ന്യൂയോര്‍ക്ക്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അമേരിക്കന്‍ സൈന്യം നാടകീയമായി പിടികൂടിയതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ നീക്കങ്ങള്‍ ലോകത്തിന് നല്‍കുന്ന സന്ദേശമെന്ത് എന്നാണ് ആഗോള രാഷ്ട്രീയ തലത്തിലും സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയാകുന്നത്. മറ്റൊരു രാജ്യത്തേക്ക് കടന്നുകയറി പ്രസിഡന്റിനെയും ഭാര്യയും പിടികൂടുക, ഭരണം ഏറ്റെടുക്കുക, എണ്ണ ഉള്‍പ്പെടെ നിര്‍ണായക സമ്പത്തുകള്‍ കൈയടക്കുക, യുഎസിന് ഇങ്ങനെ ചെയ്യാമെങ്കില്‍ ഓരോ രാജ്യത്തിനും അവരവരുടെ എതിരാളികള്‍ക്കുമേല്‍ ഈ രീതി നടപ്പാക്കാമല്ലോ എന്നാണ് ചര്‍ച്ച ചെയ്യുന്നത്. സമാന ആവശ്യം ഇവിടെ ഇന്ത്യയിലും ഉയര്‍ന്നുകഴിഞ്ഞു.

മഡുറോ യുഎസിന്റെ കണ്ണില്‍ കുറ്റവാളി ആണെങ്കിലും അല്ലെങ്കിലും യുഎസിന് വെനസ്വേലയില്‍ കടന്നുചെന്ന് അദ്ദേഹത്തെ പിടികൂടാനാകുമോ എന്നാണ് ചോദ്യം ഉയരുന്നത്. അതേ സമയം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനെ ട്രംപ് ഉടന്‍ പിടികൂടണമെന്ന ആവശ്യവുമായി യുക്രേനിയന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി രംഗത്തെത്തി. സ്വേച്ഛാധിപതികളോടും ഏകാധിപതികളോടും യുഎസിന് ഇങ്ങനെ നടപടി എടുക്കാമെങ്കില്‍, ഇനിയും എന്താണ് ചെയ്യേണ്ടതെന്ന് യുഎസിന് അറിയാമെന്ന് സെലെന്‍സ്‌കി പറഞ്ഞു.

യൂറോപ്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കവേയാണ് സെലെന്‍സ്‌കി അമേരിക്കയുടെ ഈ നീക്കത്തെ പിന്തുണച്ചത്. 'ഇതിനോട് ഞാന്‍ എങ്ങനെ പ്രതികരിക്കണം? എന്തു പറയാന്‍ കഴിയും? സ്വേച്ഛാധിപതികളെ ഇത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കില്‍, അടുത്തത് എന്തുചെയ്യണമെന്ന് അമേരിക്കയ്ക്ക് അറിയാം' എന്ന് അദ്ദേഹം ഒരു പുഞ്ചിരിയോടെ പറഞ്ഞു. റഷ്യയെയോ വ്‌ലാഡിമിര്‍ പുതിനെയോ അദ്ദേഹം നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും റഷ്യ യുക്രൈനില്‍ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ ആരെയാണ് അദ്ദേഹം ലക്ഷ്യം വെച്ചതെന്ന് വ്യക്തമാണ്.

മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നല്‍കി അമേരിക്കന്‍ ജനതയെ നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന 'നാര്‍ക്കോ-ടെററിസം' കുറ്റമാണ് മഡുറോയ്ക്കും ഭാര്യയ്ക്കും മേല്‍ അമേരിക്ക ചുമത്തിയിരിക്കുന്നത്. ടണ്‍ കണക്കിന് കൊക്കെയ്‌നും ഫെന്റനൈലും അമേരിക്കയിലേക്ക് കടത്താന്‍ മഡുറോ ഗൂഢാലോചന നടത്തിയതായി അമേരിക്ക ആരോപിക്കുന്നു. നിലവില്‍ കസ്റ്റഡിയിലുള്ള മഡുറോയെ തിങ്കളാഴ്ച മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്.

പുട്ടിന്‍ സെലെന്‍സ്‌കിയെ പിടികൂടുമോ?

മോസ്‌കോയില്‍ പുട്ടിന്റെ വീടിനെ ഉന്നമിട്ട് യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയത് കഴിഞ്ഞദിവസമാണ്. പുട്ടിനെതിരായ വധശ്രമം ആരോപിച്ച് സെലെന്‍സ്‌കിയെ പിടികൂടാന്‍ റഷ്യയ്ക്ക് ഇതൊരു കാരണമായി കാണാമെന്ന വാദങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നുകഴിഞ്ഞു. പുട്ടിനു വീടിനുനേരെ നടന്ന ആക്രമണം സെലെന്‍സ്‌കി നേരിട്ട് പ്ലാന്‍ ചെയ്തതാണെന്ന ആരോപണങ്ങളുമുണ്ട്. അതേസമയം, ഇക്കാര്യത്തില്‍ റഷ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാല്‍, മഡുറോയെ പിടികൂടിയ യുഎസിന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ചിട്ടുമുണ്ട്. മഡുറോയെയും ഭാര്യയെയും യുഎസ് ഉടന്‍ വിട്ടയയ്ക്കണമെന്ന ആവശ്യവും റഷ്യ ഉന്നയിച്ചു. യുക്രെയ്ന്‍ യുഎസിന്റെ നിലപാടിനൊപ്പം നിന്ന് വെനസ്വേലയെ എതിര്‍ക്കുന്ന രാജ്യമാണ്. റഷ്യയാകട്ടെ വെനസ്വേലയ്ക്കും മഡുറോയ്ക്കും സുഹൃത്തുമാണ്. മഡുറോയെ പിടികൂടിയ നടപടിയെ ആയുധ അക്രമം എന്നാണ് റഷ്യ വിശേഷിപ്പിച്ചത്.

ട്രംപിന് ആകാമെങ്കില്‍ മോദിക്കുമാകാം

ട്രംപിന് വെനസ്വേലയില്‍ കടന്നുചെന്ന് മഡുറോയെ പിടിക്കാമെങ്കില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനിലേക്കും കടന്നുചെല്ലാമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടു. മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത മസൂദ് അസര്‍ ഉള്‍പ്പെടെയുള്ള ഭീകരര്‍ പാക്കിസ്ഥാനില്‍ കഴിയുകയാണ്. പാക്ക് മണ്ണിലേക്ക് കടന്നുകയറി അവരെ പിടികൂടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒവൈസി ആവശ്യപ്പെട്ടു. സൗദി അറേബ്യ യെമനില്‍ നടത്തിയ ആക്രമണവും ഒവൈസി ചൂണ്ടിക്കാട്ടി.

അതേസമയം അമേരിക്കയുടെ അധിനിവേശത്തിനെതിരെ ശക്തമായി പ്രതികരിച്ച് ചൈന രംഗത്ത് വന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തിയതെന്നും ഒരു പരമാധികാര രാഷ്ട്രത്തിനെതിരായ നഗ്‌നമായ ബലപ്രയോഗമാണിതെന്നും ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം വിമര്‍ശിച്ചു. അമേരിക്കയുടെ നടപടിയെ ശക്തമായി അപലപിച്ച ചൈന, അമേരിക്കയുടെ അധിനിവേശം ലാറ്റിന്‍ അമേരിക്കയിലെയും കരീബിയന്‍ പ്രദേശങ്ങളിലെയും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും വിമര്‍ശിച്ചു.

അതേസമയം റഷ്യയും ചൈനയും അടക്കമുള്ള രാഷ്ട്രങ്ങള്‍ ഉയര്‍ത്തുന്ന ശക്തമായ എതിര്‍പ്പിനെ തെല്ലും വകവെക്കാതെയാണ് ട്രംപ് മുന്നോട്ട് പോകുന്നത്. ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ്, ആവശ്യമെങ്കില്‍ വീണ്ടും ആക്രമണം നടത്തുമെന്നും പറഞ്ഞു. ഒപ്പം അമേരിക്കന്‍ എണ്ണ കമ്പനികള്‍ വെനസ്വേലയില്‍ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു. ബന്ദിയാക്കിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് നാവികസേനാ കപ്പലില്‍ കണ്ണുകളും കൈകാലുകളും കെട്ടിയിട്ട നിലയിലുള്ള മഡൂറോയുടെ ചിത്രമാണ് പുറത്തുവട്ടത്. നിക്കോളാസ് മഡൂറോയുടെ ഭാര്യ സിലിയ ഫ്‌ലോറസിനെയും അമേരിക്ക ബന്ദിയാക്കിയിട്ടുണ്ട്.