ഇസ്ലാമാബാദ്/കാബൂള്‍: അതിര്‍ത്തിയിലെ സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ പ്രമുഖ നഗരങ്ങളില്‍ പാക്കിസ്ഥാന്റെ ശക്തമായ വ്യോമാക്രമണം. തലസ്ഥാനമായ കാബൂള്‍, കന്ദഹാര്‍, പക്തിയ എന്നിവിടങ്ങളിലെ താലിബാന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് പാക് യുദ്ധവിമാനങ്ങള്‍ ബോംബവര്‍ഷം നടത്തിയത്. ഇതോടെ അഫ്ഗാന്‍ താലിബാന്‍ ഭരണകൂടത്തിനെതിരെ പാകിസ്താന്‍ 'തുറന്ന യുദ്ധം' നടത്തുകയാണെന്ന് പ്രഖ്യാപിച്ചു.

'ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നു. ഇനി നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഇടയില്‍ ഇത് നേരിട്ടുള്ള യുദ്ധമാണ്,' പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം പാക് അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ താലിബാന്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇപ്പോഴത്തെ പാക് നടപടി. താലിബാന്‍ നടത്തിയ കരസേനാ നീക്കത്തില്‍ തങ്ങളുടെ 55 സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ അവകാശപ്പെടുമ്പോള്‍, തങ്ങള്‍ തിരിച്ചടിച്ചതായും നിരവധി താലിബാന്‍ പോസ്റ്റുകള്‍ തകര്‍ത്തതായും പാകിസ്താനും വ്യക്തമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ കാബൂളില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും പിന്നാലെ വിമാനവിരുദ്ധ തോക്കുകള്‍ ഉപയോഗിച്ച് താലിബാന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തില്‍ 133 താലിബാന്‍കാര്‍ കൊല്ലപ്പെട്ടെന്നും പാകിസ്ഥാന്‍ അവകാശപ്പെടുന്നുണ്ട്. അതേസമയം, പാക് യുദ്ധവിമാനം വീഴ്ത്തിയെന്ന് താലിബാന്‍ പ്രതികരിച്ചു. നിരവധി സൈനിക പോസ്റ്റുകള്‍ തകര്‍ത്തെന്നും താലിബാന്‍ വക്താവ് പറഞ്ഞു. രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്നുവന്ന ചര്‍ച്ചകളും വെടിനിര്‍ത്തല്‍ കരാറുകളും ഇതോടെ അനിശ്ചിതത്വത്തിലായി. അതിര്‍ത്തിയിലെ ഭീകരവാദം അമര്‍ച്ച ചെയ്യാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് പാകിസ്താന്‍ ആവര്‍ത്തിക്കുമ്പോള്‍, സ്വന്തം മണ്ണിലെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് താലിബാന്‍ ആരോപിക്കുന്നു. ഡ്യൂറന്‍ഡ് ലൈന്‍ അതിര്‍ത്തിയില്‍ മാസങ്ങളായി തുടരുന്ന അസ്വസ്ഥതകളാണ് ഇപ്പോള്‍ പൂര്‍ണ്ണതോതിലുള്ള യുദ്ധസമാനമായ സാഹചര്യത്തിലേക്ക് വഴിമാറിയിരിക്കുന്നത്.

ഡ്യൂറന്‍ഡ് ലൈനിലെ പാക് പ്രകോപനങ്ങള്‍ക്ക് മറുപടിയായാണ് 'വലിയതരത്തിലുള്ള' ഈ ഓപ്പറേഷനെന്ന് സബീഹുള്ള മുജാഹിദ് സാമൂഹിക മാധ്യമമായ എക്സിലൂടെ അറിയിച്ചു. താലിബാന്‍ കരസേനാ മേധാവി ഖാരി ഫസിഹുദ്ദീന്‍ ഫിത്രത്ത് നേരിട്ടാണ് അതിര്‍ത്തിയിലെ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നത്. നംഗര്‍ഹാര്‍, കുനാര്‍ പ്രവിശ്യകളിലെ പാക് സൈനിക കേന്ദ്രങ്ങളാണ് താലിബാന്‍ ലക്ഷ്യമിട്ടത്.

രാത്രികാലങ്ങളില്‍ ശത്രുവിന്റെ നീക്കങ്ങള്‍ കണ്ടെത്താന്‍ അത്യാധുനിക ലേസര്‍ സംവിധാനങ്ങള്‍ അതിര്‍ത്തിയില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും, ശത്രു സൈന്യത്തെ അനായാസം തകര്‍ക്കാന്‍ ഇത് സഹായിക്കുമെന്നും താലിബാന്‍ അവകാശപ്പെടുന്നു. കുനാര്‍ പ്രവിശ്യയിലെ മനാവാര, നരി ജില്ലകളിലായി അഞ്ച് ഔട്ട്‌പോസ്റ്റുകള്‍ താലിബാന്‍ പിടിച്ചെടുത്തെന്നും ഇവിടെ 40 പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് താലിബാന്‍ വക്താവ് ഹമീദുള്ള ഫിത്രത്ത് നല്‍കുന്ന വിവരം. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ദുര്‍ ബാബ, ഗോഷ്‌തെ ജില്ലകളിലായി ഏഴ് ഔട്ട്‌പോസ്റ്റുകള്‍ താലിബാന്‍ നിയന്ത്രണത്തിലാക്കി. ഇവിടെനിന്ന് 13 സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നും അദ്ദേഹം അവകാശപ്പെടുന്നു. അതേസമയം സംഭവത്തില്‍ പാകിസ്താന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ കുറച്ചു മാസങ്ങളായി പാകിസ്താന്‍ അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ പാക് സൈന്യവും അഫ്ഗാന്‍ സേനയും തമ്മില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ടായിരുന്നു. ഇസ്‌റാഈല്‍ ഫലസ്തീന്‍ വിഷയം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളില്‍ പ്രതിസന്ധി തുടരുന്നതിനിടെ അയല്‍ രാജ്യങ്ങള്‍ക്കിടയിലുണ്ടാകുന്ന ഈ സൈനിക നീക്കം ദക്ഷിണേഷ്യയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ഗസ്സ മേഖലയിലെ സാഹചര്യം പോലെ അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണക്കാരും നിലവില്‍ വലിയ ഭീതിയിലാണ്. ഐ ഡി എഫ് ഉള്‍പ്പെടെയുള്ള സേനകള്‍ വിവിധയിടങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നതിനിടെ പാകിസ്താന്‍ അഫ്ഗാന്‍ അതിര്‍ത്തിയിലെ ഈ പുതിയ നീക്കം അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുകയാണ്.