ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ച ഷെയ്ക് ഹസീന രാജ്യം വിട്ടതായി സൈനിക മേധാവി വേക്കര്‍ ഉസ് സമന്‍ അറിയിച്ചു. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രക്ഷോഭം നിര്‍ത്തി വയ്ക്കണമെന്നും രാജ്യത്ത് ശാന്തിയും ക്രമസമാധാനവും പുന: സ്ഥാപിക്കാന്‍ സഹകരിക്കണമെന്നും അദ്ദേഹം ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് നടത്തുന്ന കൊലപാതകങ്ങള്‍ അന്വേഷിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

300 ഓളം പേരുടെ മരണത്തില്‍ കലാശിച്ച ജനകീയ പ്രക്ഷോഭം ഷെയ്ക് ഹസീനയുടെ കൊട്ടാരത്തിലേക്കുള്ള ലോങ് മാര്‍ച്ചായി മാറുകയും, കാര്യങ്ങള്‍ കൈവിട്ടുപോകുകയും ചെയ്തതോടെയാണ് പ്രധാനമന്ത്രിയുടെ രാജി അനിവാര്യമായത്. തന്റെ സഹോദരിക്കൊപ്പം സൈനിക ഹെലികോപ്ടറില്‍ രാജ്യം വിട്ട ഹസീന ബംഗാളിലേക്ക് പോയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ത്രിപുരയിലെ അഗര്‍ത്തലയില്‍ എത്തിയതായി ബിബിസി ബംഗ്ല റിപ്പോര്‍ട്ട് ചെയ്തു.

രാജ്യവ്യാപകമായി പ്രഖ്യാപിച്ച കര്‍ഫ്യു ലംഘിച്ചുകൊണ്ടാണ് പ്രക്ഷോഭകര്‍ ഹസീനയുടെ കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയത്. ഹസീനയുടെ രാജി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പ്രക്ഷോഭകര്‍ അട്ടിമറി നടത്താന്‍ ഒരുമ്പെടുന്നതായി ആരോപിച്ച് ഹസീന മൊബൈല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരുന്നു. അനിശ്ചിതകാലത്തേക്ക് സൈന്യം പുതിയ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

സിവില്‍ സര്‍വീസില്‍ സംവരണ ക്വാട്ട നിശ്ചയിച്ചതിന് എതിരെയുള്ള വിദ്യാര്‍ഥി റാലികളാണ് രാജ്യത്ത് 15 വര്‍ഷത്തെ ഹസീന ഭരണകൂടത്തെ തകിടം മറിക്കുന്ന തരത്തിലുള്ള വന്‍പ്രക്ഷോഭമായി മാറിയത്. മുന്‍ സൈനിക ഉദ്യോഗസ്ഥരും സിനിമാ താരങ്ങളും സംഗീതജ്ഞന്‍മാരും ഗായകരും അടക്കം സമൂഹത്തിന്റെ നാനാതുറകളില്‍ ഉള്ളവര്‍ പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയെന്നതും ശ്രദ്ധേയമാണ്.

'വിവേചന വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനം' എന്ന കൂട്ടായ്മയാണു നിസ്സഹകരണ സമരം പ്രഖ്യാപിച്ചത്. നികുതിയും വിവിധ സര്‍ക്കാര്‍ ബില്ലുകളും അടയ്ക്കരുതെന്നു സമരക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. സമരത്തില്‍ അണിചേരാന്‍ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാരെയും ആഹ്വാനം ചെയ്തതോടെ ഓഫിസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ശനിയാഴ്ച ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും പ്രക്ഷോഭകര്‍ തയാറായില്ല. ഇതിനു പിന്നാലെയാണു വിദ്യാര്‍ഥികളല്ല, ഭീകരപ്രവര്‍ത്തകരാണു പ്രക്ഷോഭത്തിനു പിന്നിലെന്നും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്നും ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചത്. രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ഭീകരരെ അടിച്ചമര്‍ത്താന്‍ ജനങ്ങളോട് ഹസീന ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അവാമി ലീഗ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. ഇതു സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

1971ല്‍ ബംഗ്ലാദേശിനെ പാക്കിസ്ഥാനില്‍നിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതിനെതിരെയാണു ബംഗ്ലദേശില്‍ പ്രക്ഷോഭം ആരംഭിച്ചത്. ഇതു പിന്നീട് സര്‍ക്കാരിനെതിരായ പ്രക്ഷോഭമായി മാറി. ഏറ്റവുമൊടുവില്‍, ബംഗ്ലാദേശ് സ്ഥാപകനും ഷെയ്ക് ഹസീനയുടെ പിതാവുമായ മുജീബുര്‍ റഹ്‌മാന്റെ പ്രതിമ പ്രക്ഷോഭകാരികള്‍ വികൃതമാക്കിയതായും റിപ്പോര്‍്ട്ടുണ്ട്.

ബംഗ്ലദേശില്‍ സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാനും, നിലവില്‍ അവിടെയുള്ളവര്‍ പുറത്തിറങ്ങാതെ സ്വയരക്ഷ നോക്കണമെന്നും ധാക്കയിലെ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയും നിര്‍ദ്ദേശിച്ചു.

4096 കിലോമീറ്റര്‍ വരുന്ന ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബിഎസ്എഫ് അതീവജാഗ്രത പുലര്‍ത്തുകയാണ്,.