ന്യൂഡല്‍ഹി: തന്റെ ഇടപെടല്‍ കൊണ്ട് ആണവ യുദ്ധം ഒഴിവായി എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ട കാര്യം. ഇതോടെ ഇന്ത്യയുടെ മിസൈല്‍ കിരാന ഹില്‍സില്‍ എത്തിയെന്ന ശക്തമായ സൂചന തന്നെയാണ് പുറത്തുവരുന്നതും. എന്നാല്‍, ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കാതെ നയതന്ത്ര വഴിയിലാണ് ഇന്ത്യ നീങ്ങുന്നതും. സൈന്യം കിരാന ഹില്‍സ് ലക്ഷ്യം വെച്ചില്ലെന്നാണ് അവകാശപ്പെടുന്നത്. അതേസമയം ഇന്ത്യ-പാക് വിഷയം ട്രംപ് സ്വന്തം ഇമേജ് വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു എന്ന വികാരവും ശക്തമാണ്. തന്റെ ഇടപെടലാണ് പ്രശ്‌നം തീര്‍ത്തതെന്ന ട്രംപിന്റെ വാക്കുകള്‍ ഇന്ത്യയെ ശരിക്കും ചൊടിപ്പിക്കുന്നുണ്ട് താനും. ഈ വിഷയത്തില്‍ ട്രംപിന് കച്ചവടക്കണ്ണാണെന്നത് ഇതോടെ വ്യക്തമാണ്.

ലോകത്തെവിടെയും പ്രശ്‌നം തീര്‍ക്കാന്‍ തനിക്കാവുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുന്നത്. ഇതിന് ഉദാഹരണമായി അദ്ദേഹം ഇന്നലെ വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യപാക്ക് വെടിനിര്‍ത്തല്‍ തന്റെ ഇടപെടല്‍ മൂലമാണെന്ന വാദം ആവര്‍ത്തിച്ചു. ഏറ്റുമുട്ടല്‍ നിര്‍ത്തിയില്ലെങ്കില്‍ വ്യാപാരബന്ധമില്ലെന്ന ഭീഷണിയെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിനു സമ്മതിച്ചതെന്നാണു ട്രംപ് പറഞ്ഞത്.

വ്യാപാരത്തെ നയതന്ത്രത്തില്‍ ഇങ്ങനെ മറ്റാരും ഉപയോഗിച്ചിട്ടില്ലെന്നും അവകാശപ്പെട്ടു. 'ഞാന്‍ പറഞ്ഞു, ഞങ്ങള്‍ (യുഎസ്) നിങ്ങളുമായി (ഇന്ത്യയും പാക്കിസ്ഥാനും ) ധാരാളം വ്യാപാരം നടത്താന്‍ പോകുകയാണ്. അതിനാല്‍ ഇതു നിര്‍ത്തുക. നിങ്ങള്‍ ഇത് അവസാനിപ്പിക്കുകയാണെങ്കില്‍, നാം വ്യാപാരം ചെയ്യും. നിര്‍ത്തുന്നില്ലെങ്കില്‍, ഒരു വ്യാപാരവും ഇല്ല. പൊടുന്നനെ അവര്‍ പറഞ്ഞു, ഞങ്ങള്‍ നിര്‍ത്താം.'

'വെടിനിര്‍ത്തലിന് അവര്‍ക്ക് ഒരുപാടു കാരണങ്ങളുണ്ടാവും. പക്ഷേ, വ്യാപാരമാണ് അക്കൂട്ടത്തില്‍ വലുത്. പാക്കിസ്ഥാനുമായി അമേരിക്ക നല്ല വ്യാപാരമാണു നടത്താന്‍ പോകുന്നത്. ഇന്ത്യയുമായി വ്യാപാരചര്‍ച്ചകള്‍ നടന്നുവരുന്നു. ആണവസംഘര്‍ഷവും ഇതോടെ തടയാനായി' ട്രംപ് വിശദീകരിച്ചു.സൈനിക നടപടി അവസാനിപ്പിക്കാനുള്ള ചര്‍ച്ച ഇരുരാജ്യങ്ങളുടെയും സൈനിക തലത്തില്‍ മാത്രമാണു നടന്നതെന്നും മറ്റൊരു രാജ്യവും മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും ഇന്ത്യ ആവര്‍ത്തിക്കുമ്പോഴാണിത്.

ശനിയാഴ്ച വൈകിട്ട് 5നു പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ യുഎസ് മധ്യസ്ഥതയിലാണെന്ന് 5.33നു ട്രംപ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. 6 മണിക്കാണു കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മധ്യസ്ഥത ഇല്ലെന്ന് ഇന്ത്യ അപ്പോഴേ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഈ മാസം 9നു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ 8 നും 10 നും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോടും 10നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടും സംസാരിച്ചു. ഈ സംഭാഷണങ്ങളിലൊന്നും വ്യാപാരവിഷയങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നാണു വിദേശകാര്യ മന്ത്രാലയത്തില്‍നിന്നുള്ള വിവരം. വ്യാപാരവിഷയം ഉയര്‍ത്തി ഇന്ത്യയെ ഭീഷണിപ്പെടുത്തിയെന്ന ട്രംപിന്റെ വെളിപ്പെടുത്തല്‍ യുഎസുമായുള്ള വ്യാപാരചര്‍ച്ചകളെ ബാധിക്കുമോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ട്രംപിന്റെ ഇടപെടലിനെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിക്കഴിഞ്ഞു. ട്രംപിന്റെ വെളിപ്പെടുത്തലാകും വരുംദിവസങ്ങളില്‍ പ്രതിപക്ഷത്തിന്റെ ആയുധം.

തന്റെ മധ്യസ്ഥതയിലാണ് ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തല്‍ കരാറില്‍ എത്തിയതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കളയാന്‍ എന്തുകൊണ്ടാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി തയ്യാറാവാത്തതെന്ന ചോദ്യം നയതന്ത്ര വൃത്തങ്ങളിലും സജീവമാണ്. ''ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിലേക്ക് എത്തിയത്. സാമാന്യ യുക്തിയുള്ളതും ബുദ്ധിപരവുമായ തീരുമാനത്തെ അഭിനന്ദിക്കുന്നു'' ഇങ്ങനെയായിരുന്നു പ്രസിഡന്റ് ട്രംപിന്റെ എക്‌സിലെ പോസ്റ്റ്.

ഇതോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്ക വിഷയങ്ങളില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ പാടില്ല എന്ന പ്രഖ്യാപിത നിലപാടിന്റെ ലംഘനം സംഭവിച്ചുവെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയത്. ഇതിന് സര്‍ക്കാരും ബിജെപിയും ഇനിയും മറുപടി പറയാന്‍ തയ്യാറായിട്ടില്ല.

ട്രംപിന്റെ പ്രസ്താവന സൃഷ്ടിച്ച ആശയക്കുഴപ്പം പരിഹരിക്കാന്‍ നരേന്ദ്ര മോദി രംഗത്തു വരാത്തതിന് പിന്നിലെ ദുരൂഹത മാറ്റണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആവശ്യം. ഇന്ത്യയും അയല്‍രാജ്യങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ പാടില്ല എന്ന നയമാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ പിന്തുടര്‍ന്നു പോരുന്നത്. ഇതാണ് ലംഘിക്കപ്പെട്ടത് എന്നാണ് പ്രതിപക്ഷ ആക്ഷേപം. ഇന്ത്യാ യുഎസ് താരിഫ് കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടക്കുന്ന വേളയില്‍ അമേരിക്കയെ പിണക്കുന്ന നിലപാട് പ്രധാനമന്ത്രി മോദിക്ക് സ്വീകരിക്കാനാവില്ലെന്നും വ്യാഖ്യാനിക്കുന്നവരുണ്ട്.

ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തല്‍ കരാറിലെത്തിയത് എന്നാണ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി പറഞ്ഞത്. പാകിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അപ്പോഴും അമേരിക്കന്‍ പ്രസിഡന്റിന്റെ അവകാശ വാദത്തെ നമ്മുടെ സര്‍ക്കാര്‍ തള്ളിപ്പറയുകയോ, നിഷേധിക്കുക ചെയ്തിട്ടില്ല.