വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ കൈകാലുകള്‍ വിലങ്ങിട്ട് എത്തിച്ചതില്‍ പ്രതിഷേധം ഇരമ്പുകയാണ്. ഇതിനിടെ ട്രംപിന്റെ മറ്റൊരു ഉത്തരവും ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനെതിരെ ഉപരോധങ്ങള്‍ കടുപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനമാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ ദശലക്ഷങ്ങള്‍ ചെലവഴിച്ച് വികസിപ്പിക്കുന്ന ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് നല്‍കിയ ഉപരോധ ഇളവുകള്‍ അടക്കം റദ്ദാക്കേണ്ട സാഹചര്യമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലോടെ ഉണ്ടാകുന്നത്. എന്നാല്‍, ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും മൗനത്തിലാണ്.

ഇന്ത്യയെ മധ്യ ഏഷ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കാന്‍ സഹായകമായ തുറമുഖത്തിന് വിലക്ക് വരുന്നത് രാജ്യത്തിന് കനത്ത തിരിച്ചടിയാണ്. ഇറാന്റെ എണ്ണകയറ്റുമതിയ്ക്കുള്ള ഉപരോധം സമ്പൂര്‍ണ്ണമാക്കാന്‍ സമ്മര്‍ദ്ദനയം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് പുതിയ ഉപരോധ കരാറില്‍ ഒപ്പിട്ടത്. ഈ കരാറാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്.

ഇറാനുമായും അഫ്ഗാനിസ്ഥാനുമായും 2016-ലെ ത്രികക്ഷി കരാറിന് കീഴിലാണ് ചബഹാര്‍ തുറമുഖത്ത് ഷാഹിദ് ബെഹെഷ്തി ടെര്‍മിനല്‍ ഇന്ത്യ വികസിപ്പിച്ചത്. ഇറാനുമായി വ്യാപാര ഇടപാടുകളില്‍ ഏര്‍പ്പെടുന്നവര്‍ ഉപരോധത്തിന്റെ അപകട സാധ്യതയെക്കുറിച്ച് മനസിലാക്കണമെന്ന് ബൈഡന്‍ ഭരണകൂടം അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതില്‍ ഇന്ത്യയ്ക്ക് ഇളവ് അനുവദിച്ചിരുന്നു. ഇതാണ് ട്രംപിന്റെ പുതിയ ഉത്തരവിലൂടെ റദ്ദ് ചെയ്യപ്പെടുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ ഈവിഷയം ചര്‍ച്ചയായേക്കും എന്നും സൂചനകളുണ്ട്.

ഇറാനിലെ തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറില്‍ ഇന്ത്യയും ഇറാനും ഒപ്പുവെച്ചത് അടുത്തിടെയാണ്. 10 വര്‍ഷത്തേക്കുള്ള തുറമുഖത്തിന്റെ നടത്തിപ്പിനായുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പു വെച്ചിരിക്കുന്നത്. ഈ കരാര്‍ ഇരുരാജ്യങ്ങള്‍ക്കും പരസ്പരം ബന്ധപ്പെടുന്നതിനും വ്യാപാര ബന്ധം കൂടുതല്‍ ശക്തമാകുന്നതിലും പ്രധാന പങ്കുവഹിക്കും. ഇന്ത്യ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പുചുമതല ഏറ്റെടുത്തതും ചബഹാര്‍ തുറമുഖത്തിന്റേതാണ്.

ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തില്‍ ഈ തുറമുഖം വലിയ സ്വാധീനം ചെലുത്തും എന്നാണ് പ്രതീക്ഷയിലായിരുന്നു രാജ്യം. അയല്‍ രാജ്യമായ പാക്കിസ്ഥാനെ മറികടന്ന് മധ്യേഷ്യയിലെ സാധ്യതകള്‍ നേരിട്ട് പ്രയോജനപ്പെടുത്താന്‍ ഈ കരാര്‍ ഇന്ത്യക്ക് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെട്ടത്.

ഊര്‍ജ്ജ സമ്പന്നമായ ഇറാന്റെ തെക്കുകിഴക്കന്‍ തീരത്ത് സിസ്റ്റാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ചബഹാര്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്. തുറമുഖം ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാര ബന്ധം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, അര്‍മേനിയ, അസര്‍ബൈജാന്‍, റഷ്യ, മധ്യേഷ്യ, യൂറോപ്പ് ഉള്‍പ്പെടുന്ന 7,200 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ബഹുവിധ ഗതാഗത പദ്ധതിയായ ഐഎന്‍എസ്ടിസിയിലും ഈ തുറമുഖം നിര്‍ണായകമായി നിലനില്‍ക്കും.

2003-ല്‍ ഇറാന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ തുറമുഖത്തിന്റെ വികസനം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2015 മെയ് മാസത്തില്‍ ഇന്ത്യ ഇത് സംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. അതിനുശേഷം, 2016 മെയ് 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാന്‍ സന്ദര്‍ശന വേളയില്‍ ആണ് ഈ കരാര്‍ ഉടമ്പടിവെച്ചത്.

അതേസമയം ചബഹാര്‍ ഒരു സമുദ്ര തുറമുഖമാണ്. ഇതിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിലൂടെ പാക്കിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും അതിനപ്പുറത്തേക്കും മധ്യേഷ്യയിലേക്കും നേരിട്ട് പ്രവേശനം സ്ഥാപിക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടത്. 2024-25 വര്‍ഷത്തേക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചബഹാര്‍ തുറമുഖത്തിന് 100 കോടി രൂപ അനുവദിച്ചിരുന്നു. ട്രംപിന്റെ ഉപരോധ നയം ചബാഹര്‍ തുറമുഖത്തിന്റെ ഭാവിയില്‍ നിര്‍ണായകമാകും.