ആണവശാസ്ത്രജ്ഞനായിരുന്ന എംഎ വസീദ് മിയാഹായിരുന്നു ഹസീനയുടെ ഭര്‍ത്താവ്. അദ്ദേഹം 2009-ല്‍ അന്തരിച്ചു.
1996-ല്‍നടന്ന തിരഞ്ഞെടുപ്പില്‍ അവാമി ലീഗ് 146 സീറ്റുനേടി. ഹസീന പ്രധാനമന്ത്രിയായി. 2001 വരെ പദവിയില്‍ തുടര്‍ന്നു. 2001-ലെ തിരഞ്ഞെടുപ്പില്‍ അവാമി ലീഗ് 62 സീറ്റിലേക്ക് ഒതുങ്ങി. 234 സീറ്റുനേടിയ ബിഎന്‍പി സഖ്യം അധികാരത്തിലെത്തി. സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍സംവരണത്തിനെതിരേ 2024 ജൂലായില്‍ ആരംഭിച്ച പ്രതിഷേധപ്രളയത്തിലാണ് ഹസീന സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. പ്രക്ഷോഭത്തില്‍ മരണസംഖ്യ കുതിച്ചുയര്‍ന്നതോടെ സുപ്രീംകോടതി പ്രശ്‌നത്തില്‍ ഇടപെട്ടു. 56 ശതമാനം സംവരണം വെറും ഏഴുശതമാനമാക്കി കുറച്ചിരുന്നു. സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതിനുശേഷം ഹസീനയ്ക്ക് ഇന്ത്യ രാഷ്ട്രീയാഭയം നല്‍കിയതിനെച്ചൊല്ലി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ക്ക് ആക്കംകൂട്ടിക്കൊണ്ടാണ് കോടതിവിധി വന്നിരിക്കുന്നത്.




