ന്യൂയോര്‍ക്ക്: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേലിന് ട്രംപ് അനുമതി നല്‍കിയതെന്ന വിധത്തില്‍ വാര്‍ത്തകള്‍ വന്നതോട ഇതിനെതിരെ പ്രതികരണവുമായി ഇറാന്‍ രംഗത്തുവന്നിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അത് സമ്പൂര്‍ണ യുദ്ധത്തിലേക്ക് മാറുമെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തുന്ന ഏതൊരു മിസൈല്‍ ആക്രമണവും യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമായി മാറും എന്നാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത്.

ഇതിന് പിന്നാലെ ഇറാന് മറുപടിയുമായി രംഗത്തുവന്നിരിക്കയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്നെ വകവരുത്താനാണ് ഇറാന്റെ ഉദേശമെങ്കില്‍ പിന്നെ ആ രാജ്യം ബാക്കിയുണ്ടാവില്ലെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്. തന്നെ വധിക്കുകയാണെങ്കില്‍ ഇറാന്‍ എന്ന രാജ്യം തുടച്ചുനീക്കുന്നതിനുള്ള എല്ലാ നിര്‍ദേശവും ഇതിനോടകം നല്‍കിയിട്ടുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. എല്ലാവര്‍ക്കും സന്തോഷത്തോടെ ജീവിക്കുന്നതിന് ഇറാനുമായി ഒരു സന്ധിയുണ്ടാക്കാനുള്ള സാധ്യതയും ഞാന്‍ പരിശോധിക്കും. ഇതിനൊപ്പമാണ് ട്രംപിന്റെ ഭീഷണി.

അതേസമയം ഇറാന്‍ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായും ട്രംപ് പറഞ്ഞു. നിലവില്‍, ഈ നയം കടുപ്പിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിലെ തന്റെ ആദ്യ ടേമിലേതിന് സമാനമായി ഉപരോധം പുനഃസ്ഥാപിക്കുന്നതിനുള്ള മെമ്മോറാണ്ടത്തില്‍ ഒപ്പുവയ്ക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

ആണവ മേഖലയില്‍ ഉള്‍പ്പെടെ ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയിലെ എല്ലാ വകുപ്പുകളോടും നിര്‍ദേശിക്കുന്ന മെമ്മോറാണ്ടത്തിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്റെ അതിക്രമങ്ങളെ തടയുന്നതിന് ട്രംപ് ഭരണകൂടത്തിന് ഈ ഉപരോധം കൂടുതല്‍ കരുത്തേകുമെന്നാണ് വൈറ്റ് ഹൗസ് വിലയിരുത്തുന്നത്. എന്നാല്‍, കടുത്ത നടപടിയിലേക്ക് നീങ്ങുന്നതില്‍ ദുഃഖമുണ്ടെന്നാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്.

അമേരിക്കയുടെ ഈ നീക്കം ഇറാനെ സംബന്ധിച്ച് വളരെ കഠിനമായ ഒന്നാണ്. ഒട്ടും മനസോടെയല്ല ഞാന്‍ ഈ നിര്‍ദേശത്തില്‍ ഒപ്പുവയ്ക്കുന്നത്. പക്ഷെ, എല്ലാവരും ഇതാണ് ആഗ്രഹിക്കുന്നതെന്നാണ് മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ച ശേഷം ട്രംപ് പ്രതികരിച്ചത്. എന്നാല്‍, കടുത്ത പ്രതിരോധത്തിലേക്ക് പോകേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ കരുത്തരായി തുടരുന്നതിനായാണ് അതൃപ്തിയോടെയാണെങ്കിലും ഞാന്‍ ഈ തീരുമാനമെടുക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ആണവ പദ്ധതികള്‍ക്ക് നേരെയുള്ള ഭീഷണികളെ ചെറുതായി കാണുകയാണ് ഇറാന്‍ നേരത്തെ ചെയ്തത്. 'ഭൗതികമായ ഇടങ്ങളില്‍ മാത്രമല്ല ഞങ്ങളുടെ ആണവ ശക്തി നിലനില്‍ക്കുന്നത്. ഇറാന്റെ ആണവ ശക്തി ശാസ്ത്രഞ്ജന്‍മാരുടെ മനസിലും അറിവിലുമാണ്. ഇതിനെ വ്യോമാക്രമണത്തിലൂടെ തകര്‍ക്കാന്‍ സാധിക്കില്ല'. ഒന്നോ രണ്ടോ കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ഇറാന്റെ ആണവശക്തി. അവ പലയിടങ്ങളിലായി വ്യാപിച്ചതാണെന്നും ശക്തമാണെന്നും അരാഗ്ചി പറഞ്ഞു. അതോടൊപ്പം ഇറാന്റെ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം അത്യാധുനനിക വ്യോമാക്രണങ്ങളെയടക്കം പ്രതിരോധിക്കും. അതിനാല്‍ ആക്രമണം എത്രത്തോളം വിജയകരമാകുന്നുവെന്ന് സംശയമാമെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

എതിരാളികളാരെങ്കിലും അണ്വായുധ ശേഷി വികസിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതു തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഇസ്രയേലിന്റെ ശീലമാണ്. 1981 ജൂണ്‍ 7നു ഇറാക്കിലെ ഓസിറാഖിലുള്ള ആണവ റിയാക്ടര്‍ ഇതുപോലെ തകര്‍ത്തെറിഞ്ഞു.ഇവിടെ അണ്വായുധം വികസിപ്പിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഇത്. 2018 ല്‍ സിറിയയിലെ അല്‍ കിബര്‍ ആണവകേന്ദ്രവും ഇസ്രയേലിന്റെ ഫൈറ്റര്‍ ജെറ്റുകള്‍ തകര്‍ത്തു. ഇറാനിലെ ആണവ റിയാക്ടറുകളില്‍ വൈറസ് ആക്രമണം നടത്തുന്നതും അവിടത്തെ ആണവ ശാസ്ത്രജ്ഞരുടെ കൊലപാതകങ്ങളില്‍ മൊസാദിനുള്ള കൈയുമെല്ലാം ചര്‍ച്ചാവിഷയമാണ്.

ഔദ്യോഗികമായി അണുശക്തിയാണെന്ന് ഇസ്രയേല്‍ അംഗീകരിച്ചിട്ടില്ലെങ്കിലും രാഷ്ട്രത്തിന് അണ്വായുധങ്ങളുണ്ടെന്നാണ് പ്രതിരോധവിദഗ്ധരില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നത്.അങ്ങനെയെങ്കില്‍ ലോകത്തെ ഒന്‍പതാമത്തെ ആണവശക്തിയാണു രാജ്യം. ആണവ നിര്‍വ്യാപന കരാറില്‍ ഒരിക്കലും ഒപ്പുവയ്ക്കാന്‍ ഇസ്രയേല്‍ തയാറായിട്ടില്ല എന്നതും വസ്തുത.

ഇസ്രയേലിനു 90 പ്ലൂട്ടോണിയം ന്യൂക്ലിയര്‍ ആയുധങ്ങളുണ്ടെന്നും 100 മുതല്‍ 200 വരെ ആയുധങ്ങളുണ്ടാക്കാനുള്ള പ്ലൂട്ടോണിയം ശേഷി ഉണ്ടെന്നുള്ളതും ശക്തമായ അഭ്യൂഹമാണ്. എന്നാല്‍ ഇസ്രയേല്‍ സ്വന്തം നിലയില്‍ ആണവായുധ പരീക്ഷണങ്ങളൊന്നും ഇതുവരെ ശ്രദ്ധ തേടുന്ന തരത്തില്‍ നടത്തിയിട്ടുമില്ല.

യൂറോപ്പിലെ മറ്റു ചില രാജ്യങ്ങളുടെ സഹായത്തോടെ ഇസ്രയേല്‍ പരീക്ഷണങ്ങള്‍ നടത്തിയെന്നു വാദിക്കുന്നവരുണ്ട്. രാഷ്ട്ര രൂപീകരണത്തിനു ശേഷം രണ്ടു പതിറ്റാണ്ടോളം ഇവര്‍ ഫ്രാന്‍സിനെയാണ് ഇക്കാര്യത്തില്‍ ആശ്രയിച്ചതെന്നും, എന്നാല്‍ 1967 ലെ ആറുദിന യുദ്ധത്തിനു ശേഷം ഫ്രാന്‍സ് ഇക്കാര്യത്തില്‍ ഇസ്രയേലുമായുള്ള സഹകരണം നിര്‍ത്തിയെന്നും പറയപ്പെടുന്നു. ഇതിനു ശേഷം സ്വന്തം നിലയില്‍ തന്നെ ആണവായുധങ്ങള്‍ വികസിപ്പിച്ചു. 1979 ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംഭവിച്ച വേലാ സംഭവം ഇസ്രയേലിന്റെ ആണവായുധ പരീക്ഷണമാണെന്നും വാദങ്ങളുണ്ടായിട്ടുണ്ട്.

ഇസ്രയേലിലെ ഡിമോണയിലുള്ള നെഗേവ് ന്യൂക്ലിയര്‍ റിസര്‍ച് സെന്ററിലാണു ആണവായുധത്തിനു വേണ്ടിയുള്ള പ്ലൂട്ടോണിയം നിര്‍മിക്കപ്പെടുന്നതെന്നു കരുതുന്നു. സ്വാഭാവിക യുറേനിയം പ്രക്രിയകള്‍ക്കു വിധേയമാക്കിയ ശേഷം പ്ലൂട്ടോണിയം വേര്‍തിരിച്ചെടുക്കുന്ന രീതിയാണ് ഡിമോണയിലെ റിയാക്ടറില്‍.വര്‍ഷം 10 കിലോയോളം പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാന്‍ റിയാക്ടറിനു ശേഷിയുണ്ടെന്ന് യുഎസ് കോണ്‍ഗ്രസിനു വേണ്ടി 1980ല്‍ നടത്തിയ ഒരു പഠനം പറയുന്നു.1960ല്‍ യുഎസില്‍ നിന്നു 300 കിലോഗ്രാം യുറേനിയം ഇസ്രയേലിനു ലഭിച്ചതായി അഭ്യൂഹങ്ങളുണ്ട്.

മധ്യ ഇസ്രയേലില്‍ ശോറെഖ് ന്യൂക്ലിയര്‍ റിസര്‍ച് സെന്റര്‍ എന്ന സ്ഥാപനത്തില്‍ വിവിധ ആണവ പരീക്ഷണങ്ങള്‍ നടക്കുന്നതായും ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആണവായുധങ്ങളെ വഹിക്കാനുള്ള ശേഷിയും ഇസ്രയേലിനു ധാരാളമാണ്. എഫ് 15, എഫ് 16, എഫ് 35 തുടങ്ങിയ യുഎസ് നിര്‍മിത വിമാനങ്ങള്‍ക്ക് ന്യൂക്ലിയര്‍ ഗ്രാവിറ്റി ബോംബുകള്‍ ഏറ്റാന്‍ ശക്തിയുണ്ട്. എഫ് 15 വിമാനത്തിനു 3500 കിലോമീറ്ററാണ് റേഞ്ച്.