ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നു പാക്കിസ്ഥാന്‍ നടുനിവര്‍ത്താന്‍ സാമ്പത്തിക പരിഷ്‌ക്കരണ മാര്‍ഗ്ഗങ്ങളാണ് തേടുന്നത്. നിരവധി പരിഷ്‌ക്കരണ നടപടികള്‍ പ്രഖ്യാപിക്കവേ തന്നെ കൂടുതല്‍ വായ്പ്പകളും തേടുകയാണ് ഇന്ത്യയുടെ അയല്‍രാജ്യം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബാധ്യതകള്‍ നിറവേറ്റാന്‍ പശ്ചിമേഷ്യയിലെ ബാങ്കുകളില്‍നിന്ന് വന്‍ തുക വായ്പ വാങ്ങാന്‍ പാകിസ്താന്‍ നടപടി തുടങ്ങി.

1.1 ലക്ഷം കോടി പാകിസ്താനി രൂപയുടെ (നാല് ബില്യണ്‍ യു.എസ് ഡോളര്‍) വായ്പയാണ് വാങ്ങുന്നത്. നിലവില്‍ ഏഴ് ബില്യണ്‍ ഡോളറിന്റെ (1.95 കോടി പാകിസ്താനി രൂപ) വായ്പക്ക് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്)യുടെ അനുമതിക്ക് കാത്തിരിക്കുന്നതിനിടെയാണ് പുതിയ നീക്കം.

വായ്പ സംബന്ധിച്ച് പാകിസ്താന്‍ ധനമന്ത്രി മുഹമ്മദ് ഔറംഗസേബും സംഘവും ദുബൈ ഇസ്‌ലാമിക് ബാങ്കിന്റെ ഗ്രൂപ് സി.ഇ.ഒ ഡോ. അദ്നാന്‍ ചില്‍വാനുമായി ഓണ്‍ലൈനില്‍ കൂടിക്കാഴ്ച നടത്തിയതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. തൊട്ടുമുമ്പ് മഷ്റഖ് ബാങ്ക് പ്രസിഡന്റും ഗ്രൂപ് സി.ഇ.ഒയുമായ അഹമ്മദ് അബ്ദുലാലുമായി ആശയവിനിമയം നടത്തിയിരുന്നു. മിഡില്‍ ഈസ്റ്റിലെ മറ്റു ബാങ്കുകളുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാന് ആശ്വാസമായി അടുത്തിടെ ലോകബാങ്ക് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പാക്കിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് 3 ശതമാനത്തില്‍ താഴെയായിരിക്കും വളര്‍ച്ച. ജൂണ്‍ 30 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥ 1.8% വളര്‍ച്ച കൈവരിക്കും, അടുത്ത വര്‍ഷം 2.3% ആയും 2026 ല്‍ 2.7% ആയും വളര്‍ച്ച ഉയരും. ഇതിന് തുടര്‍ച്ചയായ സാമ്പത്തിക പരിഷ്‌കരണവും അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക് എന്നിവയുടെ സഹായവും വേണ്ടിവരും.

രണ്ടാം പാദത്തില്‍ പാക്കിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമായ സാഹചര്യത്തിലാണ് കണക്കുകള്‍ പുറത്തു വരുന്നത്. രാജ്യത്തെ ജനങ്ങളെ കടുത്ത രീതിയില്‍ വലയ്ക്കുന്ന പണപ്പെരുപ്പ നിരക്ക് കുറയുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം ശരാശരി 26% ആയിരിക്കുമെന്നും അടുത്ത വര്‍ഷം 15% ആയും 2026-ല്‍ 11.5% ആയും കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മാര്‍ച്ചില്‍ പാക്കിസ്ഥാന്റെ പണപ്പെരുപ്പ നിരക്ക് 20.68% ആയി കുറഞ്ഞിട്ടുണ്ട്.

ജൂലൈയില്‍ തുടങ്ങുന്ന സാമ്പത്തിക വര്‍ഷത്തില്‍ 24 ബില്യണ്‍ ഡോളറിന്റെ ധനസഹായം ആണ് അന്താരാഷ്ട്ര നാണയനിധിയോട് പാക്ക് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഐഎംഎഫിന് പുറമേ ചൈനയും വലിയ തോതിലുള്ള കടം പാക്കിസ്ഥാന് അനുവദിക്കുന്നുണ്ട്. 2000 മുതല്‍ 2021 വരെ 67.2 ബില്യണ്‍ ഡോളറാണ് ചൈന പാക്കിസ്ഥാന് നല്‍കിയ കടം. കണക്കുകള്‍ പ്രകാരം, റഷ്യയ്ക്കും വെനസ്വേലയ്ക്കും ശേഷം, ചൈനീസ് വായ്പകള്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാന്‍.