വാഷിങ്ടണ്‍: പോളിഷ് വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ ഡ്രോണുകള്‍ ഒറ്റരാത്രികൊണ്ട് നാറ്റോ സഖ്യ കക്ഷികള്‍ വെടിവെച്ചിട്ട സംഭവത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ഇതാ നമ്മള്‍ തുടങ്ങുകയായി എന്നൊരു സന്ദേശമാണ് അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കു വെച്ചത്. 'ഡ്രോണുകള്‍ ഉപയോഗിച്ച് റഷ്യ പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിന്റെ പൊരുള്‍ എന്താണ് എന്നാണ് ഇന്നലെ തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ അദ്ദേഹം ചോദിച്ചത്.

അതേ സമയം റഷ്യയെ കുറ്റപ്പെടുത്തിയ പോളണ്ടിലെ പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് റഷ്യയുടെ പത്തൊമ്പത് നിയമലംഘനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറഞ്ഞത് മൂന്ന് ഡ്രോണുകളെങ്കിലും ഒറ്റരാത്രികൊണ്ട് വെടി വെച്ചിട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. പോളണ്ടിന്റെ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ ഈ പ്രകോപനം മുമ്പത്തെ ഏതൊരു പ്രകോപനത്തേക്കാളും അപകടകരമാണെന്നതില്‍ സംശയമില്ലെന്നും ടസ്‌ക്ക് ചൂണ്ടിക്കാട്ടി.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏത് സമയത്തേക്കാളും ഈ സാഹചര്യം എല്ലാവരേയേും സംഘര്‍ഷതിതിലേക്ക് എത്തിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പോളണ്ടിനെ ആക്രമിക്കാന്‍

തങ്ങള്‍ക്ക് ല്ക്ഷ്യമില്ലെന്നാണ് റഷ്യന്‍ സൈന്യം വ്യക്തമാക്കിയത്. ഡ്രോണാക്രമണം നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച റഷ്യ പോളണ്ടുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും വെളിപ്പെടുത്തി.

അതേ സമയം റഷ്യയുടെ നിലപാടിനെതിരെ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി രംഗത്തെത്തി. റഷ്യ

വ്യോമാതിര്‍ത്തി ലംഘിച്ചത് യൂറോപ്പിന് അപകടകരായ മാതൃകയാണെന്നാണ് അദ്ദേഹം വിമര്‍ശിച്ചത്. ഇത് യാദൃശ്ചികമായി സംഭവിച്ച ഒരു കാര്യമല്ല എന്നും അദ്ദേഹം തുറന്നടിച്ചു. ഡ്രോണാക്രമണത്തില്‍ ഒരു വീടിനും കാറിനും കേടുപാടുകള്‍ സംഭവിച്ച കാര്യവും സെലന്‍സ്‌കി എടുത്തുകാട്ടി.

പോളണ്ടിനെ അപമാനിക്കാനുള്ള ശ്രമമാണ് ഇതെന്നും നാറ്റോ ഇക്കാര്യത്തില്‍ ശക്തിയായി പ്രതികരിക്കണം എന്നും യുക്രൈന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ഡ്രോണുകളുടെ നുഴഞ്ഞുകയറ്റം യാദൃശ്ചിക സംഭവമല്ല എന്ന് പോളണ്ടിന്റെ വിദേശകാര്യ മന്ത്രി റാഡോസ്ലോ സിക്കോര്‍സ്‌കിയും പറഞ്ഞു. റഷ്യന്‍ ഡ്രോണുകള്‍ പോളിഷ് വ്യോമാതിര്‍ത്തിയിലേക്ക് നേരത്തേയും കടന്നുകയറിയിട്ടുണ്ടെന്ന് സിക്കോര്‍സ്‌കി പറഞ്ഞു. എന്നാല്‍ സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ പോളണ്ടിനെ ലക്ഷ്യം വച്ചുള്ള ആരോപണം റഷ്യയുടെ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. ഉക്രെയ്‌നിലെ യുദ്ധം രൂക്ഷമാക്കാന്‍ പോളണ്ട് കെട്ടുകഥകള്‍ പ്രചരിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. അതേ സമയം ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്. വിവിധ രാജ്യങ്ങള്‍ റഷ്യയുടെ ഡ്രോണാക്രമണത്തെ അപലപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും റഷ്യയുടെ ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.പോളണ്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഏഴ് ഡ്രോണുകളും ഒരു തിരിച്ചറിയാത്ത വസ്തുവിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി പോളണ്ട് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.