- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാദേശിക സഹകരണത്തിന് തടസ്സം ഭീകരതയും തീവ്രവാദവും; 'നല്ല അയല്‍പ്പക്കം' എവിടെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണം; പാക് മണ്ണില്‍ നിന്നുകൊണ്ട് പാകിസ്ഥാന് വ്യക്തമായ സന്ദേശം നല്കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
പ്രാദേശിക സഹകരണത്തിന് തടസ്സം ഭീകരതയും തീവ്രവാദവും;
ഇസ്ലാമാബാദ്: അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനവും പരമാധികാര ലംഘനങ്ങളും നല്ല അയല്‍ ബന്ധങ്ങള്‍ സൃഷ്ടിക്കില്ലെന്ന് പാകിസ്ഥാനും ചൈനയ്ക്കും വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ പരോക്ഷ വിമര്‍ശനം. ഇന്നലെ ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ ഇരുത്തിക്കൊണ്ടായിരുന്നു ഒളിയമ്പുകള്‍.
പാക്കിസ്ഥാനെ ഉന്നമിട്ടു കൊണ്ടായിരുന്നു അദ്ദേഹം രംഗത്തുവന്നത്. പാകിസ്താന് പരോക്ഷ മുന്നറിയിപ്പാണ് വിദേശകാര്യ മന്ത്രി നല്‍കിയത്. ഭീകരവാദം, തീവ്രവാദം, വിഘടനവാദം എന്നിവ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കില്ലെന്നും അവ വ്യാപാരബന്ധത്തിനടക്കം തടസ്സമാകുമെന്നും ജയ്ശങ്കര്‍ പറഞ്ഞു.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അധ്യക്ഷനായ സമ്മേളനത്തില്‍ പ്രസംഗിക്കവേ വ്യാപാരസംരംഭങ്ങള്‍ പ്രാദേശിക സമഗ്രതയും പരമാധികാരവും അംഗീകരിച്ചുകൊണ്ടുള്ളതാകണമെന്നും രാജ്യങ്ങള്‍ക്കിടയിലെ അവിശ്വാസ്യത ചര്‍ച്ചചെയ്യപ്പെടണമെന്നും അദ്ദേഹം വാദിച്ചു.
എസ്.സി.ഒ. അംഗരാജ്യങ്ങളുടെ തലവന്മാരുടെ 23-ാമത് യോഗം പാക് പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തതിനു തൊട്ടുപിന്നാലെയാണ് ജയ്ശങ്കര്‍ പ്രസംഗിച്ചത്. ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങും സമ്മേളനത്തിലുണ്ടായിരുന്നു. കിഴക്കന്‍ ലഡാക്കില്‍ നിലനില്‍ക്കുന്ന ഇന്ത്യ-ചൈന സംഘര്‍ഷം, ചൈനയുടെ വര്‍ധിച്ചുവരുന്ന സൈനികശക്തി തുടങ്ങിയ ആശങ്കകള്‍ക്കിടയിലാണ് ജയ്ശങ്കറിന്റെ പരാമര്‍ശം.
പരസ്പരബഹുമാനത്തിലും പരമാധികാര സമത്വത്തിലും അധിഷ്ഠിതമായിരിക്കണം സഹകരണമെന്നും പരസ്പര വിശ്വാസത്തോടെ കൂട്ടായി മുന്നോട്ടുപോയാല്‍ എസ്.സി.ഒ. അംഗരാജ്യങ്ങള്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'നല്ല അയല്‍പ്പക്കം' എവിടെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്നും ഇത് പുനഃസ്ഥാപിക്കാന്‍ എസ്.സി.ഒ. പ്രമേയരേഖ പാലിക്കപ്പെടണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
അതേസമയം ഷാങ്ഹായ് ഉച്ചകോടിക്കായി പാകിസ്താനിലെത്തിയ എസ്. ജയ്ശങ്കര്‍, ഉച്ചകോടിയുടെ ഭാഗമായിനടന്ന ഔദ്യോഗികവിരുന്നില്‍ പങ്കെടുക്കവേ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി സംസാരിച്ചു. എന്നാല്‍, വിരുന്നില്‍ പരസ്പരം അഭിവാദ്യംചെയ്ത നേതാക്കളുടെ സംഭാഷണം 20 സെക്കന്‍ഡില്‍ അവസാനിച്ചു.
ഒന്‍പതുകൊല്ലത്തിനുശേഷം പാകിസ്തന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ മന്ത്രിയാണ് ജയ്ശങ്കര്‍. പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരര്‍ 2015-ലും 2016-ലും ഇന്ത്യയില്‍ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടത്തിയതിനുശേഷം ഇരുരാജ്യവും തമ്മിലുള്ള ബന്ധം മോശമായിരുന്നു. ചര്‍ച്ചയും നയതന്ത്രവും ഭീകരവാദരഹിതമായ അന്തരീക്ഷത്തില്‍മാത്രമേ മുന്നോട്ടുപോകൂ എന്ന് ഇന്ത്യ പാകിസ്താനോട് വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച ഉച്ചകോടിയുടെ വേദിയായ ജിന്ന കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ഷഹബാസ് ഷരീഫാണ് ജയ്ശങ്കറെ ഹസ്തദാനംചെയ്തു സ്വീകരിച്ചത്.