ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ഉടന്‍ നടപ്പാക്കാനുള്ള സാധ്യത മങ്ങി. ക്വാലലംപുരില്‍ നടക്കുന്ന 47-ാമത് ആസിയാന്‍ ഉച്ചകോടിയില്‍ വച്ച് കരാര്‍ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഉച്ചകോടിയില്‍ പങ്കെടുക്കില്ല. പകരം വെര്‍ച്വലായിട്ടായിരിക്കും അദ്ദേഹം ഉച്ചകോടിയില്‍ സംബന്ധിക്കുക. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായി നടത്തിയ സംഭാഷണത്തില്‍ ഉച്ചകോടിയില്‍ വെര്‍ച്വലായി പങ്കെടുക്കുന്ന കാര്യം പ്രധാനമന്ത്രി തന്നെയാണ് എക്‌സ് (ട്വിറ്റര്‍) വഴി അറിയിച്ചത്. ഒക്ടോബര്‍ 26 മുതല്‍ 28 വരെയാണ് ക്വാലലംപുരില്‍ ഉച്ചകോടി നടക്കുന്നത്.

പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു: 'എന്റെ പ്രിയ സുഹൃത്തും മലേഷ്യന്‍ പ്രധാനമന്ത്രിയുമായ അന്‍വര്‍ ഇബ്രാഹിമുമായി ഊഷ്മളമായ സംഭാഷണം നടത്തി. മലേഷ്യയുടെ ആസിയാന്‍ അധ്യക്ഷസ്ഥാനത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചു. ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ വെര്‍ച്വലായി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു. ആസിയാന്‍-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാന്‍ ആഗ്രഹിക്കുന്നു.'

ഈ തീരുമാനം ഇത്തവണത്തെ ട്രംപ്-മോദി കൂടിക്കാഴ്ചയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ആസിയാന്‍ ഉച്ചകോടിയില്‍ വെച്ച് പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തുമെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര കരാര്‍ ഒപ്പുവെക്കുമെന്നും ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. 'വരും ആഴ്ചകളില്‍ മോദിയെ കാണാന്‍ ആഗ്രഹിക്കുന്നു' എന്ന് ട്രംപ് നടത്തിയ പ്രസ്താവന ഈ അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിലെ ഉലച്ചിലുകള്‍ക്ക് ശേഷം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ ഈ പ്രസ്താവന. ആസിയാന്‍ ഉച്ചകോടിയില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാത്ത സാഹചര്യത്തില്‍, ഈ വര്‍ഷം അതിനുള്ള സാധ്യത മങ്ങി.

നേരത്തെ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. ഇത് ന്യൂയോര്‍ക്കില്‍ വെച്ച് ട്രംപ്-മോദി കൂടിക്കാഴ്ച നടക്കാതെ പോകാന്‍ ഇടയാക്കിയിരുന്നു.

പ്രധാനമന്ത്രിയുടെ ഈ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. 'മിസ്റ്റര്‍ മോദി ഉച്ചകോടിക്ക് ക്വാലലംപുരിലേക്ക് പോകുമോ ഇല്ലയോ? പ്രധാനമന്ത്രി പോകില്ലെന്ന് ഇപ്പോള്‍ ഉറപ്പാണ്. ലോക നേതാക്കളുമായി കെട്ടിപ്പിടിക്കാനും ഫോട്ടോ എടുക്കാനും അല്ലെങ്കില്‍ സ്വയം പ്രഖ്യാപിത വിശ്വഗുരുവായി സ്വയം അവതരിപ്പിക്കാനുമുള്ള നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുന്നു എന്നാണ് ഇതിനര്‍ത്ഥം,' അദ്ദേഹം പറഞ്ഞു. 'മോദി പോകാത്തതിന്റെ കാരണം ലളിതമാണ്. പ്രസിഡന്റ് ട്രംപിന്റെ നിയന്ത്രണത്തിലാകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അദ്ദേഹവും അവിടെ ഉണ്ടാകും. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഈജിപ്തില്‍ നടന്ന ഗസ്സ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം അദ്ദേഹം നിരസിച്ചതും ഈ കാരണത്താലാണ്,' ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

2014 മുതല്‍ 2019 വരെ തുടര്‍ച്ചയായി എല്ലാ വര്‍ഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസിയാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. കോവിഡ് മഹാമാരി കാരണം 2020, 2021 വര്‍ഷങ്ങളില്‍ ഉച്ചകോടികള്‍ വെര്‍ച്വലായിട്ടാണ് നടന്നത്. 2022-ല്‍ മാത്രമാണ് പ്രധാനമന്ത്രി മോദി ഉച്ചകോടിയില്‍ പങ്കെടുക്കാതിരുന്നത്. റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ അന്തിമ ഘട്ടത്തിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അമേരിക്ക ഇന്ത്യക്ക് മേല്‍ ചുമത്തിയ ഇറക്കുമതി തീരുവ 50 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറച്ചേക്കുമെന്നാണ് സൂചന.