ടെഹ്റാന്‍: ഇറാന്റെ ഹൃദയഭാഗമായ ടെഹ്റാനില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയെത്തന്നെയാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടതെന്നാണ് സൂചനകള്‍. ഖമേനിയുടെ ഔദ്യോഗിക വസതിക്കും ഓഫീസിനും തൊട്ടടുത്തുള്ള അതീവ സുരക്ഷാ മേഖലകളിലാണ് മിസൈലുകള്‍ പതിച്ചത്. ഇസ്രായേലിന്റെ നീക്കം മുന്‍കൂട്ടി കണ്ട ഇറാന്‍ അധികൃതര്‍, ആക്രമണത്തിന് തൊട്ടുമുമ്പ് ഖമേനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയുടെയും ഇസ്രായേലിന്റെയും കൃത്യമായ ആസൂത്രണത്തിലാണ് ഈ തിരിച്ചടി നടന്നത്. ഇറാന്റെ സൈനിക-പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കുക എന്നതിലുപരി, ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരെത്തന്നെ ലക്ഷ്യം വെക്കുന്ന രീതിയിലാണ് ആക്രമണത്തിന്റെ സ്വഭാവം. ടെഹ്റാനിലെ സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ഇസ്രായേലിന്റെ ഈ സാഹസത്തിന് ഇറാന്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഉറപ്പായതോടെ ഗള്‍ഫ് മേഖലയിലാകെ യുദ്ധഭീതി പടര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങളെയായിരിക്കും ഇറാന്‍ ലക്ഷ്യമിടുക എന്ന സൂചനയെത്തുടര്‍ന്ന് മേഖലയിലെ എല്ലാ യുഎസ് കേന്ദ്രങ്ങളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കന്‍ സാന്നിധ്യം ഇറാന്റെ മിസൈല്‍ പരിധിയിലാണ്.

ഇറാന്റെ തിരിച്ചടി ഉണ്ടായാല്‍ അത് ഇസ്രായേലിനും അമേിക്കയ്ക്കും എതിരെ മാത്രമാകില്ല, മറിച്ച് ലോക സാമ്പത്തിക രംഗത്തെത്തന്നെ ബാധിക്കുന്ന വന്‍ യുദ്ധമായി മാറാന്‍ സാധ്യതയുണ്ട്. പശ്ചിമേഷ്യയിലെ എണ്ണ വിതരണ ശൃംഖല തടസ്സപ്പെടുമെന്ന ഭീതിയും നിലനില്‍ക്കുന്നു. ടെഹ്റാനിലെ വിമാനത്താവളങ്ങള്‍ അടച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ഇസ്രായേല്‍ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചത് വെറുതെ വിടില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് പ്രഖ്യാപിച്ചു കഴിഞ്ഞു. വരും മണിക്കൂറുകളില്‍ ഇറാന്‍ നടത്തുന്ന നീക്കങ്ങള്‍ ലോകം ഉറ്റുനോക്കുകയാണ്

ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ അതീവ ജാഗ്രത പ്രഖ്യാപിക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കട്സ് ആണ് ഇറാനിലേക്ക് ആക്രമണം നടത്തിയ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇറാന്റെ ഹൃദയഭാഗമായ ടെഹ്റാനില്‍ ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ തോതില്‍ പുക ഉയരുന്നതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ സ്ഫോടനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും നാശനഷ്ടങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള കൃത്യമായ ആക്രമണമാണ് നടത്തിയതെന്നാണ് ഇസ്രായേല്‍ വാദിക്കുന്നത്.

ആക്രമണത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി ഭയന്ന് ഇസ്രായേലിലെ പ്രധാന നഗരങ്ങളിലെല്ലാം സൈറണുകള്‍ മുഴങ്ങി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ സൈന്യം കര്‍ശന നിര്‍ദ്ദേശം നല്‍കി. ഏത് നിമിഷവും ഇറാന്റെ ഭാഗത്ത് നിന്ന് മിസൈല്‍ വര്‍ഷം ഉണ്ടാകാമെന്ന നിഗമനത്തിലാണ് ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയുടെ സഹായത്തോടെയാണ് ഇസ്രായേല്‍ ഈ നീക്കം നടത്തിയതെന്നാണ് സൂചന. ഇതോടെ ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടി നല്‍കാനുള്ള സാധ്യതയും വര്‍ദ്ധിച്ചു. പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷം പൂര്‍ണ്ണമായും തകര്‍ക്കുന്ന ഈ നീക്കം ഒരു ലോകമഹായുദ്ധത്തിലേക്ക് നയിക്കുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.