- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാനിലെ തെരുവുകളിൽ സുനാമി പോലെ അലയടിക്കുന്ന ജനങ്ങൾ; പ്രദേശങ്ങൾ മുഴുവൻ കൈയ്യടക്കി കൊണ്ട് മുദ്രാവാക്യം വിളി; എല്ലാം നേരിടാൻ തയ്യാറായി നിൽക്കുന്ന പട്ടാളവും; അന്ന് ഇസ്ലാമിക വിപ്ലവകാലത്ത് രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ട ആ കിരീടാവകാശിയുടെ വരവിൽ നാടെങ്ങും പ്രതിഷേധം; പലയിടത്തും ഇന്റർനെറ്റ് സഹിതം വിച്ഛേദിച്ചു; ആശങ്കയിൽ ഭരണകൂടം; ഇനി ഖമനേയിയുടെ ഭാവിയെന്ത്?
ടെഹ്‌റാൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ആളിക്കത്തിയതിനെത്തുടർന്ന് രാജ്യത്തെ ഇന്റർനെറ്റ്, അന്താരാഷ്ട്ര ടെലിഫോൺ ബന്ധങ്ങൾ ഭരണകൂടം വിച്ഛേദിച്ചു. നാടുകടത്തപ്പെട്ട മുൻ കിരീടാവകാശി റെസ പഹ്‌ലവിയുടെ ആഹ്വാനം സ്വീകരിച്ച് ആയിരക്കണക്കിന് പേരാണ് തെരുവിലിറങ്ങിയത്.
വ്യാഴാഴ്ച രാത്രി മുതലാണ് ഇറാനിൽ ഇന്റർനെറ്റും അന്താരാഷ്ട്ര ടെലിഫോൺ ബന്ധങ്ങളും വിച്ഛേദിച്ചത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രി 8 മണിക്കാണ് പഹ്‌ലവി പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തത്. ഇതിന് പിന്നാലെ നിരവധി പേർ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരെ മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങി. ഇറാനിലെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പ്രകടനങ്ങൾ ശക്തമായി തുടരുകയാണ്.
പ്രതിഷേധക്കാർക്ക് പിന്തുണയുമായി കൂടുതൽ മാർക്കറ്റുകളും ബസാറുകളും അടച്ചുപൂട്ടിയിട്ടുണ്ട്. യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, അക്രമങ്ങളിൽ ഇതുവരെ 42 പേർ കൊല്ലപ്പെടുകയും 2,270-ൽ അധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങൾ വർധിക്കുന്നത് സർക്കാരിനും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.
ഇന്റർനെറ്റ് സേവനദാതാക്കളായ ക്ലൗഡ്ഫ്ലെയറും അഭിഭാഷക ഗ്രൂപ്പായ നെറ്റ്ബ്ലോക്സും ഇന്റർനെറ്റ് തടസ്സം സ്ഥിരീകരിച്ചിട്ടുണ്ട്. ദുബായിൽ നിന്ന് ഇറാനിലേക്കുള്ള ലാൻഡ്‌ലൈനുകളിലേക്കും മൊബൈൽ ഫോണുകളിലേക്കും ബന്ധപ്പെടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. അതേസമയം, ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ഈ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടില്ല. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് തൊട്ടുമുമ്പ് ഇറാനിൽ നിന്ന് പലായനം ചെയ്ത മുൻ കിരീടാവകാശി റെസ പഹ്‌ലവിയാണ് നിലവിലെ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തത്. ഷായെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടേക്കാവുന്ന കുറ്റമായിരുന്നു ഒരു കാലത്ത് ഷായെ അനുകൂലിക്കൽ.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ ഭരണകൂടത്തിനെതിരെ തുടരുന്ന പ്രക്ഷോഭത്തിൽ 42 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ആളിപ്പടരുന്ന പ്രക്ഷോഭം അടിച്ചമർത്താനായി രാജ്യത്തുടനീളം ഇന്റർനെറ്റ് വിച്ഛേദിച്ചു. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിലും ജീവിതച്ചെലവിലും പ്രതിഷേധിച്ച് ടെഹ്‌റാൻ ബസാറിൽ തുടങ്ങിയ സമരം ഇപ്പോൾ ഇസ്ഫഹാൻ, അബാദാൻ, കെർമാൻഷാ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം വ്യാപിച്ചിരിക്കുകയാണ്. ഏകാധിപതിക്ക് മരണം, പഹ്‌ലവി തിരിച്ചുവരും തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭക്കാർ ഉയർത്തുന്നത്. പ്രതിഷേധക്കാർ പഴയ രാജഭരണകാലത്തെ ഇറാൻ പതാകയുമായാണ് പ്രതിഷേധിക്കുന്നത്.
ഖമനേയിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇസ്ലാമിക വിപ്ലവകാലത്ത് നാടുകടത്തപ്പെട്ട ഇറാനിയൻ രാജകുമാരൻ റെസ പഹ്ലവി ആഹ്വനം ചെയ്തതിന് പിന്നാലെയാണ് രാജ്യവ്യാപകമായി ഇന്റർനെറ്റ് വിച്ഛേദിച്ചത്. ഇറാനിലെ യുവതലമുറയെ 'വിജയത്തിന്റെ തലമുറ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സമരം തുടരാൻ ആഹ്വാനം ചെയ്തു. നിലവിലെ ഒത്തൊരുമയും സഹകരണവും തുടർന്നാൽ വിജയം സുനിശ്ചിതമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരുവുകൾ കൈയ്യടക്കാനും ബാരിക്കേഡുകൾ എടുത്തുമാറ്റാനും പ്രക്ഷോഭകാരികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.




