ദോഹ: ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം ഭരണകൂട ഭീകരതയെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍ഥാനി. ദോഹയിലെ അടിയന്തര ഉച്ചകോടിക്ക് മുന്നോടിയായുള്ള വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച്ചയിലായിരുന്നു അല്‍ഥാനി സ്വരം കടുപ്പിച്ചത്.

ഖത്തര്‍ ഗാസ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തുമ്പോഴായിരുന്നു ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഈ ചര്‍ച്ചകള്‍ക്ക് മേലാണ് ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈജിപ്തും യുഎസുമായി ചേര്‍ന്ന് സമാധാന ശ്രമങ്ങള്‍ തുടരുമെന്നും ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും കൂടിക്കാഴ്ചകള്‍ ഇല്ലാതാക്കാനേ ആക്രമണം ഉപകരിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതെങ്കിലും സ്ഥലത്തിനു നേരെ മാത്രമല്ല, മധ്യസ്ഥ ശ്രമങ്ങള്‍ക്കു മേലാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞു. ആക്രമണത്തെ യുഎന്‍ രക്ഷാസമിതി അപലപിച്ചതിനെ അഭിനന്ദിക്കുന്നതായും അക്കാര്യത്തില്‍ അന്താരാഷ്ട്ര സമവായമുണ്ടായെന്നും പറഞ്ഞു. ഈ ആക്രമണമുഖത്ത് നിശ്ശബ്ദരായിരിക്കില്ലെന്നും വ്യക്തമാക്കി.

അതേസമയം ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ കടന്നാക്രമിച്ചതില്‍ പ്രതിഷേധമറിയിക്കാനായി അറബ്, ഇസ്ലാമിക് രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി നാളെ ദോഹയില്‍ ചേരും. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് യോഗം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ജോര്‍ദാന്‍ കിരീടാവകാശി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങിയവര്‍ ഖത്തറിന് പിന്തുണ അറിയിച്ചിരുന്നു. അതേസമയം, വിഷയത്തിലെ സമീപനം എന്താകണമെന്ന് നിലപാടെടുക്കാന്‍ മറ്റു രാജ്യങ്ങളോട് ആവശ്യപ്പെടില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേല്‍ വ്യോമാക്രമണം. അമേരിക്കയുടെ മാധ്യസ്ഥ്യത്തിലുള്ള ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ഖത്തറില്‍ ആക്രമണമുണ്ടായത്. ചൊവ്വ പകലുണ്ടായ ആക്രമണത്തില്‍ ഖത്തര്‍ സുരക്ഷാസേന ഉദ്യോഗസ്ഥനുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. ട്രംപിന്റെ ഗാസ വെടിനിര്‍ത്തല്‍ നിര്‍ദേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഹമാസ് നേതാക്കള്‍ ഒത്തുകൂടിയപ്പോഴാണ് ആക്രമണമുണ്ടായത്.

ദോഹയില്‍ 12 ഇടങ്ങളിലായിരുന്ന ആക്രമണം. ഇസ്രയേല്‍ പ്രതിരോധ സേനയായ ഐഡിഎഫും ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ബേത്തും ചേര്‍ന്നാണ് ആക്രമണം സംഘടിപ്പിച്ചതെന്ന് നെതന്യാഹു അറിയിച്ചിരുന്നു. ആക്രമണം ഭീരുത്വവും വഞ്ചനയുമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്‌മദ് അബുല്‍ ഗൈത് പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിന്റെ നിഷ്‌ക്രിയത്വം കൂടുതല്‍ കുറ്റങ്ങള്‍ ചെയ്യാന്‍ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിനു വേണ്ടി അറബ് - ഇസ്ലാമിക കൂട്ടായ്മ വിപുലപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടെന്ന് ഒഐസി സെക്രട്ടറി ജനറല്‍ ഹുസൈന്‍ ഇബ്രാഹിം താഹ പറഞ്ഞു. നാണക്കേടുണ്ടാക്കുന്ന യുദ്ധത്തില്‍ നിന്ന് ഇസ്രായേല്‍ എന്ന ക്രിമിനല്‍ യന്ത്രത്തെ നിലക്കു നിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രായേല്‍ ആക്രമണത്തിനെതിരെ തയ്യാറാക്കിയ കരടു പ്രമേയം മന്ത്രിമാര്‍ ചര്‍ച്ച ചെയ്യുകയാണ്. ഇതാകും തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയില്‍ അവതരിപ്പിക്കുക. അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേലിനെതിരെ ഒന്നിച്ചു നീങ്ങാന്‍ ലക്ഷ്യമിട്ടുള്ളതാകും പ്രമേയം.