- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുര്സ്കിനില് സ്വാധീനം ഉറപ്പിച്ചു യുക്രൈന്; 1.20 ലക്ഷം പൗരന്മാരെ മാറ്റി റഷ്യ; യുക്രൈന് നഗരത്തില്‍ മിസൈല്‍ ആക്രമണം നടത്തി റഷ്യയുടെ തിരിച്ചടി
മോസ്‌കോ: റഷ്യന്‍ പ്രദേശമായ കുര്‍സ്‌ക് മേഖലയില്‍ യുക്രൈന്‍ കടന്നാക്രമണം ശക്തമാക്കിയതോടെ ശക്തമായ തിരിച്ചടിക്ക് റഷ്യയും. റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ നഗരമായ സുമിയില്‍ തീപിടിത്തമുണ്ടായി. റഷ്യയുടെ കുര്‍സ്‌ക് മേഖലയില്‍ യുക്രെയ്ന്‍ സേനയുടെ കടന്നുകയറ്റം തുടരുന്നതിനിടെയാണ് മിസൈല്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും കാറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിക്കുകയും ചെയ്തതായി യുക്രെയ്ന്‍ എമര്‍ജന്‍സി സേവന വിഭാഗം അറിയിച്ചു. തലസ്ഥാനമായ കിയവില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ റഷ്യയുടെ 14 ഡ്രോണുകള്‍ വെടിവെച്ചിട്ടതായി യുക്രെയ്ന്‍ വ്യോമ സേന പറഞ്ഞു. യുക്രെയ്ന്‍ […]
മോസ്‌കോ: റഷ്യന്‍ പ്രദേശമായ കുര്‍സ്‌ക് മേഖലയില്‍ യുക്രൈന്‍ കടന്നാക്രമണം ശക്തമാക്കിയതോടെ ശക്തമായ തിരിച്ചടിക്ക് റഷ്യയും. റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ നഗരമായ സുമിയില്‍ തീപിടിത്തമുണ്ടായി. റഷ്യയുടെ കുര്‍സ്‌ക് മേഖലയില്‍ യുക്രെയ്ന്‍ സേനയുടെ കടന്നുകയറ്റം തുടരുന്നതിനിടെയാണ് മിസൈല്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.
രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും കാറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിക്കുകയും ചെയ്തതായി യുക്രെയ്ന്‍ എമര്‍ജന്‍സി സേവന വിഭാഗം അറിയിച്ചു. തലസ്ഥാനമായ കിയവില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ റഷ്യയുടെ 14 ഡ്രോണുകള്‍ വെടിവെച്ചിട്ടതായി യുക്രെയ്ന്‍ വ്യോമ സേന പറഞ്ഞു. യുക്രെയ്ന്‍ ലക്ഷ്യമിട്ട് ഹ്രസ്വദൂര ഇസ്‌കന്ദര്‍ ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തൊടുത്തതായി റഷ്യ അവകാശപ്പെട്ടിരുന്നു.
അതേസമയം, കുര്‍സ്‌ക് മേഖലയില്‍ റഷ്യന്‍ സേനക്കെതിരെ യുക്രെയ്‌ന്റെ രൂക്ഷമായ ആക്രമണം തുടരുകയാണ്. ഗ്ലൂഷ്‌കോവ്സ്‌കി ജില്ലയില്‍ സെയിം നദിക്ക് കുറുകെയുള്ള റഷ്യയുടെ തന്ത്രപ്രധാനമായ പാലം യുക്രെയ്ന്‍ തകര്‍ത്തിരുന്നു. യു.എസ് നിര്‍മിത ഹിമാര്‍സ് റോക്കറ്റുകളുപയോഗിച്ചായിരുന്നു ആക്രമണം. പാലങ്ങള്‍ തകര്‍ക്കുന്നത് സാധനങ്ങള്‍ എത്തിക്കുന്നതിന് തടസ്സമാകുമെങ്കിലും സേന ഒറ്റപ്പെടില്ലെന്ന് റഷ്യന്‍ സൈനിക വ്‌ലോഗര്‍മാര്‍ പറഞ്ഞു. 10,000 ത്തോളം യുക്രെയ്ന്‍ സൈനികര്‍ കുര്‍സ്‌ക് മേഖലയിലുണ്ടെന്നാണ് പാശ്ചാത്യന്‍ സൈനിക വിദഗ്ധര്‍ നല്‍കുന്ന സൂചന.
യുക്രെയ്ന്‍ സേന മേഖലയില്‍ കടന്നതോടെ 1.20 ലക്ഷം പൗരന്മാരെ റഷ്യ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. നിരവധി റഷ്യന്‍ സൈനികരെ യുക്രെയ്ന്‍ പിടികൂടുകയും ചെയ്തിട്ടുണ്ട്. റഷ്യയിലെ സുഡ്ജ പട്ടണം പിടിച്ചടക്കിയ യുക്രെയ്ന്‍ സേന കെട്ടിടങ്ങള്‍ക്കും മറ്റും കനത്ത നാശനഷ്ടംവരുത്തിയാണ് മുന്നേറുന്നതെന്ന് അസോസിയേറ്റഡ് പ്രസ് വാര്‍ത്ത ഏജന്‍സി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിര്‍ത്തിയില്‍നിന്ന് റഷ്യയുടെ ഉള്‍ഭാഗത്തേക്ക് 10 കിലോമീറ്റര്‍ അകലെയാണ് സുഡ്ജ. കഴിഞ്ഞ രണ്ടര വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ റഷ്യക്ക് നഷ്ടമാകുന്ന ഏറ്റവും വലിയ പട്ടണമാണിത്. കുര്‍സ്‌കില്‍ സൈനിക ഓഫീസ് തുറന്ന് യുക്രൈന്‍ മുന്നേറുന്നത്. റഷ്യന്‍ അതിര്‍ത്തിക്കുള്ളില്‍ യുക്രൈന്‍ കരയധിനിവേശം തുടര്‍ന്ന് മുന്നേറുന്നതിനിടെയാണിത്. നിയന്ത്രണത്തിലാക്കിയ പ്രദേശത്തെ ക്രമസമാധാനനില ഉറപ്പാക്കാനും ജനങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാനുമാണ് ഓഫീസ് തുറന്നതെന്ന് യുക്രൈന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടുചെയ്തു.
യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഓഫീസ് സ്ഥാപിച്ചവിവരം സൈനിക ഉദ്യോഗസ്ഥര്‍ അറിയിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുര്‍ക്സ് മേഖലയില്‍ 35 കിലോമീറ്റര്‍ ഉള്ളിലേക്ക് സൈന്യം കടന്നിട്ടുണ്ട്. 82 ജനവാസ കേന്ദ്രങ്ങളടക്കം ഉള്‍പ്പെടുന്ന 1150 ചതുരശ്രകിലോമീറ്റര്‍ പ്രദേശം നിയന്ത്രണത്തിലാക്കിയെന്നും അവര്‍ അവകാശപ്പെടുന്നു. അതിനിടെ, റഷ്യന്‍ ഭൂപ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ യുക്രൈന് യാതൊരുതാത്പര്യവുമില്ലെന്നും സമാധാനം പുനസ്ഥാപിക്കുന്നതില്‍ റഷ്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ മാത്രമാണ് ഇങ്ങനെ ചെയ്യുന്നതെന്നുമാണ് യുക്രൈന്‍ അവകാശപ്പെടുന്നത്.
രണ്ടാം ലോകയുദ്ധത്തിനുശേഷം റഷ്യയ്ക്കുനേരേയുണ്ടാകുന്ന ഏറ്റവും വലിയ കരഅധിനിവേശമാണിതെന്നും 10000-ലേറെ യുക്രൈന്‍ സൈനികര്‍ അതില്‍ പങ്കാളികളായിട്ടുണ്ടാകാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുക്രൈന്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ ബ്രയാന്‍സ്‌ക്, ബെല്‍ഗൊരോദ്, കുര്‍ക്സ് തുടങ്ങിയ അതിര്‍ത്തിപ്രദേശങ്ങളില്‍ക്കഴിയുന്ന വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യന്‍ പൗരര്‍ക്ക് മോസ്‌കോയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.