മുംബൈ: അതീവപ്രഹരശേഷിയുള്ള എസ്.350 വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള ഒരു കരാര്‍ റഷ്യന്‍ പ്രതിരോധ വ്യവസായ പ്രതിനിധികള്‍ ഇന്ത്യക്ക് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. വില്‍പ്പനയ്ക്ക് പുറമേ ഇതിന്റെ ഉല്‍പ്പാദന സാങ്കേതികവിദ്യകളുടെ പൂര്‍ണ്ണമായ കൈമാറ്റവും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയ്ക്ക് ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമല്ല, ആഭ്യന്തരമായി നിര്‍മ്മിക്കാനും റഷ്യ അനുമതി നല്‍കും.

റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ റോസ്റ്റെക്കുമായിട്ടാണ് ഇന്ത്യ ഇക്കാര്യത്തില്‍ ധാരണയായി എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം റഷ്യയോ ഇന്ത്യയോ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. സു-57 യുദ്ധവിമാനത്തിന്റെ കയറ്റുമതി പതിപ്പുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ ഇന്ത്യയുമായി പങ്കിടാന്‍ റഷ്യ ഇതിനകം സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇക്കാര്യം ഉറപ്പാണ് എന്നാണ് പലരും പറയുന്നത്. ഇത് യാഥാര്‍ത്ഥ്യമാകുകയാണ് എങ്കില്‍ അതിന് നിരവധി പ്രത്യേകതകള്‍ ഉണ്ടെന്ന് പറയാം.




റഷ്യ നിലവില്‍ എസ്.350 സംവിധാനം കയററുമതി ചെയ്യുകയോ വ്യാപകമായി വിന്യസിച്ചതോ അല്ല. ഇന്ത്യ പ്രതിരോധ വ്യവസായത്തിന് സ്വന്തം തദ്ദേശീയ വ്യോമ പ്രതിരോധ വികസനങ്ങള്‍ക്കായി ഈ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനും വീണ്ടും ഉപയോഗിക്കാനും സാധ്യതയുണ്ട്. മറ്റൊരു പ്രധാന കാര്യം സമയക്രമീകരണമാണ്. 2020 ല്‍ മാത്രമാണ് എസ് 350 സംവിധാനം ഔദ്യാഗികമായി റഷ്യയുടെ സായുധ സേനയില്‍ ഉള്‍പ്പെടുത്തിയത്. റഷ്യയുടെ കയറ്റുമതി ഇനങ്ങളുടെ പട്ടികയില്‍ ഇത് ഇതുവരെ ഒരു പ്രധാന ഘടകമായി മാറിയിട്ടില്ല.

ഈ ഘട്ടത്തില്‍ ഒരു കയറ്റുമതി നിര്‍ദ്ദേശം സൂചിപ്പിക്കുന്നത് വിദേശ ഡെലിവറികള്‍ അനുവദിക്കുന്നതിന് ആവശ്യമായ എണ്ണം സിസ്റ്റങ്ങള്‍ റഷ്യന്‍ സേനയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെന്നാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇതിനകം സേവനത്തിലുള്ള എസ്-400 സംവിധാനങ്ങളുടെ ഒപ്പം എസ്.350 യും തുടരാം. എസ്.400 മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ കരുത്ത് കഴിഞ്ഞ ഓപ്പറേഷന്‍ സിന്ദൂറില്‍ നമ്മള്‍ കണ്ടതാണ്.




റഷ്യയുടെ അവകാശവാദങ്ങള്‍ പ്രകാരം 10-15 കിലോമീറ്റര്‍ മുതല്‍ 40-120 കിലോമീറ്റര്‍ വരെയുള്ള ദൂരത്തിലുള്ള ഭീഷണികളെ എസ്-350 ന് കഴിയും. പരീക്ഷണ വേളയില്‍ ഗൈഡഡ് ഏരിയല്‍ ബോംബുകള്‍, ഒന്നിലധികം ലോഞ്ച് റോക്കറ്റ് സിസ്റ്റങ്ങള്‍ തൊടുത്തുവിടുന്ന റോക്കറ്റുകള്‍, ആന്റി-റേഡിയേഷന്‍ മിസൈലുകള്‍ എന്നിവയെ നേരിടാന്‍ ഈ സിസ്റ്റത്തിന് കഴിവുണ്ടായിരുന്നുവെന്ന് റഷ്യ അവകാശപ്പെടുന്നു.