വാഷിങ്ടണ്‍: ട്രംപിന്റെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ആഗോള സുരക്ഷയ്ക്ക് തന്നെ ഭീഷണിയായി മാറുകയാണോ. താരിഫുമായി ബന്ധപ്പെട്ട തര്‍ക്കം അപകടകരമായ സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രമുഖ വിദേശകാര്യ വിദഗ്ധനായ എഡ്വേര്‍ഡ് ആല്‍ഡന്‍ വാദിക്കുന്നത് ഇക്കാര്യം ലോകത്തിന് വിനാശകരമാകും എന്നാണ്. അപ്പോക്കലിപ്സ് നൗ എന്ന പോഡ്കാസ്റ്റ് പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം

ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ചൈനയ്‌ക്കെതിരായ അമേരിക്കയുടെ 125 ശതമാനം താരിഫ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അസാധ്യമാക്കുമെന്നാണ് ആല്‍ഡന്‍ പറയുന്നത്. മാത്രമല്ല ഇത് സൈനികപരമായ സംഘര്‍ഷത്തിലേക്ക് തന്നെ എത്തിക്കുമെന്നാണ് ആന്‍ഡന്‍ പ്രവചിക്കുന്നത്. ചുരുക്കത്തില്‍ അമേരിക്കയും ചൈനയും നടന്നുനീങ്ങുന്നത് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്കാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ചൈനിസ് പ്രസിഡന്റ് ഷീജിങ്പിങ്ങും ഒരു യുദ്ധം

ആഗ്രഹിക്കുന്നില്ല എന്നാല്‍ നിലവിലെ സാഹചര്യം അവരെ അതിലേക്ക് കൊണ്ടു ചെന്നെത്തിക്കും എ്ന്നാണ് ആന്‍ഡന്‍ പറയുന്നത്.

എഡ്വേര്‍ഡ് ആല്‍ഡന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിലെ സീനിയര്‍ ഫെലോയും ആഗോള വ്യാപാരം വിശകലനം ചെയ്യുന്ന നിരവധി കൃതികളുടെ കര്‍ത്താവുമാണ്. അധികാരത്തിന്റെ സന്തുലിതാവസ്ഥ പാലിക്കുന്നത് സംബന്ധിച്ച് ഉണ്ടായ അബദ്ധങ്ങളാണ് ഒന്നാം ലോകമഹായുദ്ധത്തിന് കാരണമായതെന്നാണ് ആന്‍ഡന്‍ ചൂണ്ടിക്കാട്ടുന്നത്. ട്രംപ് യുദ്ധ വിരുദ്ധനാണ് എന്ന കാര്യം സത്യമാണെങ്കിലും അദ്ദേഹത്തിന് ചുറ്റും യുദ്ധസാഹചര്യത്തിലേക്ക് രാജ്യത്തെ നിര്‍ബന്ധിതമാക്കുന്ന ചില ശക്തികള്‍ ഉണ്ടെന്നാണ് ആന്‍ഡന്‍ വിശദീകരിക്കുന്നത്.

ട്രംപിന് ചുറ്റുമുള്ള ഇവര്‍ അദ്ദേഹത്തെ കൊണ്ട് ചെന്ന് ചാടിക്കുന്നത് ആത്മാഭിമാനം സംരക്ഷിക്കാനുള്ള ഒരുയുദ്ധത്തിലേക്കായിരിക്കും എന്നും ആന്‍ഡന്‍ കണക്ക് കൂട്ടുന്നു. ഷി ജിന്‍പിങ്ങിനോട് വ്യക്തിപരമായി ശത്രുത പുലര്‍ത്തുന്ന ഒരാളായി ട്രംപിനെ കാണുന്നില്ലെന്ന്് അദ്ദേഹം അഭിപ്രായപ്പെടുന്നു. ശക്തരായ നേതാക്കളെ ട്രംപ് ബഹുമാനിക്കുന്നു എന്നും ഷീജിന്‍പിങ്ങിനെ വളരെയധികം ഇഷ്ടപ്പെടുന്നതായി താന്‍ കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ട്രംപിനൊപ്പം ധിക്കാരികളായ ചില ആളുകളുള്ളതായി ആന്‍ഡന്‍ കുറ്റപ്പെടുത്തി.

ഇവരില്‍ ഏറ്റവും പ്രധാനി ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവായ പീറ്റര്‍ നവാരോയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയെ കുറിച്ച് മോശമായ വീക്ഷണമാണ് അദ്ദേഹത്തിനുള്ളതെന്നും ഈ സാഹചര്യത്തില്‍ സംഘര്‍ഷം അനിവാര്യമാണെന്നും ആന്‍ഡന്‍ അഭിപ്രായപ്പെട്ടു. ചൈനയ്‌ക്കെതിരായ കര്‍ശനമായ നടപടികള്‍ക്ക് അമേരിക്കന്‍ ജനതയുടെ പിന്തുണയുള്ളതിനാല്‍ ട്രംപ് തന്റെ വ്യാപാര യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംഘര്‍ഷത്തിന്റെ ഗതിമാറ്റാന്‍ ട്രംപിന് കഴിയുമെന്നും ആന്‍ഡന്‍ വ്യക്തമാക്കി.