ബ്രസ്സൽസ്: ഗ്രീൻലൻഡിനെ ചൊല്ലി അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള തർക്കം വ്യാപാരയുദ്ധത്തിലേക്ക് നീങ്ങുന്നു. ഏകദേശം 93 ബില്യൺ യൂറോയുടെ (ഏകദേശം 8.5 ലക്ഷം കോടി രൂപ) അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്താൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുകയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് നികുതി വർദ്ധിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കുള്ള ശക്തമായ തിരിച്ചടിയായാണ് ഈ നീക്കം.

ഡെന്മാർക്കിന്റെ അധീനതയിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വിട്ടുനൽകണമെന്ന ട്രംപിന്റെ ആവശ്യമാണ് നിലവിലെ പ്രകോപനത്തിന് കാരണം. നാറ്റോ സഖ്യകക്ഷികൾ ഗ്രീൻലൻഡിൽ സൈനികാഭ്യാസത്തിന് തുടക്കം കുറിച്ചതിന് പിന്നാലെയാണ് ട്രംപ് ഈ ഭീഷണി മുഴക്കിയത്. ഫെബ്രുവരി ഒന്നുമുതൽ എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം നികുതി ചുമത്തുമെന്നും, ജൂണിനുള്ളിൽ ഗ്രീൻലൻഡ് വിഷയത്തിൽ ധാരണയിലെത്തിയില്ലെങ്കിൽ ഇത് 25 ശതമാനമായി ഉയർത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ, നെതർലൻഡ്സ്, ഫിൻലൻഡ് എന്നിവയാണ് ഈ നടപടിയുടെ പരിധിയിൽ വരുന്ന രാജ്യങ്ങൾ.

അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് യൂറോപ്യൻ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചപ്പോൾ, ബ്ലാക്ക്മെയിലിംഗിന് തങ്ങളില്ലെന്ന് സ്വീഡനും, ട്രംപിന്റെ നടപടി തെറ്റാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും തുറന്നടിച്ചു.

തിരിച്ചടിയുടെ ഭാഗമായി അമേരിക്കൻ നിർമ്മിത ബോയിങ് വിമാനങ്ങൾ, ആഡംബര കാറുകൾ, മദ്യം (ബോർബൺ) എന്നിവയ്ക്ക് കനത്ത നികുതി ഏർപ്പെടുത്താനാണ് യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നത്. കൂടാതെ, യുഎസുമായി നേരത്തെ ഒപ്പിട്ട വ്യാപാര കരാറുകൾ മരവിപ്പിക്കാനും യൂറോപ്യൻ യൂണിയൻ നീക്കമുണ്ട്. വിഷയത്തിൽ ചർച്ച നടത്താൻ യൂറോപ്യൻ യൂണിയൻ ഈ ആഴ്ച അടിയന്തര യോഗം ചേരും.

അതേസമയം, ട്രംപിന്റെ നീക്കത്തെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ന്യായീകരിച്ചു. അമേരിക്ക തന്റെ കരുത്ത് കാട്ടുകയാണെന്നും യൂറോപ്യൻ രാജ്യങ്ങൾ ഒടുവിൽ വഴങ്ങേണ്ടി വരുമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഗ്രീൻലൻഡ് വിഷയത്തിൽ ഇരുപക്ഷവും കടുത്ത നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ ആഗോള വ്യാപാര മേഖലയിൽ വലിയ പ്രതിസന്ധിക്കാണ് ഇത് വഴിയൊരുക്കുന്നത്.