- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ പതിനൊന്ന് മിനിട്ടിലും യുകെ തീരങ്ങളില്‍ ഒരു അനധികൃത കുടിയേറ്റക്കാരന്‍ എത്തുന്നു; സ്റ്റാര്‍മാര്‍ അധികാരത്തിലെത്തിയ ശേഷം എത്തിയത് 50000 പേര്‍; അനധികൃത കുടിയേറ്റക്കാരെ കൊണ്ട് പൊറുതി മുട്ടി ബ്രിട്ടന്‍; അനധികൃതമായി ജോലിക്കെത്തുന്നവര്‍ക്ക് എതിരെയും കര്‍ശന നടപടി തുടങ്ങി
ഓരോ പതിനൊന്ന് മിനിട്ടിലും യുകെ തീരങ്ങളില്‍ ഒരു അനധികൃത കുടിയേറ്റക്കാരന്‍ എത്തുന്നു
ലണ്ടന്‍: ബ്രിട്ടനില്‍ കീര്‍ സ്റ്റാമര്‍ പ്രധാനമന്ത്രി ആയതിന് ശേഷം രാജ്യത്ത് അനധികൃതമായി എത്തിയത് അമ്പതിനായിരം കുടിയേറ്റക്കാര്‍. ഓരോ പതിനൊന്ന് മിനിട്ടിലും യു.കെ തീരങ്ങളില്‍ ഒരു അനധികൃത കുടിയേറ്റക്കാരന്‍ എത്തുന്നു എന്നാണ് കണക്ക്. ഇന്നലെ, എട്ട് ചെറു ബോട്ടുകളിലായി 474 പേര്‍ നിയമവിരുദ്ധമായി യു.കെയിലേക്ക് പ്രവേശിച്ചു. ഇതോടെ ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചാനല്‍ കടന്ന കുടിയേറ്റക്കാരുടെ ആകെ എണ്ണം 50,271 ആയി.
ഗാംഗുകളെ ഇല്ലാതാക്കാനുള്ള പ്രധാനമന്ത്രിയുടെ നടപടികള്‍ക്ക് ഇത് വലിയ തോതില്‍ തടസം സൃഷ്ടിക്കുമെന്നാണ് പലരും വിമര്‍ശനം ഉന്നയിക്കുന്നത്. കുടിയേറ്റക്കാരെ കൃത്യമനായി നേരിട്ടില്ലെങ്കില്‍ ഇത് എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുമെന്നാണ് അവര്‍ ചോദിക്കുന്നത്. വടക്കന്‍ ഫ്രാന്‍സിലെ ഗ്രേവ്‌ലൈനില്‍ നിന്നുള്ള ഡസന്‍ കണക്കിന് കുടിയേറ്റക്കാര്‍ വലിയൊരു ഡിങ്കി ബോട്ടിലാണ് ഇവിടേക്ക് കഴിഞ്ഞ ദിവസം എത്തിയത്.
ലൈഫ് ജാക്കറ്റുകള്‍ ധരിച്ച കുടിയേറ്റക്കാരെ പിന്നീട് കരയിലേക്ക് കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളുടെ ഉത്തരവാദികള്‍ മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ആണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. കഴിഞ്ഞ ആറോ ഏഴോ വര്‍ഷമായി ചാനലിലൂടെ ആളുകളെ കടത്തുന്നതില്‍ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്നാണ് അവര്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രകടന പത്രികയില്‍ ലേബര്‍ പാര്‍ട്ടി നല്‍കിയ ക്രിമിനല്‍ ബോട്ട് സംഘങ്ങളെ തകര്‍ക്കുമെന്ന വാഗ്ദാനം പാഴ് വാക്കായി മാറിയതായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബാഡെനോക്ക് പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യം വളരെ മോശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഒരു യുവതി ബോട്ടില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ അത് ദുരന്തത്തില്‍ കലാശിച്ചു. അവര്‍ മുങ്ങി മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 25 നും 30 നും ഇടയില്‍ പ്രായമുള്ള സൊമാലിയക്കാരിയാണെന്ന് കരുതപ്പെടുന്ന സ്ത്രീ, ഈ വര്‍ഷം ചാനലില്‍ മരിക്കുന്ന 19-ാമത്തെ കുടിയേറ്റക്കാരിയാണ്. ഫ്രാന്‍സുമായുള്ള സര്‍ക്കാരിന്റെ വണ്‍ ഇന്‍, വണ്‍ ഔട്ട് കരാര്‍ കഴിഞ്ഞ ബുധനാഴ്ച നിലവില്‍ വന്നിരുന്നു എങ്കിലും കുടിയേറ്റക്കാരുടെ വരവിനെ നിയന്ത്രിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
നേരത്തേ സര്‍ക്കാര്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഹോട്ടലുകള്‍ അടച്ചു പൂട്ടാന്‍ ലക്ഷ്യമിട്ടിരുന്നു. 2020ല്‍ കീര്‍ സ്റ്റാമര്‍ യു.കെയില്‍ നിന്ന് ജമൈക്കയിലേക്കുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കത്തെഴുതിയകാര്യവും പലരും ഓര്‍മ്മിപ്പിക്കുന്നു. ചാര്‍ട്ടര്‍ വിമാനത്തില്‍ 50 പേരെ ജമൈക്കയിലേക്ക് നാടുകടത്താനുള്ള ആഭ്യന്തര കാര്യാലയത്തിന്റെ പദ്ധതികളില്‍ തനിക്ക് ഗുരുതരമായ ആശങ്ക ഉണ്ടെന്നാണ് അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നത്.
അതേസമയം അനധികൃതമായി ജോലി ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നിലപാടിലേക്കാണ് ബ്രിട്ടന്‍ കടക്കുന്നത്. ബ്രിട്ടനില്‍ അനധികൃതമായി ജോലി ചെയ്തതിനുള്ള ആദ്യ ശിക്ഷ നടപ്പിലാക്കിയ സംഭവം വോക്കങ്ങില്‍ നിന്നും പുറത്തുവന്നു. 26 പൗണ്ടാണ് അനധികൃതമായി ജോലി ചെയത് വ്യക്തി പിഴയായി നല്‍കേണ്ടത്. ഈ അനധികൃത കുടിയേറ്റക്കാരന്റെ രണ്ട് മണിക്കൂര്‍ നേരത്തെ ശമ്പളമാണ് പിഴയായി ഈടാക്കിയിരിക്കുന്നത്.
ഈ വര്‍ഷം മെയ് 2 ന് സറേയിലെ വോക്കിംഗില്‍ പിടിക്കപ്പെട്ടതിന് ശേഷം കമ്പനിക്ക് വേണ്ടി അനധികൃതമായി ഭക്ഷണം വിതരണം ചെയ്തിരുന്നതായി 23 കാരനായ അബ്ദുള്ള മെറെസ് സമ്മതിച്ചിരുന്നു. എന്നാല്‍ താന്‍ കടക്കെണിയിലാണെന്നും ഇത് ആദ്യ കുറ്റകൃത്യമാണെന്നും കേട്ടതിനെത്തുടര്‍ന്ന്, കോടതി അദ്ദേഹത്തിന് സോപാധികമായ വിടുതല്‍ നല്‍കിയതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ 2 നകം പണം ലഭിച്ചില്ലെങ്കില്‍ ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. മെറസ് നിയമവിരുദ്ധമായി ബ്രിട്ടനില്‍ എത്തിയതാണോ അതോ ടൂറിസ്റ്റ് അല്ലെങ്കില്‍ വളണ്ടിയര്‍ വിസ പോലുള്ള ശമ്പളമുള്ള ജോലി ലഭിക്കാത്ത വിസയിലാണോ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഹോം ഓഫീസ് നടത്തിയ ശക്തമായ നടപടിക്ക് ശേഷം ഇത്തരത്തില്‍ ഒരാളിനെ ആദ്യമായാണ് ശിക്ഷിക്കുന്നത്. കഴിഞ്ഞ മാസം ഡെലിവറി സ്ഥാപനങ്ങള്‍ക്കായി നിയമവിരുദ്ധമായി ജോലി ചെയ്യുന്ന 300 ഓളം അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ ഏകദേശം 1780 പേരെ കണ്ടെത്തിയിരുന്നു. ഇവരില്‍ ഏകദേശം 280 പേരെ വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ഹില്ലിംഗ്ഡണ്‍, സ്‌കോട്ട്ലന്‍ഡിലെ ഡംഫ്രൈസ്, ബര്‍മിംഗ്ഹാം എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. നാടുകടത്തുന്നതിനായി ഏകദേശം 89 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാര്‍ വാഷുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയുള്‍പ്പെടെ 51 ബിസിനസുകള്‍ക്ക് യുകെയില്‍ ജോലി ചെയ്യാന്‍ അവകാശമില്ലാത്ത ആളുകളെ നിയമിച്ചതായി കണ്ടെത്തിയാല്‍ അവര്‍ക്ക് കനത്ത പിഴ നല്‍കാന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കി.