ലണ്ടന്‍: കഴിഞ്ഞ മാസം എന്‍ എച്ച് എസ്സ് ഹോസ്പിറ്റലുകളെ ലക്ഷ്യം വച്ച് റഷ്യന്‍ ഹാക്കര്‍മാര്‍ നടത്തിയ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന് കടുത്ത നടപടികള്‍ പുതിയ ലേബര്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുറ്റവാളികള്‍ പൊതു സേവനങ്ങള്‍ തടസ്സപ്പെടുത്തുന്നത് തടയുന്നതിനായി നിയമങ്ങള്‍ കര്‍ശനമാക്കുന്ന കാര്യം ചാള്‍സ് രാജാവ് പാര്‍ലമെന്റില്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകുമെന്ന് വൈറ്റ്‌ഹോള്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പൊതു സേവന ദാതാക്കളായ എന്‍ എച്ച് എസ്, ട്രാന്‍സ്പോര്‍ട്ട് നെറ്റ്വര്‍ക്ക് തുടങ്ങിയവ ഇപ്പോള്‍ തന്നെ ഡിജിറ്റല്‍ ആക്രമണങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി സ്വീകരിക്കാന്‍ പര്യാപ്തമാണ്. എന്നാല്‍, മൂന്നാം കക്ഷി കരാറുകാരുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അത്ര കര്‍ശനമല്ല. കഴിഞ്ഞ മാസം രണ്ട് എന്‍ എച്ച് എസ്സ് ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ ഹാക്ക് ചെയ്തതിന്റെ ഫലമായി മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന 800 ല്‍ അധികം ശസ്ത്രക്രിയകളും 700 ല്‍ അധികം അപ്പോയിന്റുമെന്റുകളും നീട്ടി വയ്ക്കേണ്ടതായി വന്നിരുന്നു.

റഷ്യന്‍ സൈബര്‍ ക്രിമിനല്‍ സംഘമായ ക്യുലില്‍ നടത്തിയ ആക്രമണത്തില്‍ കാന്‍സര്‍ രോഗികള്‍ ഉള്‍പ്പടെ നിരവധി രോഗികളാണ് ദുരിതത്തിലായത്. ആശുപത്രികള്‍ക്കും ജി പി സര്‍വ്വീസുകള്‍ക്കും പത്തോളജിക്കല്‍ സേവനങ്ങള്‍ നല്‍കുന്ന സൈനോവിസ് എന്ന സ്ഥാപനത്തിന്റെ സിസ്റ്റത്തെ പ്രതിഫലത്തിനായി ഹാക്ക് ചെയ്തുകൊണ്ടാണ് ക്രിമിനലുകള്‍ രോഗികള്‍ക്ക് ദുരിതങ്ങള്‍ സമ്മാനിച്ചത്. ഇപ്പോള്‍, ഇത്തരത്തിലുള്ള അവശ്യ സൗകര്യങ്ങള്‍ നല്‍കുന്ന എല്ലാ കരാറുകാരും അവരുടെ വിതരണ ശൃംഖലയെ ഇത്തരം ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തുനിയുന്നത്.

അതോടൊപ്പം, തങ്ങള്‍ നല്‍കുന്ന സിസ്റ്റത്തെ കുറിച്ച് ആഴത്തിലുള്ള അവബോധം ഉണ്ടായിരിക്കണം എന്നതും നിര്‍ബന്ധമാക്കും. മാത്രമല്ല, നേരത്തേ നടന്ന ആക്രമണങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട്, ആക്രമണ സമയത്ത് ഡാറ്റ മാനേജ് ചെയ്യുന്ന രീതി മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും വേണം. നിലവില്‍, ആരോഗ്യ വകുപ്പിലെ വിവിധ വിഭാഗങ്ങള്‍ എത്രമാത്രം ദുര്‍ബലമാണെന്നാണ് കിംഗ്‌സ് ആന്‍ഡ് ഗൈസ് ഹോസ്പിറ്റലിലേയും, സെയിന്റ് തോമസ് ഹോസ്പിറ്റലിലേയും സൈബര്‍ ആക്രമണങ്ങള്‍ തെളിയിക്കുന്നത്.