വാഷിങ്ടന്‍: വെനസ്വേലയില്‍ ആക്രമണം നടത്തി യുഎസ് പിടിച്ചുകൊണ്ടുവന്ന പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയേയും ന്യൂയോര്‍ക്ക് കോടതിയില്‍ ഹാജരാക്കി. ന്യൂയോര്‍ക്കിലെ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ഇരുവരെയും ഇന്ത്യന്‍ സമയം തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് ന്യൂയോര്‍ക്കിലെ കോടതിയില്‍ എത്തിച്ചത്. തടവുകേന്ദ്രത്തില്‍ നിന്നും ഹെലികോപ്റ്ററിലും കവചിത വാഹനത്തിലുമായാണ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ലോറസിനെയും കോടതിയില്‍ ഹാജരാക്കിയത്. ആയുധധാരികളായ ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയും ഇവര്‍ക്കുണ്ടായിരുന്നു. 2020 ല്‍ റജിസ്റ്റര്‍ ചെയ്ത ലഹരികടത്തു കേസിലാണു മഡുറോ വിചാരണ നേരിടുന്നത്.

മഡുറോയ്ക്ക് വേണ്ടി തിങ്കളാഴ്ച കോടതിയില്‍ ഹാജരാകുന്നത് യുഎസിലെ പ്രഗത്ഭനായ അഭിഭാഷകന്‍ ബാരി പൊള്ളാക്കായിരിക്കും. ജൂലിയന്‍ അസാഞ്ചിനെ പ്രതിനിധീകരിക്കുകയും, കഴിഞ്ഞ വേനല്‍ക്കാലത്ത് അസാഞ്ചിന്റെ കുറ്റസമ്മത കരാറിനും മോചനത്തിനും ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. മഡുറോയുടെ ഭാര്യ സിലിയ ഫ്‌ലോറസിനെ പ്രതിനിധീകരിക്കുമെന്ന് ഹൂസ്റ്റണില്‍ നിന്നുള്ള വൈറ്റ് കോളര്‍ അഭിഭാഷകനും മുന്‍ നീതിന്യായ വകുപ്പ് പ്രോസിക്യൂട്ടറുമായ മാര്‍ക്ക് ഡോണലി കോടതിയെ അറിയിച്ചു. തനിക്ക് സ്പാനിഷ് ഭാഷ സംസാരിക്കാന്‍ അറിയാമെന്ന് ഡോണലിയുടെ ഫേം ബയോഗ്രഫിയില്‍ പറയുന്നു.

ടണ്‍ കണക്കിനു കൊക്കെയ്ന്‍ യുഎസിലേക്ക് കടത്താന്‍ സഹായിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരെയുള്ള 25 പേജുള്ള കുറ്റപത്രത്തിലുള്ളത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് വെനസ്വേലയില്‍ യുഎസ് സൈന്യം ഓപ്പറേഷന്‍ നടത്തി മഡുറോയെയും ഭാര്യയേയും പിടികൂടിയത്. ശേഷം യുഎസ് നേവിയുടെ കപ്പലിലാണ് അമേരിക്കയില്‍ എത്തിച്ചത്. ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ തടവുപാളയത്തിലാണ് ഇവരെ പാര്‍പ്പിച്ചത്.

അതേസമയം കോടതിയില്‍ മഡുറോയ്ക്കും അഭിഭാഷകന്‍ ഉണ്ടാവും. വെനസ്വേലയുടെ ഭരണത്തലവന്‍ എന്ന പരിഗണനയില്‍ മഡുറോയെ വിചാരണയില്‍നിന്ന് ഒഴിവാക്കണമെന്നു അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടേക്കുമെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മഡുറോയുടെ 2024ലെ തിരഞ്ഞെടുപ്പ് വിജയത്തെ യുഎസ് അംഗീകരിക്കാത്തിടത്തോളം ഈ വാദം നിലനില്‍ക്കാന്‍ സാധ്യതയില്ല.

മഡുറോയെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്നാണ് നിലവിലെ വെനസ്വേലയുടെ ഇടക്കാല ഭരണകൂടം ആവശ്യപ്പെടുന്നത്. മഡുറോയാണ് ഏക പ്രസിഡന്റ് എന്ന് വെനസ്വേലയില്‍ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെല്‍സി റോഡ്രിഗോ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സാമ്രാജ്യത്വ എണ്ണക്കവര്‍ച്ചയുടെ ഭാഗമായാണ് മഡുറോയെ തട്ടിക്കൊണ്ടുപോയതെന്നും വെനസ്വേല സര്‍ക്കാര്‍ പറഞ്ഞു.

അതേ സമയം ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി മൈക്ക് വാള്‍ട്ട്സ് യുഎന്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് 'വെനസ്വേലയുമായോ അവിടുത്തെ ജനങ്ങളുമായോ യുദ്ധത്തിലല്ല' എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മഡുറോയെ പിടികൂടിയ നടപടിയെ ന്യായീകരിച്ച വാള്‍ട്ട്സ്, ഇത് 'നിയമപരമായ കുറ്റപത്രങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഒരു നിയമപാലന നടപടി (law enforcement operation)' മാത്രമാണെന്ന് അവകാശപ്പെട്ടു. 'അമേരിക്ക ഒരു ലഹരിക്കടത്തുകാരനെ (narcotrafficker) അറസ്റ്റ് ചെയ്തിരിക്കുകയാണ്, അദ്ദേഹം ഇനി അമേരിക്കയില്‍ വിചാരണ നേരിടും,' വാള്‍ട്ട്സ് പറഞ്ഞു. 'അമേരിക്കന്‍ ജനതയ്ക്കെതിരായ ആക്രമണങ്ങള്‍ക്കും, പശ്ചിമ അര്‍ദ്ധഗോളത്തെ അസ്ഥിരപ്പെടുത്തിയതിനും, വെനസ്വേലയിലെ ജനങ്ങളെ നിയമവിരുദ്ധമായി അടിച്ചമര്‍ത്തിയതിനും' മഡുറോ ഉത്തരവാദിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.