ന്യൂയോർക്ക്/ഡൽഹി: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ, ഇന്ത്യൻ ആക്ടിവിസ്റ്റ് ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി. ഡൽഹിയിലെ തിഹാർ ജയിലിൽ യുഎപിഎ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന ഉമർ ഖാലിദിന് മംദാനി അയച്ച കത്ത് പുറത്തുവന്നതോടെ വിഷയം അന്താരാഷ്ട്ര തലത്തിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. ന്യൂയോർക്കിന്റെ അമരത്തെത്തുന്ന ആദ്യ മുസ്ലിം വംശജനും ഇന്ത്യൻ വംശജനുമാണ് മംദാനി.

ഉമർ ഖാലിദിന്റെ മാതാപിതാക്കളെ നേരിൽ കണ്ട ശേഷമാണ് മംദാനി കത്തെഴുതിയത്. "കയ്പുള്ള അനുഭവങ്ങൾ ഒരാളെ പൂർണ്ണമായും കീഴടക്കാൻ അനുവദിക്കരുത്" എന്ന ഉമർ ഖാലിദിന്റെ വാക്കുകൾ താൻ എപ്പോഴും ഓർക്കാറുണ്ടെന്ന് മംദാനി കത്തിൽ കുറിച്ചു. ഉമറിന്റെ കുടുംബത്തെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തങ്ങളെല്ലാവരും അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.

നേരത്തെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായിരുന്ന കാലത്തും ഉമർ ഖാലിദിന്റെ തടവ് നീളുന്നതിനെതിരെ മംദാനി പരസ്യമായി സംസാരിച്ചിരുന്നു. 2023ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി നടന്ന ഒരു ചടങ്ങിൽ, വിചാരണ പോലുമില്ലാതെ ആയിരം ദിവസത്തിലധികമായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്റെ രചനകൾ അദ്ദേഹം വായിച്ചിരുന്നു. വെറുപ്പിനും ആൾക്കൂട്ട കൊലപാതകങ്ങൾക്കുമെതിരെ സംസാരിച്ച ഒരു യുവാവിനെ വിചാരണയില്ലാതെ തടങ്കലിലിടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന നിലപാടാണ് മംദാനി അന്ന് സ്വീകരിച്ചത്.

ഇതേ വിഷയത്തിൽ എട്ട് അമേരിക്കൻ ജനപ്രതിനിധികൾ വാഷിംഗ്ടണിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയച്ചതിന് പിന്നാലെയാണ് ന്യൂയോർക്ക് മേയറുടെ ഈ ഇടപെടൽ. 2020 സെപ്റ്റംബറിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഡൽഹി കോടതി പലതവണ ജാമ്യം നിഷേധിച്ചിരുന്നു. കുടുംബത്തിലെ വിവാഹ ആവശ്യങ്ങൾക്കായി ഡിസംബർ പകുതിയോടെ ചെറിയ കാലയളവിൽ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും, സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

അന്താരാഷ്ട്ര തലത്തിൽ ഉമർ ഖാലിദിന്റെ തടങ്കലിനെച്ചൊല്ലി ചർച്ചകൾ ശക്തമാകുന്നതിനിടെ, അമേരിക്കയിലെ ഒരു പ്രബലനായ രാഷ്ട്രീയ നേതാവിന്റെ ഈ ഇടപെടൽ വിഷയത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു.

അതേസമയം, ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി അധികാരമേറ്റ് 34 വയസ്സുകാരനായ സൊഹ്റാൻ മംദാനി. മാൻഹട്ടനിലെ ആദ്യത്തെ സബ്‌വേ സ്റ്റേഷനുകളിലൊന്നായ പ്രശസ്തമായ ഓള്‍ഡ് സിറ്റി ഹാള്‍ സ്റ്റേഷനിലായിരുന്നു സത്യപ്രതിജ്ഞ. ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് മംദാനി മേയറായി അധികാരമേറ്റത്. ഇതോടെ യുഎസിലെ ഏറ്റവും വലിയ നഗരത്തിലെ ആദ്യത്തെ മുസ്‌ലിം മേയറായി ഇന്ത്യൻ വംശജനായ മംദാനി മാറി. തന്‍റെ ജീവിതത്തിലെ വലിയ ബഹുമതിയാണിതെന്ന് മംദാനി പറഞ്ഞു. ന്യൂയോർക്കിന്റെ ആദ്യ സൗത്ത് ഏഷ്യൻ മേയർ എന്ന റെക്കോർഡും മംദാനിക്കാണ്.

ന്യൂയോര്‍ക്ക് കുടിയേറ്റക്കാരാൽ നിർമിതമാണെന്നും ഇനി ഒരു കുടിയേറ്റക്കാരൻ തന്നെ ന്യൂയോര്‍ക്കിനെ നയിക്കുമെന്നും പറഞ്ഞാണ് മുപ്പത്തിനാലുകാരനായ, മുൻ റാപ്പ് ഗായകന്‍ കൂടിയായ മംദാനി അമരത്തേക്ക് എത്തുന്നത്. തനിക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ നീക്കങ്ങളെല്ലാം തകര്‍ത്ത് സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അതിന് പരിഹാരം ഉറപ്പ് നല്‍കിയാണ് സൊഹ്റന്‍ മംദാനി ജയിച്ചു കയറിയത്. അതിനാല്‍ തന്നെ ന്യൂയോര്‍ക്ക് മാത്രമല്ല ലോകമാകെ മംദാനയിയുടെ ഭരണം ഉറ്റുനോക്കുന്നു.