- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിനെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് ഹമാസ്; ഗസ്സയിൽ നിന്ന് നിരന്തരം റോക്കറ്റുകൾ ഇസ്രയേലിൽ പതിച്ചു; തൊടുത്തുവിട്ടത് 5000 റോക്കറ്റുകൾ, ഒരു സ്ത്രീ കൊല്ലപ്പെട്ടു; ഹമാസ് നീക്കത്തിന് തിരിച്ചടിക്കാൻ ഇസ്രയേലും
ജറുസലം: പശ്ചിമേഷ്യ വീണ്ടും കലുഷിതമാകുന്നു. ഇസ്രയേലിനെതിരെ സൈനിക നീക്കം ആരംഭിച്ചതായി ഗസ്സയിലെ ഹമാസ് സംഘടന അറിച്ചു. ഇതോടെ ഇസ്രയേലും തിരിച്ചടി തുടങ്ങിയതോടെ യുദ്ധ സമാനമാണ് കാര്യങ്ങൾ. ഗസ്സയിൽനിന്നുള്ള ആക്രമണം നേരിടുകയാണെന്നും റോക്കറ്റ് പ്രതിരോധ ഉപകരണങ്ങൾ വിന്യസിച്ചതായും ഇസ്രയേൽ അറിയിച്ചു. രാജ്യത്ത് യുദ്ധാവസ്ഥ പ്രഖ്യാപിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് ഓപ്പറേഷൻ അൽ-അഖ്സ സ്റ്റോം എന്ന പേരിൽ ഇസ്രയേലിനെതിരെ സൈനിക നീക്കം ആരംഭിച്ചെന്ന് ഹമാസിന്റെ സൈനിക വിഭാഗം നേതാവ് മുഹമ്മദ് ഡീഫ് പരസ്യ പ്രസ്താവനയിൽ അറിയിച്ചത്. ഇസ്രയേലിലേക്ക് 5000 റോക്കറ്റുകൾ തൊടുത്തതായും ഡീഫ് അറിയിച്ചു.
ഗസ്സ മുനമ്പിൽനിന്ന് റോക്കറ്റാക്രമണം ഉണ്ടായതായി ഇസ്രയേലും സ്ഥിരീകരിച്ചു. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ആറരയോടെയാണ് ആക്രമണമുണ്ടായത്. അരമണിക്കൂറോളം നീണ്ടുനിന്നു. റോക്കറ്റാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കുണ്ട്. ഗസ്സയിൽനിന്ന് ഹമാസ് പ്രവർത്തകർ ഇസ്രയേലിന്റെ ഭൂപ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്.) അറിയിച്ചു.
ടെൽ അവീവ് പ്രദേശം വരെ അപായ സൈറണുകൾ മുഴങ്ങിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. ജനങ്ങൾ അവരുടെ വീടുകളിലും അപ്പാർട്ട്മെന്റുകളിലുമുള്ള ബോംബ് ഷെൽട്ടറുകൾക്കുള്ളിൽ താമസിക്കാൻ ഇസ്രയേൽ ഭരണകൂടം നിർദ്ദേശം നൽകി. ഗസ്സയിൽനിന്നു വ്യാപകമായി നുഴഞ്ഞുകയറ്റവും നടക്കുന്നതായി ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. ഹമാസ് ഇസ്രയേലിന്റെ റോഡുകളിൽ റോന്തു ചുറ്റുന്ന വിഡിയോകൾ പുറത്തുവന്നു. ഇസ്രയേൽ സൈനികരെ തടവിലാക്കിയതായി ഹമാസ് അവകാശപ്പെട്ടു.
എല്ലാ ഫലസ്തീനികളും ഇസ്രയേലിനെ നേരിടാൻ ഒരുങ്ങണമെന്നും മുഹമ്മദ് ഡീഫ് ഇന്നു രാവിലെ പ്രസ്താവനയിൽ ആഹ്വാനം ചെയ്തിരുന്നു. ഇസ്രയേലിന്റെ ഒന്നിലധികം വധശ്രമങ്ങളെ അതിജീവിച്ച ഡീഫ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല. ശബ്ദസന്ദേശമായാണ് ഡീഫിന്റെ പ്രസ്താവന പുറത്തുവന്നത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി യോവ് ഗാല്ലന്റും സുരക്ഷാ വിലയിരുത്തലുകൾ നടത്തിവരികയാണ്. അതേസമയം, തങ്ങൾ യുദ്ധസന്നദ്ധതയ്ക്കുള്ള അവസ്ഥയിലാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ആക്രമണത്തിന് പിന്നിലുള്ള ഹമാസ് അനന്തരഫലങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്നും ആക്രമണങ്ങളെത്തുടർന്നുള്ള സംഭവങ്ങൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും ഇസ്രയേൽ സൈന്യം കൂട്ടിച്ചേർത്തു. പിന്നീട്, ഹമാസിനെതിരെ തങ്ങൾ തിരിച്ചടി ആരംഭിച്ചതായി അവർ വ്യക്തമാക്കി.
ഹമാസ് പ്രവർത്തകർ ഇസ്രയേലി സൈനികരെ ബന്ധികളാക്കി ഗസ്സയിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹമാസ് തലവൻ ഇസ്മായിൽ ഹനിഹ ഓപ്പറേഷന്റെ വിജയം ആഘോഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 5,000-ലേറെ റോക്കറ്റുകളാണ് ഇസ്രയേലിനുനേരെ തൊടുത്തുവിട്ടതെന്ന് നേരത്തെ മുഹമ്മദ് അൽ ഡെയ്ഫിന്റെ ശബ്ദസന്ദേശത്തിലുണ്ടായിരുന്നു.
മറുനാടന് ഡെസ്ക്