- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഖമേനി കൊല്ലപ്പെട്ട വാര്‍ത്ത കേട്ട് സന്തോഷം അടക്കാനാവാതെ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു; പിന്നെ അയല്‍ക്കാര്‍ക്കൊപ്പം നൃത്തം ചെയ്തു,' ഒരു മാസം മുന്‍പ് നടന്ന പ്രതിഷേധത്തില്‍ ലാത്തിയടിയേറ്റ സാറയുടെ വാക്കുകളില്‍ നിറയുന്നത് ഭരണകൂടത്തോടുള്ള കടുത്ത അമര്‍ഷം; ഖമേനിയുടെ അന്ത്യം; ഒരു വശത്ത് ആര്‍പ്പുവിളിയും നൃത്തവും,മറുവശത്ത് തീരാക്കണ്ണീരും ആശങ്കയും

ടെഹ്റാന്‍: നാല് പതിറ്റാണ്ടുകാലം ഇറാനെ ഉരുക്കുമുഷ്ടി കൊണ്ട് ഭരിച്ച ആയത്തുല്ല അലി ഖമേനിയുടെ അന്ത്യം ലോകത്തെ ഞെട്ടിക്കുമ്പോള്‍, ഇറാനിലും പുറത്തും പ്രകടമാകുന്നത് സമ്മിശ്ര വികാരങ്ങള്‍. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ ഖമേനി കൊല്ലപ്പെട്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ചതോടെ ഒരു വിഭാഗം ജനങ്ങള്‍ തെരുവില്‍ ആഹ്ലാദപ്രകടനം നടത്തുമ്പോള്‍, ഭരണകൂട അനുകൂലികള്‍ കടുത്ത ദുഖത്തിലും ആശങ്കയിലുമാണ്. ദശാബ്ദങ്ങളായുള്ള പുരോഹിത ഭരണത്തിന് അന്ത്യമായെന്ന വിശ്വാസത്തില്‍ ഇറാനിലെ പല നഗരങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങി. ടെഹ്റാനിലും കരാജ് പട്ടണത്തിലും സ്ത്രീകള്‍ ഹിജാബ് വലിച്ചെറിഞ്ഞ് നൃത്തം ചെയ്യുന്നതും ആര്‍പ്പുവിളിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. 1979-ലെ വിപ്ലവത്തിന് മുന്‍പുണ്ടായിരുന്ന ഷാ ഭരണകൂടത്തെ അനുകൂലിച്ചും 'ഫാസിസത്തിന് മരണം' എന്ന് മുദ്രാവാക്യം വിളിച്ചും ആയിരങ്ങളാണ് ഒത്തുകൂടിയത്.
'ഖമേനി കൊല്ലപ്പെട്ട വാര്‍ത്ത കേട്ട് സന്തോഷം അടക്കാനാവാതെ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു, പിന്നെ അയല്‍ക്കാര്‍ക്കൊപ്പം നൃത്തം ചെയ്തു,' ഒരു മാസം മുന്‍പ് നടന്ന പ്രതിഷേധത്തില്‍ ലാത്തിയടിയേറ്റ സാറയുടെ വാക്കുകള്‍ ഭരണകൂടത്തോടുള്ള കടുത്ത അമര്‍ഷം വ്യക്തമാക്കുന്നു. സിറിയയിലും ന്യൂയോര്‍ക്കിലും ലണ്ടനിലും പ്രവാസികളായ ഇറാനികളും ജൂതന്മാരും ഒന്നിച്ച് മധുരപലഹാരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഖമേനിയുടെ മരണം ആഘോഷിച്ചു. 'സന്തോഷവാര്‍ത്ത കേള്‍ക്കുന്ന എന്റെ ആദ്യ പ്രഭാതമാണിത്,' എന്നാണ് ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക മാസിഹ് അലിനെജാദ് കുറിച്ചത്.
അതേസമയം, ഷിയാ ഭരണകൂടത്തെയും ഖമേനിയെയും പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കടുത്ത ആഘാതത്തിലാണ്. തങ്ങളുടെ ആത്മീയ നേതാവിന്റെ വിയോഗത്തില്‍ രാജ്യം ഔദ്യോഗികമായി 40 ദിവസത്തെ ദുഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചു. പാശ്ചാത്യ ശക്തികളുടെ കടന്നുകയറ്റത്തെ ചെറുക്കാന്‍ ഇനി ആരുണ്ടാകുമെന്ന ഭയമാണ് ഇവരെ വേട്ടയാടുന്നത്. ഇറാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ കൊലപാതകമെന്ന് ഭരണകൂട അനുകൂലികള്‍ വാദിക്കുന്നു. 'ചരിത്രത്തിലെ ഏറ്റവും ദുഷ്ടനായ വ്യക്തി മരിച്ചു' എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ഇസ്രായേലുമായി ചേര്‍ന്ന് അമേരിക്ക നടത്തിയ കൃത്യമായ പ്ലാനിംഗിന് മുന്നില്‍ ഖമേനിയുടെ സുരക്ഷാ കവചങ്ങള്‍ തകര്‍ന്നുവീണു.
റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ നീക്കത്തെ അപലപിക്കുമ്പോള്‍, 'രക്തദാഹിയായ സ്വേച്ഛാധിപതിയുടെ യുഗം അവസാനിച്ചു' എന്നാണ് ഷാ ഭരണകൂടത്തിന്റെ പിന്‍ഗാമി റിസ പഹ്ലവി പ്രതികരിച്ചത്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പണപ്പെരുപ്പത്തിനും ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റത്തിനുമെതിരെ മാസങ്ങളായി ഇറാനില്‍ ജനകീയ പ്രതിഷേധം നിലനിന്നിരുന്നു. ഈ കലുഷിതമായ അന്തരീക്ഷത്തിലാണ് ഖമേനിയുടെ അന്ത്യം സംഭവിക്കുന്നത്. ഇത് ഇറാനെ ഒരു ജനാധിപത്യ രാജ്യമാക്കി മാറ്റുമോ അതോ രാജ്യം കടുത്ത ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഇറാനിലെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് ഇറാനിലെ വിവിധ നഗരങ്ങളില്‍ ജനങ്ങള്‍ ആഘോഷം നടത്തുകയാണ്. ഖമേനിയുടെ മരണത്തില്‍ ആളുകള്‍ ആര്‍പ്പുവിളിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതായി ടെഹ്‌റാനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണിക്കുന്നു. വലിയൊരു ജനക്കൂട്ടം നൃത്തം ചെയ്യുകയും, സ്ത്രീകള്‍ മുഖാവരണങ്ങള്‍ വലിച്ചെറിയുകയും ചെയ്യുകയായിരുന്നു. ഷാ നീണാള്‍ വാഴട്ടെ എന്നും അവര്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. സ്ത്രീകള്‍ നൃത്തം ചെയ്യുന്ന വീഡിയോ പങ്കിട്ടുകൊണ്ട്, ഇസ്രായേലിന്റെ മുന്‍ വക്താവ് ഐലോണ്‍ എ ലെവി എഴുതിയത് 'ഇസ്രായേല്‍ സ്വേച്ഛാധിപതിയായ ഖമേനിയെ കൊന്നുവെന്ന് കേട്ടതിന് ശേഷം ഇറാനിയന്‍ സ്ത്രീകള്‍ മുടി മൂടാതെ തെരുവുകളില്‍ നൃത്തം ചെയ്യുന്നു എന്നാണ്. ലണ്ടനില്‍ ആളുകള്‍ ഈ വാര്‍ത്ത ആഘോഷിക്കുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കിട്ടു.
എത്ര മനോഹരമായ കാഴ്ച. ഇറാനികളും അവരുടെ പ്രവാസികളായ ജൂതന്മാരും ഉറ്റ സുഹൃത്തുക്കളായി മാറിയിരിക്കുന്നു, പുരാതന നാഗരികതകളുടെ അവകാശികള്‍ എന്ന നിലയില്‍ ഒരു പൊതു സ്വത്വത്താലും ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തോടുള്ള വെറുപ്പാലും അവര്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ട്രൂത്ത് സോഷ്യലില്‍ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ട്രംപ് പറഞ്ഞത് ചരിത്രത്തിലെ ഏറ്റവും ദുഷ്ടന്മാരില്‍ ഒരാളായ ഖമേനി മരിച്ചു എന്നാണ്. നമ്മുടെ ഇന്റലിജന്‍സ്, അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇസ്രായേലുമായി അടുത്ത് പ്രവര്‍ത്തിച്ചതിനാല്‍, ഖമേനിക്കോ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട മറ്റ് നേതാക്കള്‍ക്കോ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വലിയ ജനക്കൂട്ടം ആര്‍പ്പു വിളിച്ചു കൊണ്ട് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.


