- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമല ഹാരിസ് ജീവിതം മുഴുവന്‍ അമേരിക്കക്കാര്‍ക്ക് വേണ്ടി പോരാടി; തെരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ അമേരിക്കയുടെ മികച്ച പ്രസിഡന്റായിരിക്കും; കമല ഹാരിസിനെ പിന്തുണച്ച് ബറാക്ക് ഒബാമ; പെന്‍സില്‍വാനിയയില്‍ റാലിയില്‍ പങ്കെടുക്കും
കമല ഹാരിസ് ജീവിതം മുഴുവന്‍ അമേരിക്കക്കാര്‍ക്ക് വേണ്ടി പോരാടി
ന്യൂയോര്‍ക്ക്: യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമല ഹാരിസിനെ പിന്തുണച്ച് ബറാക്ക് ഒബാമ. ജീവിതം മുഴുവന്‍ അമേരിക്കക്കാര്‍ക്ക് വേണ്ടി പോരാടിയ വ്യക്തിയാണെന്ന് ഒബാമ പറഞ്ഞു. എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഒബാമ കമലയെ വാനോളം പുകഴ്ത്തിയത്.
വെള്ളിയാഴ്ചയാണ് ഒബാമയുടെ 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നടിയും ആക്ടിവിസ്റ്റുമായ ഇവാ ലോംഗോറിയയുമായി നടത്തിയ സംഭാഷണത്തിലാണ് ഒബാമയുടെ പ്രശംസ. 'ശബ്ദവും അവസരവും ആവശ്യമുള്ള ആളുകള്‍ക്ക് വേണ്ടി പോരാടാനാണ് കമലാഹാരിസ് തന്റെ ജീവിതം ചെലവഴിച്ചത്.
അവര്‍ നിങ്ങള്‍ക്കായി പോരാടും. അങ്ങനെയുള്ള വ്യക്തിക്ക് വോട്ട് ചെയ്യാന്‍ ഞാന്‍ അഭിമാനിക്കുന്നു. അതാണ് ഞങ്ങള്‍ക്ക് വേണ്ടത്'. വീഡിയോക്കൊപ്പം ഒബാമ കുറിച്ചു. കഴിഞ്ഞ ബുധനാഴ്ച മാത്രം ഡെമോക്രാറ്റുകള്‍ക്കു വേണ്ടി ഒബാമ 20ലധികം വീഡിയോകള്‍ റെക്കോര്‍ഡുചെയ്തതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, ഒബാമയും ഭാര്യ മിഷേലും കമല ഹാരിസിന് പിന്തുണ അറിയിച്ചിരുന്നു.
തെരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ അമേരിക്കയുടെ മികച്ച പ്രസിഡന്റായിരിക്കുമെന്ന് ഇരുവരും പ്രസ്താവിച്ചിരുന്നു. പെന്‍സില്‍വാനിയയില്‍ ഒബാമ ഹാരിസിന് വേണ്ടി തെരഞ്ഞെടുപ്പ് റാലി നടത്തുന്നുണ്ട്. 2024 നവംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വിപുലമായ പ്രചാരണത്തിന്റെ ഭാഗമാണ് ഒബാമയുടെ വീഡിയോ.
അതേസമയം തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ട്രംപ് മുന്നേറ്റം നടത്തുന്ന കാഴ്ച്ചയാണ് കാണുന്നത്. സര്‍വേകളില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്. അതേസമയം വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ഫോക്‌സ് ന്യൂസ് നടത്തിയ അഭിമുഖം 70 ലക്ഷത്തിലധികം പ്രേക്ഷകര്‍ കണ്ടതായുള്ള നീല്‍സണ്‍ മീഡിയ റിസര്‍ച്ച് ഡേറ്റയും പുറത്തുവന്നു. ഫോക്‌സ് ന്യൂസ് അവതാരകന്‍ ബ്രെറ്റ് ബെയറുമായി ആയിരുന്നു ഹാരിസിന്റെ അഭിമുഖം.
കുടിയേറ്റമായിരുന്നു അഭിമുഖത്തിലെ പ്രധാന വിഷയം. അഭിമുഖം അവസാനിക്കുന്നതിനു 30 മിനിറ്റ് മുന്‍പ് തന്നെ ഹാരിസും അവതാരകനുമായ് തര്‍ക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഈ അഭിമുഖം പ്രസിഡന്റ് സ്ഥാനാര്‍ഥിയെ സഹായിക്കുമെന്നാണ് ഹാരിസ് അനുകൂലികള്‍ പറയുന്നത്. ഹാരിസ് ഇതിന് മുന്‍പ് 60 മിനിറ്റ് പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ 57 ലക്ഷം ആയിരുന്നു കാണികള്‍. 63 ലക്ഷം ആളുകളാണ് സെപ്റ്റംബറില്‍ സിഎന്‍എന്‍ നടത്തിയ അഭിമുഖം കണ്ടത്.
ഇതേ ദിവസം തന്നെ ഫോക്‌സ് ന്യൂസ് സംപ്രേഷണം ചെയ്ത മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള അഭിമുഖം 29 ലക്ഷം പ്രേക്ഷകരാണ് കണ്ടത്. ട്രംപിന്റെ അഭിമുഖം രാവിലെ 11 മണിക്കും ഹാരിസിന്റെ അഭിമുഖം വൈകിട്ട് 6 മണിക്കുമായിരുന്നു സംപ്രേഷണം ചെയ്തത്. പ്രചരണം മുറുകുമ്പോള്‍ ആരോപണങ്ങള്‍ പലവിധത്തിലും പോകുന്നുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പ്രചാരണത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ യുഎസ് പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നിയിച്ചിരുന്നു. 'വൃദ്ധനായ' പ്രസിഡന്റിന് യുഎസിനെ നയിക്കാന്‍ എങ്ങനെ കഴിയുമെന്നാണ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് ചോദിച്ചിരുന്നത്. ബൈഡനും ട്രംപും തമ്മിലുള്ള പ്രായം വ്യത്യാസം കേവലം മൂന്നു വയസ്സ് മാത്രമാണ്.
നാടകീയമായി ബൈഡന്‍ പിന്മാറിയതോടെ പ്രായത്തിന്റെ ആരോപണ ശരങ്ങള്‍ ട്രംപിലേക്ക് മാത്രമായി ചുരുങ്ങി.ഇപ്പോഴിതാ സ്വന്തം മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് എതിര്‍ സ്ഥാനാര്‍ഥി കമല ഹാരിസ് ട്രംപിനെതിരെ പുതിയ വെല്ലുവിളിയുമായി രംഗത്ത് വന്നതോടെ വീണ്ടും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ ആരോഗ്യം സംബന്ധിച്ച ചര്‍ച്ചകള്‍ ഉയരുകയാണ്. 'ഇന്നലെ, ഞാന്‍ എന്റെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പുറത്തുവിട്ടു. ട്രംപും അത് ചെയ്യണം.' എന്നാണ് അവര്‍ എക്‌സില്‍ കുറിച്ചത്.
'' ട്രംപിന്റെ റാലികള്‍ കണ്ട് അദ്ദേഹത്തിന്റെ മോശം ആരോഗ്യ അവസ്ഥ മനസ്സിലാക്കാന്‍ പൊതുജനങ്ങളെ ക്ഷണിക്കുന്നു. ട്രംപ് പ്രഖ്യാപിച്ച ആരോഗ്യ, നയ പദ്ധതികള്‍ക്ക് സുതാര്യതയില്ല.അദ്ദേഹം തന്റെ മെഡിക്കല്‍ രേഖകള്‍ പുറത്തുവിടാന്‍ വിസമ്മതിക്കുന്നു. ഞാനത് ചെയ്തു കഴിഞ്ഞു. ആധുനിക കാലഘട്ടത്തിലെ മറ്റെല്ലാ പ്രസിഡന്റ് സ്ഥാനാര്‍ഥികളും അത് ചെയ്തിട്ടുണ്ട്'' കമല വ്യക്തമാക്കി.