- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ ദുബായിലേക്ക്; ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉച്ചക്കോടിയിൽ ഒരു മാർപാപ്പ പങ്കെടുക്കുന്നത് ചരിത്രത്തിൽ ആദ്യം; ദുബായിൽ എത്തുക കാർബൺ ന്യൂട്രൽ വിമാനത്തിൽ
റോം: ദുബായ് ആതിഥ്യം വഹിക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. ഇതാദ്യമായാണ് ഒരു മാർപാപ്പ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉച്ചക്കോടിയിൽ പങ്കെടുക്കുന്നത്. ഡിസംബർ ഒന്നിന് രാവിലെ എട്ടരയോടെ ദുബായ് വേൾഡ് സെൻട്രൽ വിമാനത്താവളത്തി മാർപ്പാപ്പ എത്തും.
ഇറ്റാലിയൻ വിമാനക്കമ്പനിയായ ഐടിഎ എയർവേസിന്റെ കാർബൺ ന്യൂട്രൽ വിമാനത്തിലാണ് മാർപാപ്പ ദുബായിൽ എത്തുന്നത്. ഡിസംബർ ഒന്ന് മുതൽ മൂന്നു വരെയാണ് ദുബായി സന്ദർശനം. ഉച്ചക്കോടിയിൽ മതനേതാക്കൾക്കും സംസാരിക്കാൻ അവസരം നൽകുന്ന ഫെയ്ത്ത് പവലിയന്റെ ഉദ്ഘാടനത്തിൽ അദ്ദേഹം പങ്കെടുക്കും. യുഎൻ കാലാവസ്ഥ ഉച്ചകോടിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പവലിയൻ ഒരുക്കുന്നത്.
ഇറ്റാലിയൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ മാർപാപ്പ തന്നെയാണ് സന്ദർശന വിവരങ്ങൾ അറിയിച്ചത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന ലോകനേതാക്കളുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തും. ചാൾസ് രാജാവ് ഉൾപ്പെടെ നിരവധി ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.
2019 ൽ യുഎഇയിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പ മൂന്നു ദിവസം രാജ്യത്ത് പര്യടനം നടത്തിയിരുന്നു. അന്ന് യുഎഇയിലെ ആദ്യ പൊതു കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ച് ഫ്രാൻസിസ് മാർപാപ്പ ചരിത്രമെഴുതി. കാത്തുനിന്ന 1.80 ലക്ഷം വിശ്വാസികൾക്കിടയിലേക്ക് പാപ്പാ മൊബീലിലാണു എത്തിയത്. യുഎഇയിലെ ആദ്യ ക്രിസ്ത്യൻ ദേവാലയമായ അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലും അദ്ദേഹം സന്ദർശിച്ചിരുന്നു.
യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിലാണ് നടക്കുന്നത്. ലോക നേതാക്കൾ, മന്ത്രിമാർ, ആഗോള കാലാവസ്ഥ മാറ്റത്തിനെതിരായ മുൻനിര പോരാളികൾ, ഉദ്യോഗസ്ഥർ തുടങ്ങി 7,0000 പ്രതിനിധികൾ 12 ദിവസങ്ങളിലായി എക്സപോ സിറ്റിയിൽ ഒരുമിച്ചു കൂടും. ഭാവി തലമുറക്കു വേണ്ടി ഭൂമിയെ സുരക്ഷിതമായി നിലനിർത്താനുള്ള നടപടികൾ അന്താരാഷ്ട്ര സമൂഹം ഇവിടെ ചർച്ച ചെയ്യും. ഈ അടിയന്തര സാഹചര്യത്തെ നേരിടാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്.
കാൺബൺ ഡൈ ഓക്സൈഡിനേക്കാൾ ആഗോള താപനത്തിന് ആക്കം കൂട്ടുന്ന മീഥേയ്ൻ വാതകത്തിന്റെ സാന്ദ്രത യു.എ.ഇയുടെ അന്തരീക്ഷത്തിൽ വർധിച്ചിരിക്കുന്നുവെന്നാണ് അബൂദബിയിലെ ഖലീഫ യൂനിവേഴ്സിറ്റി നടത്തിയ സാറ്റലൈറ്റ് പഠനത്തിൽ നിന്ന് വ്യക്തമായത്. ഭൂമിയുടെ അന്തരീക്ഷ താപനില വർധിപ്പിക്കുന്നതിൽ കാർബൺഡൈഓക്സൈഡിനേക്കാൾ 86 മടങ്ങ് ശക്തമാണ് മീഥേയ്ൻ വാതകമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഈ ഒരു പശ്ചാത്തലത്തിലാണ് ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് (കോപ്28) വീണ്ടും ചർച്ചയാവുന്നത്.
ഈജിപ്തിലെ ഷാം അൽ ശൈഖിലായിരുന്നു 2022ലെ കാലാവസ്ഥ ഉച്ചകോടി (കോപ് 27) നടന്നത്. സുപ്രധാനമായ ഒരു തീരുമാനം അന്ന് ലോക രാജ്യങ്ങൾ കൈകൊണ്ടിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി വികസ്വര രാജ്യങ്ങൾക്ക് വികസിത രാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു തീരുമാനം. ഇതിനായി ലോസ് ആൻഡ് ഡാമേജ് ഫണ്ട് രൂപവത്കരിക്കാൻ ലോക രാജ്യങ്ങൾ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആര് ആർക്ക് പണം നൽകണമെന്ന കാര്യത്തിൽ ഇനിയും ആശയക്കുഴപ്പം മാറിയിട്ടില്ലെന്നതാണ് ആശങ്കയുണർത്തുന്ന കാര്യം.
അന്തരീക്ഷത്തിന് ദോഷകരമായ താപ പുറന്തള്ളൽ കുറയ്ക്കുന്നതിലും കാലാവസ്ഥാ ധനസഹായം വർദ്ധിപ്പിക്കുന്നതിലും വികസിത രാജ്യങ്ങൾ ഒരടിപോലും മുന്നോട്ടുപോയിട്ടില്ലെന്നതും ആശങ്കയേറ്റുന്നു. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ പത്തു വർഷങ്ങൾക്ക് മുമ്പ് വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരമായ 100 ശതകോടി ഡോളർ ഉറപ്പുവരുത്താൻ നടപടിവേണമെന്ന മുറവിളിയും ഒരുഭാഗത്ത് ശക്തമാണ്. ആഗോള താപ നില കുറക്കുന്നതിനായി കോപ് 21ന്റെ ഭാഗമായിരുന്ന പാരിസ് ഉടമ്പടിയിൽ എടുത്ത തീരുമാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
വ്യവസായ വിപ്ലവത്തിന് മുമ്പുണ്ടായിരുന്ന താപനിലയായ 1.5 ഡിഗ്രി സെൽഷ്യസിൽ നിന്ന് ഉയരാതെ നിലനിർത്തണമെന്നായിരുന്നു അന്നെടുത്ത തീരുമാനം. മനുഷ്യൻ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങൾ സമുദ്രങ്ങളുടെ താപ നില ഉയരുന്നതിലേക്ക് നയിക്കുകയും അതോടൊപ്പം മഞ്ഞു മലകൾ ഉരുകുന്നതിനും സമുദ്ര നിരപ്പ് ഉയരുന്നതിനും കാരണമാകുന്നുണ്ട്. ഇത് ഇല്ലാതാക്കാൻ ലോക രാജ്യങ്ങൾ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറച്ചു ആഗോള താപ നില ഈ നൂറ്റാണ്ടിൽ രണ്ട് ഡിഗ്രിക്ക് മുകളിൽ ഉയരാതെ സംരക്ഷിക്കണമെന്നായിരുന്നു പാരിസ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യം. ഇതു എത്രമാത്രം പാലിക്കപ്പെട്ടുവെന്നത് കോപ് 28ൽ ചർച്ചയാവും.
മറുനാടന് ഡെസ്ക്