- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപിറ്റോള്‍ കലാപകാരികള്‍ക്ക് മാപ്പ് നല്‍കി ട്രംപ്; 1500 പേര്‍ക്ക് മാപ്പു നല്‍കിയത് ആദ്യ ഉത്തരവില്‍ ഒപ്പുവെച്ചു കൊണ്ട്; പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്മാറി; മെക്‌സിക്കന്‍ ഡ്രഗ് കാര്‍ട്ടലുകളോടും യുദ്ധപ്രഖ്യാപനം; മയക്കുമരുന്നു മാഫിയകളെ തീവ്രവാദികളായി കണക്കാക്കുമെന്ന് ട്രംപ്
കാപിറ്റോള്‍ കലാപകാരികള്‍ക്ക് മാപ്പ് നല്‍കി ട്രംപ്;
വാഷിങ്ടണ്‍: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ വന്‍ പ്രഖ്യാപനങ്ങളാണ് ട്രംപില്‍ നിന്നും ഉണ്ടായത്. മെക്‌സിക്കയോട് യുദ്ധം പ്രഖ്യാപിക്കുന്ന വിധത്തിലാണ് ട്രംപിന്റെ നയങ്ങള്‍. അതിര്‍ത്തി കടന്നെത്തുന്ന അനധികൃത കുടിയേറ്റം തടയുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. വൈറ്റ്ഹൗസിലെത്തി ചുമതലയേറ്റ ശേഷം ട്രംപി നിര്‍ണായക ഉത്തരവുകളിലും ഒപ്പുവെച്ചു. കാപിറ്റോള്‍ കലാപകാരികള്‍ക്ക് മാപ്പ് നല്‍കി കൊണ്ടാണ് ട്രംപിന്റെ ആദ്യ ഉത്തരവ്. പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്മാറുന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു.
ജോ ബൈഡന്‍ പ്രസിഡന്റാവുന്നത് തടയാന്‍ 2021 ജനുവരി ആറാം തീയതിയാണ് കലാപകാരികള്‍ കാപ്പിറ്റോള്‍ കെട്ടിടത്തിലേക്ക് ഇരച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയത്. കേസില്‍ കുറ്റക്കാരായ 1500 പേര്‍ക്കാണ് ട്രംപ് അധികാരമേറ്റശേഷമുള്ള ആദ്യ ഉത്തരവില്‍ ഒപ്പുവെച്ചത്. അവര്‍ ബന്ദികളാണെന്നും കേസില്‍ കുറ്റക്കാരായ 1500 പേര്‍ക്കും മാപ്പ് നല്‍കുന്നതായും ട്രംപ് പ്രഖ്യാപിച്ചു. ഇന്ന് രാത്രി തന്നെ അവര്‍ക്ക് പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബൈഡന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികള്‍ ഭരണസിരാകേന്ദ്രത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. കലാപത്തില്‍ ട്രംപ് അനുകൂലികളും പൊലീസുകാരും ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിലെ കരിപുരണ്ടദിനമായാണ് കാപിറ്റോള്‍ ആക്രമണത്തെ ജനാധിപത്യവിശ്വാസികള്‍ കാണുന്നത്. അക്രമത്തില്‍ ട്രംപ് കുറ്റക്കാരനാണെന്ന് യു.എസ് നീതിന്യാക വകുപ്പ് കണ്ടെത്തിയിരുന്നു.
എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കേസ് തള്ളിയിരുന്നു. അതേസമയം, രണ്ടാം തവണയാണ് അമേരിക്ക പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍നിന്ന് പിന്മാറുന്നത്. കരാറില്‍നിന്ന് പിന്മാറുന്നതായി അറിയിച്ച് ഐക്യരാഷ്ട്ര സഭക്ക് ഔദ്യോഗികമായി നല്‍കുന്ന കത്തില്‍ ട്രംപ് ഒപ്പുവെച്ചു. കാലാവസ്ഥാ വ്യതിയാനവും അതിന്റെ പ്രതികൂല പ്രത്യാഘാതങ്ങളും നേരിടാന്‍, പാരീസില്‍ നടന്ന യു.എന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സിലാണ് ലോക നേതാക്കള്‍ 2015 ഡിസംബര്‍ 12ന് ചരിത്രപരമായ പാരീസ് ഉടമ്പടിയിലെത്തിയത്.
അതേസമയം അമേരിക്കയിലേക്ക് മയക്കുമരുന്ന് ഒഴുക്കുന്ന മാഫിയകളെ നേരിടാനും ട്രംപ് ഒരുങ്ങുകയാണ്. മെക്‌സിക്കന്‍ ഡ്രഗ കാര്‍ട്ടലുകളെ തീവ്രവാദികളായി കണക്കാക്കുമെന്നും നേരിടുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം. കാര്‍ട്ടലുകളോടും ഇതോടെ ട്രംപ് യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്. അനധികൃത കുടിയേറ്റം തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് സത്യപ്രതിജ്ഞക്കുശേഷം ഉദ്ഘാടന പ്രഭാഷണത്തില്‍ ട്രംപ് പറഞ്ഞിരുന്നു.
സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ കഴിയാത്ത ബൈഡന്‍ ഭരണകൂടത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ട്രംപ് ഉന്നയിച്ചത്. അമേരിക്കയുടെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. രാജ്യത്തിന്റെ ശോഭനമായ ദിനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ വീണ്ടും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡോണള്‍ഡ് ട്രംപ് സുപ്രധാന ഉത്തരവുകളില്‍ ഒപ്പുവെക്കാന്‍ തയാറെടുക്കുന്നു. മെക്സിക്കോയുമായുള്ള തെക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള എക്സിക്യുട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെക്കും. അനധികൃത കുടിയേറ്റങ്ങളെ തടയും. രാജ്യത്ത് അനധികൃതമായി വന്നവരെ തിരിച്ചയക്കുമെന്നും ട്രംപ് പറഞ്ഞു.
പാനമ കനാലുമായി ബന്ധപ്പെട്ട കരാര്‍ പാനമ ലംഘിച്ചതിനാല്‍ ആ സമ്മാനം തിരിച്ചെടുക്കും. കനാല്‍ ചൈന നിയന്ത്രിക്കുന്നു. മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കി മാറ്റും. യു.എസില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം. ട്രാന്‍സ്‌ജെന്‍ഡറുകളെ നിയമപരമായി അംഗീകരിക്കില്ല. എല്ലാ സെന്‍സര്‍ഷിപ്പും അവസാനിപ്പിച്ച് അഭിപ്രായ സ്വാതന്ത്ര്യം തിരികെ കൊണ്ടുവരാനുള്ള എക്‌സിക്യുട്ടിവ് ഉത്തരവില്‍ ഒപ്പുവെക്കും. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കാനുള്ള ഉത്തരവ് പിന്‍വലിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയുടെ സുവര്‍ണ കാലഘട്ടം ആരംഭിച്ചുവെന്ന് പ്രഖ്യാപിച്ചാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. ഈ ദിവസം മുതല്‍ നമ്മുടെ രാഷ്ട്രം ബഹുമാനിക്കപ്പെടും. ഞാന്‍ എപ്പോഴും അമേരിക്കയെയാണ് മുന്നില്‍ നിര്‍ത്തുക. അഭിമാനവും സമൃദ്ധിയും സ്വതന്ത്രവുമായ ഒരു രാജ്യത്തെ സൃഷ്ടിക്കുകയെന്നതിനാണ് പ്രഥമ പരിഗണന. അമേരിക്ക ഐക്യത്തിന്റെയും സമാധാനത്തിന്റെയും വക്താക്കളാകും. ബഹിരാകാശ രംഗത്ത് യു.എസ് പുതിയ ഉയരങ്ങളിലെത്തും. യു.എസ് ബഹിരാകാശ യാത്രികര്‍ ചൊവ്വയിലെത്തും. അമേരിക്ക ഇതുവരെയുണ്ടായതിനേക്കാള്‍ കരുത്താര്‍ജിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വധശ്രമത്തില്‍നിന്ന് താന്‍ രക്ഷപ്പെട്ടതിന് പിന്നില്‍ ഒരു കാരണമുണ്ട്. അത് അമേരിക്കയെ വീണ്ടും മഹത്തരമാക്കുകയെന്നതാണ്. ബൈഡന്റെ മുന്‍ സര്‍ക്കാരിനെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ രാജ്യത്ത് അനധികൃതമായി കുടിയേറിയവര്‍ക്ക് സംരക്ഷണമൊരുക്കി. വിദേശ അതിര്‍ത്തികളുടെ പ്രതിരോധത്തിന് പണം നല്‍കിയെന്നും അതേസമയം സ്വന്തം അതിര്‍ത്തികള്‍ പ്രതിരോധിക്കാന്‍ ഇടപെട്ടില്ലെന്നും ട്രംപ് പറഞ്ഞു.
എട്ടു വര്‍ഷം മുമ്പ് അപ്രതീക്ഷിതമായി അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തി ലോകത്തെ ഞെട്ടിച്ച ട്രംപ് ഇത്തവണ അതിലും വലിയ നാടകീയതകള്‍ക്കൊടുവിലാണ് പൂര്‍വാധികം കരുത്തോടെ രാജ്യത്തിന്റെ അമരക്കാരനായത്. കഴിഞ്ഞവര്‍ഷം നവംബര്‍ അഞ്ചിന് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് ട്രംപ് രണ്ടാമൂഴത്തിലേക്ക് ചുവടുവെച്ചത്. ട്രംപ് ഭരണകൂടത്തിന്റെ വരുംനാളുകളിലെ നടപടികള്‍ ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.