- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ-പാക് സംഘര്‍ഷം മുറുകവേ പാക്കിസ്ഥാന് നൂതന മിസൈലുകള്‍ നല്കി ചൈന; തുര്‍ക്കി വ്യോമസേനയുടെ ഹെര്‍ക്കുലീസ് വിമാനങ്ങള്‍ കറാച്ചിയിലും ഇസ്ലാമാബാദിലും; ആറ് വിമാനങ്ങള്‍ കറാച്ചിയില്‍ എത്തിയത് പടക്കോപ്പുകളുമായെന്ന് റിപ്പോര്‍ട്ട്; ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയും; ഫ്രാന്‍സുമായി കരാറില്‍ ഇന്ന് ഒപ്പിടും
ഇന്ത്യ-പാക് സംഘര്‍ഷം മുറുകവേ പാക്കിസ്ഥാന് നൂതന മിസൈലുകള്‍ നല്കി ചൈന
ന്യൂഡല്‍ഹി: പഹല്‍ഗാം വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആഗോള തലത്തില്‍ ആയുധ ഇടപാടുകളും സജീവം. വിഷയത്തില്‍ പാക്കിസ്താന് പിന്തുണയുമായി ചൈന രംഗത്തുവന്നിരുന്നു. ഇതില്‍ ഇന്ത്യ കടുത്ത അമര്‍ഷത്തിലുമാണ്. ഇതിനിടെയാണ് പാക്കിസ്ഥാന് ആയുധങ്ങളും ചൈന നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ചൈനയുടെ നൂതന മിസൈലുകള്‍ പാക്കിസ്ഥാന്‍ വ്യോമസേനയ്ക്ക് ലഭിച്ചെന്നാണു റിപ്പോര്‍ട്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ ആയുധങ്ങളും ദീര്‍ഘദൂര മിസൈലുകളുമാണു ചൈന വിതരണം ചെയ്തത്. പിഎല്‍ 15 ദീര്‍ഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നല്‍കിയത്. പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പിഎല്‍ -15 ബിയോണ്ട് വിഷ്വല്‍ റേഞ്ച് (ബിവിആര്‍) മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളില്‍ നിന്നാണ് ഇത് പാക്ക് സൈന്യത്തിനു ലഭ്യമായതെന്നാണു വിവരം. ഈ മിസൈലിന് 200 മുതല്‍ 300 കിലോമീറ്റര്‍ വരെ (120-190 മൈല്‍) ദൂരപരിധിയുണ്ടെന്നാണു റിപ്പോര്‍ട്ട്.
അതേസമയം പാക്കിസ്ഥാനുമായി ആയുധകരാറുള്ള തുര്‍ക്കിയും അവര്‍ക്ക് സഹായങ്ങളുമായി രംഗത്തുണ്ട്. തുര്‍ക്കി വ്യോമസേനയുടെ 7 സി 130 ഹെര്‍ക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനില്‍ എത്തിയിട്ടുണ്ട്. 6 വിമാനങ്ങള്‍ കറാച്ചിയിലും ഒരു വിമാനം ഇസ്‌ലാമാബാദിലുമാണ് ഇറക്കിയത്. പാക്കിസ്ഥാനുള്ള പടക്കോപ്പുകളും എത്തിച്ചതായാണ് വിവരം. പടക്കോപ്പുകള്‍, ആയുധങ്ങള്‍, ഡ്രോണുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍, ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയവ ഇവ പാകിസ്താനിലെത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പാക് സൈന്യത്തിന്റെ പടക്കോപ്പുകളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനം എത്തിയത്. പാകിസ്താനും തുര്‍ക്കിയും തമ്മില്‍ പ്രതിരോധ സഹകരണമുണ്ട്. തുര്‍ക്കിയുടെ ബെയ്റാക്തര്‍ ഡ്രോണുകള്‍ പാകിസ്താന്‍ സൈന്യം കാര്യമായി ഉപയോഗിക്കുന്നുണ്ട്. പാകിസ്താനില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ആറ് ഹെര്‍കുലീസ് സി-130 വിമാനങ്ങളാണ് കറാച്ചിയിലിറങ്ങിയത്. ബെയ്റാക്തറിന് പുറമെ തുര്‍ക്കിയുടെ പുതിയ ലോയിറ്ററിങ് അമ്യുണിഷനുകളും പാകിസ്താന്‍ വാങ്ങിയെന്നാണ് സംശയം.
ഇതോടെ ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ് പാകിസ്താന്‍ ഒരുങ്ങുന്നു എന്ന സംശയവും ബലപ്പെടുന്നുണ്ട്. അതിനിടെ ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ന് ഒപ്പിടും. 63,000 കോടി രൂപയുടെ കരാറിന് കാബിനറ്റ് സമിതി ഈ മാസമാദ്യം അംഗീകാരം നല്‍കിയിരുന്നു. 26 റഫാല്‍ മറീന്‍ ജെറ്റുകള്‍, ആയുധങ്ങള്‍, പരിശീലന സിമുലേറ്ററുകള്‍,സ്‌പെയര്‍ പാര്‍ട്‌സുകള്‍, ലോജിസ്റ്റിക്കല്‍ പിന്തുണ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണു കരാര്‍. ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. 37 മാസത്തിനുള്ളില്‍ ആദ്യ റഫാല്‍ കൈമാറും.6 വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വിമാനങ്ങളും ലഭ്യമാക്കും.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കും. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. കുപ്വാര, പൂഞ്ച് എന്നിവിടങ്ങളിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്‍ വെടിയുതിര്‍ത്തിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു വെടിവെപ്പ്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള പാക് പ്രകോപനം. പൂഞ്ച് സെക്ടറില്‍ ആദ്യമായാണ് പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെയാണ് അതിര്‍ത്തിയിലെ പാക് വെടിവെപ്പ്. പുല്‍വാമ സംഭവത്തിന് ശേഷം ജമ്മു കശ്മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പഹല്‍ഗാമില്‍ നടന്നത്. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധമുള്ള ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ പങ്ക് പുറത്തുവന്നതോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.
നിരവധി കര്‍ശന നടപടികളാണ് ഇന്ത്യ പാകിസ്ഥാനെതിരെ സ്വീകരിച്ചിട്ടുള്ളത്. പാകിസ്ഥാന്‍ സൈനിക അറ്റാഷേകളെ പുറത്താക്കല്‍, ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കല്‍, അട്ടാരി ലാന്‍ഡ്-ട്രാന്‍സിറ്റ് പോസ്റ്റ് ഉടനടി അടച്ചുപൂട്ടല്‍ എന്നിവയാണ് ആദ്യ ഘട്ടമായി ഇന്ത്യ കൈക്കൊണ്ട നടപടികള്‍. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റിയാണ് പാകിസ്ഥാനുള്ള തിരിച്ചടികളില്‍ തീരുമാനമെടുത്തത്. മറുപടിയായി ഷിംല കരാര്‍ ഉള്‍പ്പെടെ ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും പാകിസ്ഥാനും നിര്‍ത്തിവെച്ചിരിക്കുന്നു.