- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ അതിപുരാതനമായ സംസ്കാരം നിലനില്‍ക്കുന്ന രാജ്യം; ഭീഷണിക്ക് വഴങ്ങില്ല; റഷ്യന്‍ എണ്ണ വാങ്ങുന്നത് മൂലം പുതിയ വിപണികള്‍ കണ്ടെത്താന്‍ ഇന്ത്യയും ചൈനയും നിര്‍ബന്ധിതരാകും; യുഎസിനെതിരെ വിമര്‍ശനവുമായി റഷ്യന്‍ വിദേശകാര്യമന്ത്രി
ഇന്ത്യ അതിപുരാതനമായ സംസ്കാരം നിലനില്‍ക്കുന്ന രാജ്യം; ഭീഷണിക്ക് വഴങ്ങില്ല
മോസ്‌കോ: ഇന്ത്യക്കും ചൈനക്കും തീരുവ ഏര്‍പ്പെടുത്തിയ യു.എസ് തീരുമാനത്തിനെതിരെ വിമര്‍ശനവുമായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്. ഇന്ത്യയും ചൈനയും അന്ത്യശാസനങ്ങള്‍ക്ക് മുന്നില്‍ വഴങ്ങുന്നവരല്ലെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താനാണ് യു.എസ് പറയുന്നത്. ഇതുമൂലം പുതിയ വിപണികള്‍ കണ്ടെത്താന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതരാകും. അതിന് കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്നും സെര്‍ജി ലാവ്‌റോവ് പറഞ്ഞു.
എങ്കിലും ഭീഷണിസ്വരത്തിലുള്ള യു.എസിന്റെ വാക്കുകള്‍ അവര്‍ മുഖവിലക്കെടുക്കാന്‍ ഇടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ചൈനയോടും ഇന്ത്യയോടും അമേരിക്ക ആവശ്യപ്പെടുന്നതിലൂടെ, ഈ രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്നും കൂടുതല്‍ അകലുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലെ പ്രധാന ചാനലായ 'ചാനല്‍ 1 ടിവി'-യുടെ 'ദി ഗ്രേറ്റ് ഗെയിം' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലാവ്‌റോവ്.
അമേരിക്കന്‍ സമ്മര്‍ദം ഇരു രാജ്യങ്ങളെയും പുതിയ ഊര്‍ജ്ജ വിപണികളും പുതിയ സ്രോതസ്സുകളും തേടാന്‍ നിര്‍ബന്ധിതരാക്കും, അമേരിക്കയുടെ ഈ സമീപനത്തോട് ധാര്‍മ്മികവും രാഷ്ട്രീയവുമായ എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. ചൈനയും ഇന്ത്യയും ഏറെ ചരിത്രമുള്ള നാഗരികതകളാണ്. അവരോട് 'എനിക്ക് ഇഷ്ടമല്ലാത്തത് ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍, ഞാന്‍ തീരുവ ചുമത്തും' എന്ന് പറഞ്ഞാല്‍, അത് വിലപ്പോവില്ലെന്നും ലാവ്‌റോവ് പറഞ്ഞു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ ചൊല്ലിയാണ് യുഎസ്പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രെയ്നിലെ യുദ്ധത്തിന് ധനസഹായം നല്‍കുന്നുവെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കന്‍ നടപടി 'അന്യായവും നീതീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്ന്' ഇന്ത്യ പ്രതികരിച്ചിട്ടുണ്ടെന്ന് ലാവ്‌റോവ് പറഞ്ഞു. രാജ്യത്തിന്റെ ഊര്‍ജ്ജ സംഭരണം ദേശീയ താല്‍പ്പര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ നിലപാട് സ്വീകരിച്ചെന്നും ലാവ്‌റോവ് ചൂണ്ടിക്കാട്ടി.
അതേസമയം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് ചൈനക്ക് മേല്‍ അധിക തീരുവ ചുമത്താനുള്ള നീക്കം ട്രംപ് ഭരണകൂടം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ചുമത്തിയിട്ടില്ല. ഇന്ത്യയുമായുള്ള ബന്ധം തകര്‍ക്കാനുള്ള ഏതു ശ്രമവും തോല്‍ക്കുമെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത് ഊഷ്മളവും വളരുന്നതുമായ ബന്ധമാണെന്ന് വ്യക്തമാക്കിയ റഷ്യന്‍ വിദേശകാര്യമന്ത്രാലയം സഹകരണം തുടരാനുള്ള ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്തു.
സമ്മര്‍ദ്ദങ്ങളും ഭീഷണികളും ഉണ്ടായിരുന്നിട്ടും, റഷ്യയുമായുള്ള ബഹുമുഖ സഹകരണം തുടരാനും വികസിപ്പിക്കാനുമുള്ള പ്രതിബദ്ധത ഇന്ത്യ പ്രകടിപ്പിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യ-റഷ്യ ബന്ധം സ്ഥിരതയോടെയും ആത്മവിശ്വാസത്തോടെയും പുരോഗമിക്കുകയാണെന്നും ഈ പ്രക്രിയയെ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്നും സര്‍ക്കാര്‍ മാധ്യമമായ ആര്‍.ടിക്ക് നല്‍കിയ മറുപടിയില്‍ മന്ത്രാലയം വ്യക്തമാക്കി.
പാശ്ചാത്യ ലോകത്തിന്റെ സമ്മര്‍ദ്ദത്തിനിടയിലും റഷ്യയുമായുള്ള ബന്ധത്തോട് ഇന്ത്യയുടെ സമീപനം, ദീര്‍ഘകാലമായി ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സൗഹൃദത്തിന്റെ ആത്മാവിനെയും പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്. ഇരു രാജ്യങ്ങളും തന്ത്രപ്രധാനമേഖലകളിലടക്കം സംയുക്ത പദ്ധതികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ സിവിലിയന്‍, പ്രതിരോധ മേഖല, മനുഷ്യ ബഹിരാകാശ ദൗത്യങ്ങള്‍, ആണവോര്‍ജ്ജം, റഷ്യന്‍ എണ്ണ പര്യവേക്ഷണ പദ്ധതികളിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
പേയ്മെന്റ് സംവിധാനങ്ങള്‍, ദേശീയ കറന്‍സികളുടെ ഉപയോഗം വിപുലീകരിക്കല്‍, ബദല്‍ ഗതാഗത, ചരക്ക് പാതകള്‍ സൃഷ്ടിക്കല്‍ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും നിലവില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം എടുത്തുപറഞ്ഞു. ഈ ശ്രമങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാണ്. സവിശേഷ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ കൊണ്ട് പൊടുന്നനെ ഉളവെടുത്തതല്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.