ജനീവ: യുക്രൈന്‍ പ്രസിഡന്റ് വോലോഡിമിര്‍ സെലെന്‍സ്‌കി ഡൊണാള്‍ഡ് ട്രംപിന് സഹായങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി. യുക്രൈനും അമേരിക്കയും തമ്മില്‍ നടന്ന ഉന്നതതല സമാധാന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഈ നീക്കം. ചര്‍ച്ചകളില്‍ 'ഗണ്യമായ പുരോഗതി'യുണ്ടായതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. ഇതിനിടെ, യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെതായ ഒരു ബദല്‍ സമാധാന നിര്‍ദ്ദേശവും അവതരിപ്പിച്ചു. ഇതോടെ യുക്രെയിന്‍-റഷ്യ യുദ്ധം തീരാനുള്ള സാധ്യതയും തെളിയുകയാണ്.

നാല് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. രംഗത്തു വന്നിരുന്നു. പദ്ധതിയുടെ പുതിയ പതിപ്പ് ജാഗ്രതയോടെ സ്വാഗതം ചെയ്യുന്നു. ഇത് 'ഒരു അന്തിമ സമാധാന പരിഹാരത്തിന് അടിസ്ഥാനമാക്കും' എന്ന് പുടിന്‍ പ്രതികരിച്ചു. എന്നാല്‍ പദ്ധതിക്ക് മേല്‍ ഇതുവരെ യുക്രെയിന്‍ പക്ഷത്തിന്റെ സമ്മതം നേടാന്‍ കഴിഞ്ഞിട്ടില്ല. 'റഷ്യയുടെ അധിനിവേശത്തെ പരാജയപ്പെടുത്താനുള്ള നാല് വര്‍ഷത്തെ പോരാട്ടത്തില്‍ തന്റെ രാജ്യം ഒരു നിര്‍ണായക ഘട്ടത്തിലാണ്. നേതാക്കള്‍ യുഎസ് സമാധാന നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുമ്പോള്‍ ഉക്രേനിയക്കാര്‍ക്ക് അവരുടെ പരമാധികാര അവകാശങ്ങള്‍ക്കായി നിലകൊള്ളാനോ അമേരിക്കന്‍ പിന്തുണ നഷ്ടപ്പെടാനോ ഉള്ള സാധ്യതയാണുള്ളതെന്ന്' ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി ഒരു പ്രസംഗത്തിനിടെ വ്യാഴാഴ്ച ആവര്‍ത്തിച്ചിരുന്നു. ഇത് അനിശ്ചിതത്വമായി. ഇതിനിടെയാണ് സെലന്‍സ്‌കി അമേരിക്കയ്ക്ക് നന്ദി പറയുന്നത്.

സെലെന്‍സ്‌കി എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത് ഇങ്ങനെ: 'അമേരിക്കയ്ക്കും ഓരോ അമേരിക്കന്‍ ഹൃദയത്തിനും, വ്യക്തിപരമായി പ്രസിഡന്റ് ട്രംപിനും നല്‍കിയ സഹായങ്ങള്‍ക്ക് യുക്രൈന്‍ നന്ദിയുള്ളവരാണ്.' യൂറോപ്പിലെയും ജി20 രാജ്യങ്ങളിലെയും സഹായം നല്‍കുന്നവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ട്രംപ് മുന്നോട്ടുവെച്ച 28 ഇന സമാധാന നിര്‍ദ്ദേശങ്ങളില്‍ യുക്രൈന്‍ 'ഒരു നന്ദിയും പ്രകടിപ്പിക്കുന്നില്ല' എന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സെലെന്‍സ്‌കിയുടെ നന്ദി പ്രകടനം. കഴിഞ്ഞ ഞായറാഴ്ച ജനീവയില്‍ നടന്ന യുക്രൈന്‍-യുഎസ് പ്രതിനിധി സംഘങ്ങളുടെ കൂടിക്കാഴ്ച ഈ സമാധാന പ്രക്രിയയിലെ ഏറ്റവും ഫലപ്രദവും അര്‍ത്ഥവത്തുമായ യോഗമായിരുന്നെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. 'വലിയ പുരോഗതി' കൈവരിച്ചതായും എന്നാല്‍ ഇനിയും കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ നേതാക്കള്‍ നന്ദി പ്രകടിപ്പിക്കുന്നില്ലെന്ന് ട്രംപ് മുമ്പ് പറഞ്ഞിരുന്നെങ്കിലും, ഈ ചര്‍ച്ചകളില്‍ ട്രംപ് 'വളരെ സന്തോഷവാനായിരുന്നു' എന്നും സ്റ്റേറ്റ് സെക്രട്ടറി സൂചിപ്പിച്ചു.

അതേസമയം, 'റഷ്യയുടെ യുദ്ധം അവസാനിപ്പിക്കുകയും അത് വീണ്ടും ആളിക്കത്താതിരിക്കാന്‍ തടയുകയുമാണ് പ്രധാന ലക്ഷ്യം. മാന്യമായ സമാധാനമാണ് ആവശ്യം,' സെലെന്‍സ്‌കി പറഞ്ഞു. ഇത് കേവലം പ്രദേശങ്ങളെക്കുറിച്ചുള്ള പോരാട്ടമല്ലെന്നും, റഷ്യയുടെ 'യുദ്ധം ചെയ്യാനുള്ള അവകാശത്തെയും കീഴ്‌പ്പെടുത്താനുള്ള കഴിവുകളെയും' കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനത്തിനായുള്ള ഓരോ നീക്കത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും, യുദ്ധം യഥാര്‍ത്ഥത്തില്‍ അവസാനിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സെലെന്‍സ്‌കി ആവര്‍ത്തിച്ചു. യുക്രൈനിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ സജീവമായി തുടരുകയാണ്. പുടിന്റെ ദീര്‍ഘകാല ആവശ്യങ്ങളില്‍ പലതും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച 28 പോയിന്റ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു. അതേസമയം യുക്രെയ്‌നിന് പരിമിതമായ സുരക്ഷാ ഗ്യാരണ്ടികള്‍ വാഗ്ദാനം ചെയ്യുന്നു എന്നാണ് വിമര്‍ശനം. യുക്രെയ്ന്‍ പ്രദേശങ്ങള്‍ റഷ്യയ്ക്ക് കൈമാറുന്നത് ഉപാധികളിലുണ്ട്. ഇത് യുക്രൈന്റെ സൈന്യത്തിന്റെ വലുപ്പം കുറയ്ക്കുകയും നാറ്റോ അംഗത്വത്തിലേക്കുള്ള പ്രവേശനം തടയുകയും ചെയ്യുമെന്ന ആശങ്ക വെല്ലുവിളിയായി തുടരുന്നു.

എന്നാല്‍ വാഷിംഗ്ടണുമായി ക്രിയാത്മക ചര്‍ച്ചകള്‍ നടത്തുമെന്ന് സെലെന്‍സ്‌കി പ്രതികരിച്ചു. സമാധാന നിര്‍ദ്ദേശത്തെക്കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായും ആര്‍മി സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോളുമായും വെള്ളിയാഴ്ച ഒരു മണിക്കൂറോളം സംസാരിച്ചതായും പറഞ്ഞു. ജര്‍മ്മനി, ഫ്രാന്‍സ്, യു കെ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി സെലെന്‍സ്‌കി നേരത്തെ ഫോണില്‍ സംസാരിച്ചിരുന്നു. അവര്‍ അദ്ദേഹത്തിന് തുടര്‍ പിന്തുണ ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ടുകള്‍. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ എന്നിവര്‍ യുക്രെയ്ന്‍ നിലപാടുകളെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.

യുഎസ് പദ്ധതികള്‍ ശരിയല്ലെന്ന് ഒരു ഉന്നത യൂറോപ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത് വിവാദമായിരുന്നു. യുഎസ് നിര്‍ദ്ദേശം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവും പ്രതികരിച്ചിരുന്നു.