ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ആഭ്യന്തര അസ്വസ്ഥതകള്‍ തുടരുന്നതിനിടെ മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുകയും ഭീകരവാദികള്‍ക്ക് വളരാന്‍ അവസരം നല്‍കുകയും ചെയ്തുവെന്ന് അവര്‍ ആരോപിച്ചു. വിദ്യാര്‍ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണവും അതിനെത്തുടര്‍ന്നുണ്ടായ അസ്വസ്ഥതകളും ഇടക്കാല ഭരണത്തിന്റെ നിയമവിരുദ്ധത തുറന്നുകാട്ടിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഹസീന വ്യക്തമാക്കി.

തന്റെ പുറത്താക്കലിന് ശേഷം സാഹചര്യം വഷളായതായും തുടര്‍ച്ചയായുള്ള അക്രമങ്ങള്‍ ബംഗ്ലാദേശിനെ ആഭ്യന്തരമായി അസ്ഥിരപ്പെടുത്തുകയും അയല്‍ രാജ്യങ്ങളുമായുള്ള പ്രത്യേകിച്ച് ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ വഷളാവുകയും ചെയ്യുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ അടിസ്ഥാനപരമായ ക്രമം നിലനിര്‍ത്താന്‍ ഭരണകൂടത്തിന് കഴിയാതെ വരുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ആ രാജ്യത്തിന്റെ വിശ്വാസ്യത തകരുന്നുവെന്നും അതാണ് യൂനുസിന്റെ ബംഗ്ലാദേശിന്റെ യാഥാര്‍ഥ്യമെന്നും ഹസീന പറഞ്ഞു.

ഭീകരവാദ ഇസ്ലാമിക ഘടകങ്ങളുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചും ഹസീന ആശങ്ക പ്രകടിപ്പിച്ചു. ശിക്ഷിക്കപ്പെട്ട ഭീകരവാദികളെ ഇടക്കാല സര്‍ക്കാര്‍ വിട്ടയച്ചെന്നും ഭീകരവാദികള്‍ക്ക് ഭരണത്തില്‍ പിടിമുറുക്കാന്‍ കഴിഞ്ഞെന്നും അവര്‍ ആരോപിച്ചു. മതേതരത്വം ബംഗ്ലാദേശിന്റെ പ്രധാന ശക്തികളിലൊന്നാണെന്നും ഹസീന പറഞ്ഞു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളാവുന്നതിനെക്കുറിച്ചും അവര്‍ ആശങ്ക ഉന്നയിച്ചു. ഇന്ത്യ വിരുദ്ധ പ്രതിഷേധങ്ങളും ദീപു ചന്ദ്ര ദാസിന്റെ കൊലപാതകവും അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയ്‌ക്കെതിരെയുള്ള ശത്രുതാപരമായ പ്രസ്താവനകളും മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതും അവര്‍ എടുത്തുപറഞ്ഞു.

അതേസമയം ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് നയതന്ത്ര പ്രതിനിധികളുടെ ജീവന്‍ ഭീഷണിയിലാണെന്ന ബംഗ്ലാദേശ് മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണാജനകമായ പ്രചാരണമാണെന്ന് ഇന്ത്യ വ്യക്തമാക്കി. 25ഓളം യുവാക്കള്‍ വെള്ളിയാഴ്ച സംഘടിച്ച് ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈകമീഷന് പുറത്ത് ദീപു ചന്ദ്ര ദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കുക മാത്രമാണുണ്ടായതെന്നും കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

ശൈഖ് ഹസീനയെ അധികാരഭ്രഷ്ടയാക്കിയ ന്യൂജെന്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ശരീഫ് ഉസ്മാന്‍ ഹാദി എന്ന യുവനേതാവിന്റെ മരണത്തെതുടര്‍ന്ന് ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെ മതനിന്ദ ആരോപിച്ച് ദീപു ചന്ദ്രദാസ് എന്ന 25കാരനെ ജനക്കൂട്ടം തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ചായിരുന്നു ന്യൂഡല്‍ഹി ഹൈകമീഷന് പുറത്തെ പ്രതിഷേധം. എന്നാല്‍, ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈകമീഷണറെ വധിക്കാന്‍ ശ്രമമെന്ന തലക്കെട്ടില്‍ ബംഗ്ലാദേശിലെ 'അമര്‍ ദേശ്' പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സുരക്ഷാ പരിധി ലംഘിച്ച് അഖണ്ഡ ഹിന്ദുസേനക്കാരായ 20- 25 പേര്‍ ചാണക്യപുരിയിലെ ബംഗ്ലാദേശ് ഹൈകമീഷന്‍ ഓഫിസിന് മുന്നില്‍ വരികയും ഹൈകമീഷണറെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് പത്രം ആരോപിച്ചു.

സംഘം സുരക്ഷാ പരിധി ലംഘിച്ചിട്ടില്ലെന്നും ഏതാനും മിനിറ്റ് കൊണ്ടുതന്നെ സംഘത്തെ സ്ഥലത്തുനിന്ന് പൊലീസ് പിരിച്ചുവിട്ടുവെന്നും ഇതിന്റെ ദൃശ്യങ്ങള്‍ തെളിവുകളായി പൊതുജനത്തിന് മുമ്പിലുണ്ടെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. വിദേശ നയതന്ത്ര കാര്യാലയങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം ഉറപ്പുവരുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിലെ സംഭവവികാസങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ബംഗ്ലാദേശ് അധികൃതരുമായി സമ്പര്‍ക്കത്തിലാണ്. ന്യൂനപക്ഷങ്ങള്‍ക്കുനേരെ അവിടെ നടക്കുന്ന അക്രമങ്ങളില്‍ കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ടെന്നും ജയ്‌സ്വാള്‍ തുടര്‍ന്നു. ദാസിനെ കൊന്ന കൊലയാളികളെ എത്രയും പെട്ടെന്ന് നീതിക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.