- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ങളുടെ പ്രത്യാക്രമണം ശത്രുവിന്റെ സങ്കല്പങ്ങള്‍ക്കും അപ്പുറമായിരിക്കുമെന്നും ട്രംപ് 'സര്‍പ്രൈസുകള്‍ക്കായി' കാത്തിരിക്കണമെന്നും ഇറാന്‍; ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഭൂഗര്‍ഭ മിസൈല്‍ താവളങ്ങളില്‍ യുഎസ് സൈന്യം വര്‍ഷിച്ചത് 5,000 പൗണ്ട് ഭാരമുള്ള അതിശക്തമായ ബോംബുകള്‍; അലി ലാരീജാനിയുടെ വധം കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കും; പശ്ചിമേഷ്യയില്‍ തീ ഗോളങ്ങള്‍ നിറയും

ടെഹ്റാന്‍: ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരീജാനി (67) ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയില്‍ യുദ്ധം അതിരൂക്ഷമാകുന്നു. ലാരീജാനിയുടെ മരണത്തിന് പ്രതികാരമായി ബുധനാഴ്ച പുലര്‍ച്ചെ ഇസ്രായേലിന് നേരെ ഇറാന്‍ ക്ലസ്റ്റര്‍ മിസൈലുകള്‍ വര്‍ഷിച്ചു. ഇസ്രായേലിന്റെ പ്രതിരോധ കവചങ്ങളെ ഭേദിക്കാന്‍ ശേഷിയുള്ള ഖോറംഷഹര്‍-4, ഖദ്ര്‍ മിസൈലുകളാണ് ഐആര്‍ജിസി പ്രയോഗിച്ചത്. ടെല്‍ അവീവ് ലക്ഷ്യമിട്ടുണ്ടായ ഈ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ലാരീജാനിയുടെ മരണം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ നിര്യാണത്തിന് ശേഷം ഇറാന്റെ സുരക്ഷാ ചുമതലകള്‍ നിയന്ത്രിച്ചിരുന്ന ലാരീജാനി കൊല്ലപ്പെട്ടത് രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഇറാന്‍ വ്യക്തമാക്കി. ലാരീജാനിക്കൊപ്പം ബാസിജ് ഫോഴ്സ് കമാന്‍ഡര്‍ ഗുലാം റിസ സുലൈമാനിയും വധിക്കപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ലാരീജാനിയുടെ രക്തത്തിന് കടുത്ത ഭാഷയില്‍ പ്രതികാരം ചെയ്യുമെന്നും ഇസ്രായേല്‍ ഖേദിക്കേണ്ടി വരുമെന്നും ഇറാന്റെ സൈനിക മേധാവി മേജര്‍ ജനറല്‍ അമീര്‍ ഹാതമി മുന്നറിയിപ്പ് നല്‍കി.
അതേസമയം, സംഘര്‍ഷത്തില്‍ അമേരിക്കയും നേരിട്ട് ഇടപെട്ടിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഭൂഗര്‍ഭ മിസൈല്‍ താവളങ്ങളില്‍ യുഎസ് സൈന്യം 5,000 പൗണ്ട് ഭാരമുള്ള അതിശക്തമായ ബോംബുകള്‍ വര്‍ഷിച്ചു. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയായ ഇറാനിയന്‍ മിസൈല്‍ സൈറ്റുകളെയാണ് തങ്ങള്‍ തകര്‍ത്തതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെയും ഇറാന്‍ കടുത്ത ഭീഷണി മുഴക്കി. തങ്ങളുടെ പ്രത്യാക്രമണം ശത്രുവിന്റെ സങ്കല്പങ്ങള്‍ക്കും അപ്പുറമായിരിക്കുമെന്നും ട്രംപ് 'സര്‍പ്രൈസുകള്‍ക്കായി' കാത്തിരിക്കണമെന്നും ഇറാന്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലി അബ്ദുള്ളാഹി വ്യക്തമാക്കി.
ടെഹ്റാന്‍, ഷിറാസ്, തബ്രിസ് തുടങ്ങിയ നഗരങ്ങളിലെ മിസൈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടത്. ബുഷെഹര്‍ ആണവനിലയത്തിന് സമീപവും ഇസ്രായേല്‍ മിസൈലുകള്‍ പതിച്ചിരുന്നു. നിലവില്‍ ഇസ്രായേലിന് നേരെ ഇറാന്‍ തുടര്‍ച്ചയായി മിസൈലുകള്‍ തൊടുക്കുന്നതായാണ് വിവരം. ഇസ്രായേലിലെ പലയിടങ്ങളിലും സൈറണുകള്‍ മുഴങ്ങുന്നതായും ജനങ്ങള്‍ ബങ്കറുകളില്‍ അഭയം തേടിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകരാജ്യങ്ങള്‍ അതീവ ആശങ്കയോടെയാണ് ഈ യുദ്ധസാഹചര്യത്തെ വീക്ഷിക്കുന്നത്.
ഇസ്രായേല്‍ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തില്‍ ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരീജാനി കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുമ്പോള്‍ ഇറാന്‍ നല്‍കുന്നത് ശക്തമായി തിരിച്ചടിക്കുമെന്ന സന്ദേശം. ഇസ്ലാമിക വിപ്ലവത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ലാരീജാനി അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചുവെന്ന് ഇറാന്‍ വ്യക്തമാക്കി. സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിനെ ഉദ്ധരിച്ച് ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക മാധ്യമമായ മെഹ്റാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ലാരീജാനിക്കൊപ്പം പാരാമിലിറ്ററി വിഭാഗമായ ബാസിജ് ഫോഴ്സ് കമാന്‍ഡര്‍ ഗുലാം റിസ സുലൈമാനിയും (62) വധിക്കപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കട്സ് അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ ലാരീജാനിയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണം ആദ്യം ഇറാന്‍ തള്ളിക്കളഞ്ഞിരുന്നെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ മരണത്തിന് ശേഷം രാജ്യത്തിന്റെ സുരക്ഷാ ചുമതലകളില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്ന വ്യക്തിയായിരുന്നു ലാരീജാനി. അദ്ദേഹത്തിന്റെ വധത്തിന് ഇസ്രായേലിനോട് കടുത്ത ഭാഷയില്‍ പ്രതികാരം ചെയ്യുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) മുന്നറിയിപ്പ് നല്‍കി.
ടെഹ്റാന്‍, ഷിറാസ്, തബ്രിസ് തുടങ്ങിയ നഗരങ്ങളിലെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ഒരേസമയം വ്യോമാക്രമണം നടത്തിയത്. ഇറാന്റെ ബുഷെഹര്‍ ആണവനിലയത്തിന് സമീപവും മിസൈല്‍ പതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആണവനിലയത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ആര്‍ക്കും ജീവഹാനി ഉണ്ടായിട്ടില്ലെന്നും ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി. ഇറാന്റെ സൈനിക നേതൃത്വത്തിന് ഏറ്റവുമ വലിയ തിരിച്ചടിയാണ് ലാരീജാനിയുടെ മരണം. മേഖലയില്‍ യുദ്ധസാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍.


