കീവ്: യുക്രൈനെതിരെ ആക്രമണം കടുപ്പിച്ചു റഷ്യ. അമേരിക്ക നല്‍കിയ ദ്വീര്‍ഘദൂര മിസൈലുകള്‍ റഷ്യക്കെതിരെ പ്രയോഗിച്ചതോടെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. ഇപ്പോള്‍ യുക്രൈനെ ഇരുട്ടിലാക്കി കൊണ്ടാണ് റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. യുക്രൈനിലെ വൈദ്യുതി വിതരണ ശൃംഖലയ്ക്കു നേരേ റഷ്യ നടത്തിയ രൂക്ഷമായ മിസൈല്‍ ആക്രമണമാണ് രാജ്യത്തെ വൈദ്യുതി വിതരണം പ്രതിസന്ധിയിലാക്കിയത്.

രാജ്യത്തെ ഊര്‍ജവിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തുന്നതെന്നും നൂറോളം ഡ്രോണുകളും 90-ലധികം മിസൈലുകളും ഉപയോഗിച്ചാണ് രാജ്യത്തെ വിവിധഭാഗങ്ങളില്‍ റഷ്യ ആക്രമണം നടത്തിയതെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി പറഞ്ഞു. അതേസമയം, മിസൈല്‍ ആക്രമണത്തെക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കീവ്, ഒഡേസ, ഖാര്‍കീവ് തുടങ്ങിയ നഗരങ്ങളിലാണ് മിസൈല്‍ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. യുക്രൈന്‍ നഗരങ്ങളായ ഒഡെസ, ക്രോപ്പിവ്നിറ്റ്സ്‌കി, ഖാര്‍കിവ്, റിവ്നെ, ലുട്സ്‌ക് എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ സ്ഫോടനശബ്ദം കേട്ടതായി ഉക്രേനിയന്‍ വാര്‍ത്താ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വ്യോമ സേന തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായും ജനങ്ങള്‍ ഷെല്‍റ്ററിനുളളില്‍ തന്നെ കഴിയണമെന്നും കീവ് മേയര്‍ അറിയിച്ചു.

ഏകദേശം ഒമ്പതരമണിക്കൂറോളം ആക്രമണം നീണ്ടുനിന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. യുക്രൈനിലെ 12 മേഖലകളെയെങ്കിലും മിസൈല്‍ ആക്രമണം ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ അടിയന്തരമായി വൈദ്യുതിമുടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും യുക്രൈന്‍ ഊര്‍ജവിതരണ വകുപ്പ് മന്ത്രി ഹെര്‍മന്‍ ഹാലുഷ്ചെങ്കോ അറിയിച്ചു.

തങ്ങളുടെ ഊര്‍ജവിതരണ സംവിധാനത്തെയാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് സംഭവത്തിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയും ടെലിഗ്രാമിലൂടെ പ്രതികരിച്ചു. അടുത്തിടെ റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് യുക്രൈയിനിലെ ഏറ്റവും വലിയ സ്വകാര്യ ഊര്‍ജവിതരണ കമ്പനിയായ ഡി.ടി.ഇ.കെ.യുടെ തെര്‍മല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനവും താറുമാറായിരുന്നു. ഇതേത്തുടര്‍ന്ന് വൈദ്യുതിവിതരണത്തില്‍ വന്‍ പ്രതിസന്ധിയാണ് നേരിട്ടത്.

2022-ല്‍ റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചശേഷം ഇരുന്നൂറോളം തവണയാണ് ഡി.ടി.ഇ.കെ.യുടെ വിവിധ പ്ലാന്റുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.