വാഷിങ്ടണ്‍: ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ തന്നെ അറുതി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്താരാഷ്ട്ര രോഷം വര്‍ധിക്കുന്നതിനാല്‍ ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടട്ു. വിശപ്പിനും മറ്റ് പ്രശ്നങ്ങള്‍ക്കുമിടയില്‍ ആളുകള്‍ കൊല്ലപ്പെടുകയാണെന്ന് ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസം നാസ്സര്‍ ആശുപത്രിയില്‍ നടന്ന, അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തെ ട്രംപ് അപലപിച്ചിരുന്നു. സംഭവത്തില്‍ താന്‍ സന്തോഷവാനല്ലെന്നും ഈ പേടി സ്വപ്നം മുഴുവന്‍ അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. ഗാസയില്‍ അവശേഷിക്കുന്ന ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാനുള്ള തന്റെ ശ്രമത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

ഗസ്സ ഖാന്‍ യൂനിസിലെ അല്‍ നാസര്‍ ആശുപത്രി ആക്രമിച്ച് അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ അടക്കം 20 പേരെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു. റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സിയുടെ ഫോട്ടോ ജേണലിസ്റ്റ് ഹുസ്സാം അല്‍ മസ്‌രി, അല്‍ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, അസോസിയേറ്റഡ് അടക്കം പ്രസ് വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയിരുന്ന മറിയം അബൂ ദഖ, എന്‍.ബി.സി നെറ്റ്‌വര്‍ക്ക് മാധ്യമപ്രവര്‍ത്തകന്‍ മുആസ് അബൂതാഹ, ഖുദ്‌സ് ഫീഡ് റിപ്പോര്‍ട്ടര്‍ അഹ്‌മദ് അബൂ അസീസ് എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍.

മുഹമ്മദ് സലാമ ഫലസ്തീനി മാധ്യമപ്രവര്‍ത്തക ഹല അസ്ഫൂറിനെ വിവാഹം ചെയ്തത് കഴിഞ്ഞവര്‍ഷം യുദ്ധത്തിനിടയിലാണ്. ഗസ്സയിലെ ആശുപത്രികളിലെ മരുന്നിന്റെയും ചികിത്സ ഉപകരണങ്ങളുടെയും ക്ഷാമവും പ്രയാസങ്ങളും റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ഇവര്‍.

ആശുപത്രിക്കുമേല്‍ നേരിട്ട് ബോംബിടുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരും മറ്റു മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ സംഭവസ്ഥലത്ത് എത്തിയപ്പോള്‍ വീണ്ടും ബോംബിട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതേ ആശുപത്രിയിലും മറ്റു ആശുപത്രികളിലും ഇസ്രായേല്‍ മുമ്പ് പലവട്ടം ബോംബിട്ടിട്ടുണ്ട്. ആശുപത്രിയില്‍ നടത്തിയ ആക്രമണത്തെ യു.എന്നും വിവിധ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും അപലപിച്ചു. യുദ്ധം ആരംഭിച്ചശേഷം 274 മാധ്യമപ്രവര്‍ത്തകരെയാണ് ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്.

ഗസ്സ സിറ്റിയിലെ സൈത്തൂന്‍, സബ്‌റ എന്നിവിടങ്ങളില്‍ ഇസ്രായേല്‍ കനത്ത ആക്രമണം നടത്തി.