മോസ്‌കോ:യുക്രൈന്‍-റഷ്യ യുദ്ധം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ ലഭിച്ചതോടെ യുക്രൈന്‍ റഷ്യക്കെതിരായ സൈനിക നീക്കം ശക്തമാക്കി. യൂക്രെയ്ന്‍ സേന അപ്രതീക്ഷീത സൈനിക നീക്കം നടത്തിയ റഷ്യന്‍ അതിര്‍ത്തി പ്രവിശ്യയായ ബെല്‍ഗോറോഡിലേക്ക് നീങ്ങി. ഇതോടെ പ്രവശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവര്‍ണര്‍.

കുര്‍സ്‌കില്‍ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കുര്‍സ്‌കില്‍ സൈനിക മുന്നേറ്റം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. രണ്ടാം ലോക യുദ്ധത്തിനു ശേഷം റഷ്യക്കകത്ത് നടക്കുന്ന ഏറ്റവും വലിയ സൈനിക നീക്കമാണിത്. ആഗസ്റ്റ് ആറിനാണ് അതിര്‍ത്തി കടന്ന് ആയിരക്കണക്കിന് യുക്രെയ്ന്‍ സൈനികര്‍ റഷ്യക്കുള്ളില്‍ ആക്രമണം നടത്തിയത്.

ഉടന്‍ തിരിച്ചുപിടിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്‍ പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെയും സാധ്യമായിട്ടില്ല. പ്രവിശ്യയില്‍ കൂടുതല്‍ മേഖലകള്‍ വരുതിയിലാക്കുന്നത് തുടരുകയാണെന്നും ബുധനാഴ്ച മാത്രം ഒന്നോ രണ്ടോ കിലോമീറ്റര്‍ ഉള്ളിലേക്ക് സൈന്യം കയറിയതായും യുക്രെയ്ന്‍ പ്രസിഡന്റ് വോളോദമിര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു. 100ലേറെ റഷ്യന്‍ സൈനികരെ യുദ്ധത്തടവുകാരായി പിടിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലര്‍ച്ചെയുമായി 117 ഡ്രോണുകള്‍ കുര്‍സ്‌ക്, വോറോനിഷ്, ബെല്‍ഗോറോഡ്, നിഷ്‌നി നോവ്‌ഗോറോഡ് പ്രവിശ്യകളില്‍ പതിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കുര്‍സ്‌കിലെ ആണവ നിലയത്തിന്റെ സുരക്ഷ വിലയിരുത്തിവരികയാണെന്ന് റഷ്യന്‍ നേഷനല്‍ ഗാര്‍ഡ് അറിയിച്ചു. കഴിഞ്ഞ ദിവസം യൂറോപിലെ ഏറ്റവും വലിയ ആണവ നിലയങ്ങളിലൊന്നായ സപോറഷ്യയില്‍ അഗ്‌നി പടര്‍ന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു.

ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സപോറീഷ്യ ആണവ നിലയില്‍ തീപിടിത്തമുണ്ടായി. ഒന്നിലധികം സ്ഫോടനങ്ങളെത്തുടര്‍ന്ന് സപോറീഷ്യയിലെ കൂളിങ് ടവര്‍ തകരുകയും പ്ലാന്റിന്റെ വടക്കന്‍ ഭാഗത്തുനിന്ന് ഇരുണ്ട പുക ഉയരുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് യൂറോപ്പ് ആകമാനം ആശങ്കയിലായിരിക്കുകയാണ്. പ്ലാന്റിന് ചുറ്റും റേഡിയേഷന്‍ ഉണ്ടായിട്ടില്ലെന്ന് റഷ്യ നിയമിച്ച ഗവര്‍ണര്‍ യെവ്ജെനി ബാലിറ്റ്സ്‌കി അറിയിച്ചു. ആണവ നിലയത്തില്‍ ആക്രമണം നടത്തിയത് റഷ്യയാണെന്ന് യുക്രെയ്ന്‍ ആരോപിച്ചു. എന്നാല്‍, തങ്ങളല്ല യുക്രെയ്ന്‍ തന്നെയാണ് ആക്രണം നടത്തിയതെന്ന് റഷ്യയും കുറ്റപ്പെടുത്തി.

2022 മുതല്‍ റഷ്യയുടെ അധീനതയിലാണ് ഇവിടം. രണ്ട് വര്‍ഷത്തിലേറെയായി ഇവിടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നില്ല. യുക്രെയ്നിലെ ചെര്‍ണോബില്‍ ആണവ ദുരന്തത്തേക്കാള്‍ പതിന്മടങ്ങ് നശീകരണമാകും സപോറീഷ്യക്ക് ഗുരുതര കേടുപാടുകള്‍ സംഭവിച്ചാല്‍ ഉണ്ടാകുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, കഴിഞ്ഞ ദിവസം യുക്രെയ്ന്‍ തലസ്ഥാനമായ കീവിന്റെ പ്രാന്തപ്രദേശമായ ബ്രോവറി ജില്ലയിലെ ജനവാസ മേഖലയില്‍ റഷ്യ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കീവ് ലക്ഷ്യമിട്ട് ഈ മാസം നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് കീവ് സിറ്റി സൈനിക ഭരണ മേധാവി സെര്‍ഹി പോപ്‌കോ പറഞ്ഞു. റഷ്യയിലെ കുര്‍സ്‌കില്‍ യുക്രെയ്ന്‍ നടത്തിയ കനത്ത ആക്രമണത്തിന്റെ തിരിച്ചടിയാണിതെന്ന് സംശയിക്കുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സാപൊറീഷ്യ ഡ്നിപ്രോ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. ഷെല്ലിങ് നേരത്തെയും നിലയത്തിനടുത്ത് നടന്നിട്ടുണ്ട്. ആറു റിയാക്ടറുകളുള്ള വമ്പന്‍ ആണവനിലയമാണ് സാപൊറീഷ്യ. ഷെല്ലിങ് മൂലം സാപൊറീഷ്യയിലെ രണ്ട് കെട്ടിടങ്ങള്‍ക്ക് കേടുപാടുകളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ജല ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, റിപ്പയര്‍ ഷോപ്പുകള്‍,പൈപ്പ് ലൈനുകള്‍ തുടങ്ങിയവ അടങ്ങിയതാണു നിലയം. ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയമായ സാപൊറീഷ്യയില്‍ ആക്രമണം നടത്തുന്നത് ആശങ്കാകരമാണെന്നാണ് രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ അഭിപ്രായം.