- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയുടെ ഭരണവും നിയന്ത്രണവും കൈമാറിയില്ലെങ്കില്‍ ഹമാസിനെ സമ്പൂര്‍ണമായി തുടച്ചുനീക്കും; സമാധാന കരാര്‍ അംഗീകരിക്കാന്‍ ഇത് അവസാന അവസരം; നെതന്യാഹു ഗസ്സയിലെ ബോംബാക്രമണം നിര്‍ത്താന്‍ തയ്യാറാണെന്നും ട്രംപ്; ഞായറാഴ്ച സമയപരിധി അവസാനിക്കാനിരിക്കെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്; യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് മാര്‍ക്കോ റൂബിയോ
ഗസ്സയുടെ ഭരണവും നിയന്ത്രണവും കൈമാറിയില്ലെങ്കില്‍ ഹമാസിനെ സമ്പൂര്‍ണമായി തുടച്ചുനീക്കും
വാഷിംഗ്ടണ്‍: തന്റെ സമാധാന പദ്ധതി പ്രകാരം ഗസ്സയുടെ അധികാരവും നിയന്ത്രണവും കയ്യൊഴിയാന്‍ തയ്യാറായില്ലെങ്കില്‍, ഹമാസിന് സമ്പൂര്‍ണ്ണ നാശം നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ( വാഷിങ്ടണ്‍ സമയം) സമയപരിധി തീരും മുമ്പാണ് ഹമാസ് തീരുമാനം എടുക്കേണ്ടത്. സമയപരിധി അവസാനിക്കാന്‍ 12 മണിക്കൂര്‍ അവശേഷിക്കവേയാണ് സിഎന്‍എന്നിനോട് ട്രംപ് സംസാരിച്ചത്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയിലെ ബോംബാക്രമണം നിര്‍ത്താന്‍ തയ്യാറാണോ എന്ന ചോദ്യത്തിന്, 'അതെ, ബിബിയെ സംബന്ധിച്ചിടത്തോളം' എന്ന് ട്രംപ് പ്രതികരിച്ചു. ഹമാസിന് സമാധാന കരാര്‍ അംഗീകരിക്കാന്‍ അവസാന അവസരം നല്‍കുകയാണെന്നും, ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുകയും ശത്രുത അവസാനിപ്പിക്കുകയും ചെയ്താല്‍ 'എന്തുവന്നാലും സമാധാനം ഉണ്ടാകുമെന്നും' അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേലും ഹമാസും തമ്മിലുള്ള രണ്ടു വര്‍ഷം നീണ്ടുനിന്ന ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ഇരുപക്ഷത്തെയും പ്രേരിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി 20 ഇനങ്ങളുള്ള ഒരു സമാധാന പദ്ധതി അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഇത് വെടിനിര്‍ത്തലിന് പുറമെ ഗാസയുടെ യുദ്ധാനന്തര ഭരണത്തെക്കുറിച്ചുള്ള ചട്ടക്കൂടും ഉള്‍ക്കൊള്ളുന്നു. ഈ പദ്ധതി പ്രകാരം, ട്രംപ് അധ്യക്ഷനായി ഒരു താത്കാലിക ഭരണസമിതി രൂപീകരിക്കുമെന്നും, ഇതില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായിരിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ഗസ്സയില്‍ നിന്ന് ആരെയും നിര്‍ബന്ധിച്ച് ഒഴിപ്പിക്കില്ലെന്നും, ഇരുപക്ഷവും നിബന്ധനകള്‍ അംഗീകരിച്ചാല്‍ ഉടന്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്നും പദ്ധതി വ്യക്തമാക്കുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇതിനോടകം വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിച്ചിട്ടുണ്ട്. ഗസ്സയിലെ യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഞായറാഴ്ച വ്യക്തമാക്കി.
ബന്ദികളെ ഹമാസ് വിട്ടയയ്ക്കുന്നത് ആദ്യ ഘട്ടം മാത്രമാണ്. തുടര്‍ ക്രമീകരണങ്ങള്‍ നിര്‍ണയിക്കാനിരിക്കുന്നതേയുള്ളുവെന്ന റൂബിയോ പറഞ്ഞു. ഹമാസ് സമാധാന പദ്ധതിയെ ഗൗരവമായിട്ടാണോ എടുത്തിരിക്കുന്നതെന്ന് ഇപ്പോള്‍ നടക്കുന്ന സാങ്കേതിക ചര്‍ച്ചകളിലൂടെ യുഎസിന് വ്യക്തമാകും. ഇസ്രയേല്‍ ഓഗസ്റ്റ് മധ്യത്തില്‍ നിലയുറപ്പിച്ചിരുന്നു യെല്ലോ ലൈനിലേക്ക് പിന്‍വാങ്ങുന്നതിന് പകരമായി ഹമാസ് എല്ലാ ബന്ദികളെയും വിട്ടയയ്ക്കുന്നതിനാണ് അടിയന്തര പരിഗണനയെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു.
ഹമാസിനെ നിരായുധീകരിക്കുന്നതില്‍ വിട്ടുവീഴ്ചയില്ല:നെതന്യാഹു
അതേസമയം, ഹമാസിനെ നിരായുധീകരിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്നും ബന്ദികള്‍ വീട്ടിലേക്ക് മടങ്ങിയത്തുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ട്രംപ് മുന്നോട്ടു വെച്ച ഗാസ സമാധാന ഉടമ്പടി കരാര്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇസ്രായേലില്‍ നിന്നുള്ള ഒരു സംഘം ഈജിപ്തിലേക്ക് പോകുമെന്നും നെതന്യാഹു അറിയിച്ചു. ഹമാസുമായുള്ള ചര്‍ച്ചകള്‍ നടക്കുക ഈജിപ്തില്‍ വെച്ചാകും. യുഎസ് മധ്യസ്ഥതയിലുള്ള സമാധാന പദ്ധതിക്ക് കീഴില്‍ ഹമാസുമായുള്ള പരോക്ഷ ചര്‍ച്ചകള്‍ക്ക് വേഗം കൈവരുന്നതിന്റെ സൂചന നല്‍കുന്നതാണ് നെതന്യാഹുവിന്റെ പ്രസ്താവന.
അടുത്ത ദിവസങ്ങളില്‍ തന്നെ എല്ലാ ബന്ദികളെയും മോചിപ്പിച്ചതായി പ്രഖ്യാപിക്കാന്‍ കഴിയുമെന്ന പ്രത്യേശയും നെതന്യാഹു പ്രകടിപ്പിച്ചു. ഹമാസ് ബന്ദികളാക്കിയ എല്ലാപേരെയും വരും ദിവസങ്ങളില്‍ നാട്ടിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. സൈനികവും നയതന്ത്രപരവുമായ സമ്മര്‍ദ്ദം കാരണമാണ് ഹമാസ് ബന്ദികളെ മോചിപ്പിക്കാന്‍ സമ്മതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസ്സയുടെ ഭരണം കൈമാറാനുള്ള ഹമാസിന്റെ സന്നദ്ധതയും ഇതിനോടകം സൂചനകളായി പുറത്തുവന്നിട്ടുണ്ട്.
'ഹമാസിനെ നിരായുധരാക്കും. അത് ട്രംപിന്റെ പദ്ധതിയിലൂടെ നയതന്ത്രപരമായി സംഭവിക്കും. അല്ലെങ്കില്‍ ഞങ്ങളുടെ സൈനിക നടപടിയിലൂടെ സംഭവിക്കും. ഞാന്‍ വാഷിംഗ്ടണിനോടും അത് പറഞ്ഞിട്ടുണ്ട്. അത് എത്ര കഠിനമായ വഴിയിലൂടെയാണെങ്കിലും നേടും,' നെതന്യാഹു വ്യക്തമാക്കി. ബന്ദി മോചനത്തിനായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണെന്നും നെതന്യാഹു ശനിയാഴ്ച നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.
ചര്‍ച്ചകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ വൈറ്റ് ഹൗസില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കായി ഈജിപ്തിലേക്ക് പോയിട്ടുണ്ട്. ഏകദേശം രണ്ട് വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ സമാധാന നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള ചര്‍ച്ചകള്‍ ഏകോപിപ്പിക്കാന്‍ ഈജിപ്തിലേക്ക് പോകുകയാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നെതന്യാഹുവിന്റെ ഈ പ്രസ്താവന വന്നത്.