- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കന്‍ ഗസ്സയില്‍ രണ്ടു ഇസ്രായേല്‍ സൈനികരെ കൂടി വധിച്ച് ഹമാസ്; കരയുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം 370 ആയി
വടക്കന്‍ ഗസ്സയില്‍ രണ്ടു ഇസ്രായേല്‍ സൈനികരെ കൂടി വധിച്ച് ഹമാസ്
ജറൂസലം: വടക്കന്‍ ഗസ്സയില്‍ രണ്ടു ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു. ഹമാസുമായുള്ള ഏറ്റുമുട്ടലിലാണ് രണ്ട് ഇസ്രായേല്‍ സൈനികര്‍ മരിച്ചത്. ഗിവതി ബ്രിഗേഡിന്റെ ഷേക്ക്ഡ് ബറ്റാലിയന്‍ അംഗങ്ങളായ സ്റ്റാഫ് സെര്‍ജന്റ് റാങ്കിലുള്ള ഇതായി പരിസത് (20), യെര്‍ ഹനന്യ (22) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഐ.ഡി.എഫ് അറിയിച്ചു. ആക്രമണത്തില്‍ മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇതോടെ ഗസ്സയില്‍ കരയുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം 370 ആയി ഉയര്‍ന്നു. അതിനിടെ ജബലിയയില്‍ ഒരുമാസത്തിനിടെ 900 ഹമാസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കുന്നത്. 700 ഫലസ്തീനികളെ കസ്റ്റഡിയിലെടുത്തതായും ഇതില്‍ 300 പേര്‍ ഹമാസ് പോരാളികളാണെന്നും ഐ.ഡി.എഫ് പറയുന്നു.
അതേസമയം, ഗസ്സയില്‍ കുട്ടികളെയും സ്ത്രീകളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ കുരുതി തുടരുകയാണ്. 48 മണിക്കൂറിനിടെ ജബലിയയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 50ലേറെ കുട്ടികള്‍ മാത്രം കൊല്ലപ്പെട്ടു. ഗസ്സ മുനമ്പിലെ വിവേചന രഹിതമായ ആക്രമണത്തെ യുനിസെഫ് അപലപിച്ചു. ഗസ്സ സിറ്റിയിലെ പോളിയോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും ഇസ്രായേല്‍ സൈന്യം ഗ്രനേഡ് വര്‍ഷിച്ചു. ഇതില്‍ നാലുകുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഏറെ നാളുകളായി നിലച്ചിരുന്ന പോളിയോ വാക്‌സിനേഷന്‍ അടുത്തിടെ പുനഃരാരംഭിച്ചിരുന്നു. ശനിയാഴ്ച ലബനാനില്‍നിന്ന് വടക്കന്‍ ഇസ്രായേലിലേക്ക് 130ലധികം റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തത്. മധ്യ ഇസ്രായേല്‍ നഗരമായ തിറയില്‍ റോക്കറ്റ് പതിച്ച് 11 പേര്‍ക്ക് പരിക്കേറ്റു.
റോക്കറ്റ് തടയുന്നില്‍ പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെട്ടത് അന്വേഷിക്കുമെന്ന് ഐ.ഡി.എഫ് അറിയിച്ചു. ഇസ്രായേലിനെ ലക്ഷ്യമിട്ടെത്തിയ പത്തോളം ഡ്രോണുകളെയും തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. അതിനിടെ ഇറാനിലും സഖ്യകക്ഷി രാജ്യങ്ങളിലും ഇസ്രായേലും യു.എസും നടത്തുന്ന ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ താക്കീത് നല്‍കി. ഒക്ടോബര്‍ 26ന് ഇസ്രായേല്‍ ആക്രമണത്തില്‍ സൈനികരടക്കം അഞ്ചുപേര്‍ കൊല്ലപ്പെടുകയും സൈനിക കേന്ദ്രങ്ങളില്‍ നാശനഷ്ടം നേരിടുകയും ചെയ്തിരുന്നു.
ഇറാന്‍ വീണ്ടും തിരിച്ചടിച്ചാല്‍ ഇസ്രായേലിനൊപ്പം ആക്രമണത്തില്‍ പങ്കാളിയാകുമെന്ന് നേരത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ഇറാന്റെ പുതിയ മുന്നറിയിപ്പ്.