- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ ഇരുട്ടടിക്ക് മുമ്പില്‍ തോറ്റോടാത്ത ഇന്ത്യക്ക് റഷ്യയുടെ സമ്മാനം! എണ്ണവിലയില്‍ വലിയ വിലക്കിഴിവ് അനുവദിച്ച് 'സുഹൃത്തിന്റെ' കൈത്താങ്ങ്; ബാരലിന് മൂന്ന് മുതല്‍ നാലുഡോളര്‍ വരെ വിലക്കുറവ്; തീരുമാനം പുടിന്-മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ; യുക്രെയിന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് 17 ബില്യണ്‍ ഡോളറിന്റെ ലാഭമെന്ന് റിപ്പോര്‍ട്ട്
ട്രംപിന്റെ ഇരുട്ടടിക്ക് മുമ്പില്‍ തോറ്റോടാത്ത ഇന്ത്യക്ക് റഷ്യയുടെ സമ്മാനം!
ന്യൂഡല്‍ഹി: അമേരിക്കയുടെ ഇരട്ട താരിഫിന്റെ ഇരുട്ടടിയേറ്റ ഇന്ത്യക്ക് കുളിര്‍മയേകി അസംസ്‌കൃത എണ്ണവിലയില്‍ വലിയ വിലക്കിഴിവ് അനുവദിച്ച് റഷ്യ. ബാരലിന് മൂന്നുമുതല്‍ നാലുവരെ ഡോളര്‍ വിലയാണ് കുറച്ചുനല്‍കുന്നത്. സെപ്റ്റംബറിലും, ഒക്ടോബറിലും കയറ്റുമതി ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ള യുരാള്‍സ് ഗ്രേഡ് ക്രൂഡ് ഓയിലിന് നിലവില്‍ നല്‍കുന്ന ഒരു ഡോളറിന്റെ വിലക്കിഴിവ് കഴിഞ്ഞ ആഴ്ച 2.50 ഡോളറായി ഉയര്‍ത്തിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 2022 മുതല്‍ ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇറക്കുമതിയുടെ ഒരു ശതമാനത്തില്‍ നിന്ന് ഇത് ഏകദേശം 40 ശതമാനമായി ഉയര്‍ന്നു. പ്രതിദിനം 5.4 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 2024-25 കാലയളവില്‍, ഇറാഖ്, സൗദി അറേബ്യ, യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ മറികടന്ന്, റഷ്യയില്‍ നിന്നായിരുന്നു ഇന്ത്യയുടെ ഇറക്കുമതിയുടെ 36 ശതമാനവും.
ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ ഭരണകൂടം, റഷ്യയുമായുളള രാജ്യത്തിന്റെ ക്രൂഡ് വ്യാപാരത്തിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചിരുന്നു. യുകെയിനിലെ സംഭവങ്ങളെ തുടര്‍ന്ന് റഷ്യയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ ഇന്ധനം വാങ്ങുന്നതിനെ വിമര്‍ശിച്ച് അമേരിക്ക ആദ്യം 25 ശതമാനം താരിഫ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ഈ താക്കീതിനെ അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് 25 ശതമാനം കൂടി ചുമത്തിയിരുന്നു.
ഇന്ത്യക്ക് 17 ബില്യണ്‍ ഡോളറിന്റെ ലാഭം
റഷ്യ-യുക്രെയിന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം, 2022 ഫെബ്രുവരി മുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയിലൂടെ ഇന്ത്യക്ക് ചുരുങ്ങിയത് 17 ബില്യണ്‍ ഡോളറിന്റെ ലാഭം ലഭിച്ചതായി വിദഗ്ധര്‍. അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായതിലും കുറഞ്ഞ വിലക്ക് റഷ്യന്‍ എണ്ണ വാങ്ങിയതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
യുദ്ധത്തെ തുടര്‍ന്നുണ്ടായ പാശ്ചാത്യ ഉപരോധങ്ങള്‍ കാരണം റഷ്യ കുറഞ്ഞ വിലക്ക് ക്രൂഡ് ഓയില്‍ നല്‍കാന്‍ നിര്‍ബന്ധിതരായതോടെയാണ് ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി ഗണ്യമായി വര്‍ദ്ധിപ്പിച്ചത്. ഇത് ഇന്ത്യയുടെ മൊത്തം എണ്ണ ആവശ്യത്തിന്റെ ഒരു ശതമാനത്തില്‍ താഴെയായിരുന്നത് ഒരു ഘട്ടത്തില്‍ മൂന്നിലൊന്നായി ഉയര്‍ത്തി. ചൈനക്ക് ശേഷം റഷ്യന്‍ ക്രൂഡ് ഓയിലിന്റെ രണ്ടാമത്തെ വലിയ ഇറക്കുമതിക്കാരായി ഇന്ത്യ മാറി.
ഇന്ത്യയുടെ ഈ നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. റഷ്യ-യുക്രെയിന്‍ യുദ്ധം 'മോദിയുടെ യുദ്ധം' എന്ന് അദ്ദേഹത്തിന്റെ പീറ്റര്‍ നവാരോയെ പോലുള്ള ഉപദേഷ്ടാക്കള്‍ ആരോപിക്കുകയും ചെയ്തു.