ഇസ്ലാമബാദ്: ബംഗ്ലദേശില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യക്കെതിരെ പ്രകോപനപരമായ പരാമര്‍ശവുമായി പാക്കിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ്. ബംഗ്ലാദേശിന്റെ പരമാധികാരത്തില്‍ ഇന്ത്യ കൈകടത്തിയാല്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് പാക്കിസ്ഥാനിലെ മുതര്‍ന്ന രാഷ്ട്രീയ നേതാവായ കമ്രാന്‍ സഈദ് ഉസ്മാനി ഭീഷണി മുഴക്കിയത്. ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്നാണ് വിഡിയോ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. 'ബംഗ്ലദേശിനെ ദുഷ്ട ലാക്കോടെ നോക്കാനും അവരുടെ പരമാധികാരത്തെ ആക്രമിക്കാനും ഇന്ത്യ ഒരുമ്പെടുമ്പോള്‍, പാക് മിസൈലുകള്‍ അധികം ദൂരെയല്ലാതെയുണ്ടെന്ന ഓര്‍മയുണ്ടാകണം' എന്നായിരുന്നു സഈദ് ഉസ്മാനിയുടെ ഭീഷണി. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരിഫീന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് നേതാവാണ് സഈദ് ഉസ്മാനി.

ഇന്ത്യയുടെ തന്ത്രങ്ങള്‍ക്കെതിരെ മുസ്‌ലിം യുവാക്കള്‍ കൂടുതല്‍ ജാഗരൂകരായിരിക്കണമെന്നും പലതരത്തിലുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്നും ഉസ്മാനി ആരോപിച്ചു. 'ബംഗ്ലദേശിനുള്ള വെള്ളം നിര്‍ത്തലാക്കിയോ, രാജ്യദ്രോഹത്തിനോ, അധികാരത്തിലുള്ളവരെ പുറത്താക്കാനായി ജനങ്ങളെ ഇളക്കിവിട്ടോ അതുമല്ലെങ്കില്‍ മുസ്‌ലിംകളുമായി തമ്മിലടിപ്പിച്ചോ ഇന്ത്യ എത്തു'മെന്നും ഉസ്മാനി വിഡിയോ സന്ദേശത്തില്‍ പറയുന്നു. ബംഗ്ലദേശില്‍ ഇന്ത്യയുടെ 'അഖണ്ഡഭാരത ആശയം' സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ സമ്മതിക്കില്ലെന്നും ഏതുവിധേനെയും അതിനെ പാക് പട്ടാളവും ജനങ്ങളും എതിര്‍ക്കുമെന്നും ഉസ്മാനി അവകാശപ്പെട്ടു.

പാക്കിസ്ഥാനും ബംഗ്ലദേശുമായുള്ള സഹകരണം കൂടുതല്‍ ഊഷ്മളമാക്കണമെന്ന് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ആവര്‍ത്തിച്ചു. വ്യാപാര വാണിജ്യ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കണമെന്നാണ് യൂനുസിന്റെ ആവശ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക വിനിമയവും ജനങ്ങള്‍ തമ്മിലുള്ള സാഹോദര്യവും കൂട്ടണമെന്നും അധികാരമേറ്റത് മുതല്‍ യൂനുസ് ആവശ്യപ്പെടുന്നുമുണ്ട്.

ബംഗ്ലദേശില്‍ ഇന്ത്യ അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ബംഗ്ലദേശില്‍ പുതുതായി രൂപംകൊണ്ട നാഷനല്‍ സിറ്റിസണ്‍ പാര്‍ട്ടി നേതാവ് ഹസ്‌നത് അബ്ദുല്ല പറഞ്ഞു. അതിര്‍ത്തികടന്നും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ബംഗ്ലദേശിനെ തകര്‍ക്കാന്‍ നോക്കിയവര്‍ക്ക് അഭയം നല്‍കി സംരക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ഹസ്‌നത് അബ്ദുല്ല കുറ്റപ്പെടുത്തി. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറ്റം പ്രോല്‍സാഹിപ്പിക്കുമെന്നും വിഘടനവാദികള്‍ക്ക് ബംഗ്ലദേശും അഭയം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം വഷളാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും, ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ധനകാര്യ ഉപദേഷ്ടാവ് സാലിഹുദ്ദീന്‍ അഹമ്മദ് അനുരഞ്ജനത്തിന്റെ സൂചനകള്‍ നല്‍കിയത്.

ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ബംഗ്ലാദേശ് ചീഫ് അഡൈ്വസര്‍ മുഹമ്മദ് യൂനസ് വ്യക്തിപരമായി ഇടപെടുന്നുണ്ടെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചില കോണുകളില്‍ നിന്ന് ഉയരുന്ന ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അവയ്ക്ക് ഇടക്കാല സര്‍ക്കാരുമായി ബന്ധമില്ലെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ശ്രമിക്കുന്ന മൂന്നാം കക്ഷികളുടെ പ്രലോഭനങ്ങളില്‍ ഭരണകൂടം വീഴില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യാപാരത്തെയോ സാമ്പത്തിക സഹകരണത്തെയോ ബാധിക്കില്ലെന്നും അവശ്യസാധനങ്ങളുടെ ഇറക്കുമതിക്ക് തടസ്സമുണ്ടാകില്ലെന്നും സാലിഹുദ്ദീന്‍ അഹമ്മദ് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് 50,000 മെട്രിക് ടണ്‍ അരി ഇറക്കുമതി ചെയ്യാനും തീരുമാനിച്ചു. ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതോടൊപ്പം പാക്കിസ്ഥാനില്‍ നിന്നും 50,000 മെട്രിക് ടണ്‍ അരി വാങ്ങാന്‍ യൂനസ് ഭരണകൂടം പദ്ധതിയിടുന്നുണ്ട്.