- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിആര്‍ പത്ത് വര്‍ഷമാക്കി മാറ്റികൊണ്ടുള്ള നിയമം പാസ്സാക്കാന്‍ കാത്ത് യുകെയിലെ കുടിയേറ്റക്കാര്‍; കോടതിയെ സമീപിക്കാന്‍ പേപ്പറുകള്‍ ശരിയാക്കി 8000-ത്തിലേറെ പേര്; അഞ്ചു വര്‍ഷം കഴിഞ്ഞ് പിആര്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച് നാട് വിട്ട് വന്നവര്‍ക്ക് കേസ് കൊടുക്കാന്‍ അവകാശം
പിആര്‍ പത്ത് വര്‍ഷമാക്കി മാറ്റികൊണ്ടുള്ള നിയമം പാസ്സാക്കാന്‍ കാത്ത് യുകെയിലെ കുടിയേറ്റക്കാര്‍

ലണ്ടന്‍: യു കെയില്‍ സ്ഥിരതാമസത്തിനുള്ള ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കുന്നതിനുള്ള അഞ്ച് വര്‍ഷ കാലാവധി മുന്‍കാല പ്രാബല്യത്തോടെ നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് സ്‌കില്‍ മൈഗ്രന്‍സ് അലയന്‍സ് എന്ന സംഘടന എന്ന് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ സംഘടനയായ സ്‌കില്‍ മൈഗ്രന്റ്‌സ് അലയന്‍സ് കഴിഞ്ഞയാഴ്ച്ചയാണ് അവരുടെ വെബ്‌സൈറ്റ് പുറത്തിറക്കിയത്. യു കെയില്‍ അങ്ങോളമിങ്ങോളമുള്ള കുടിയേറ്റക്കാരെയും അവരുടെ കുടുംബങ്ങളെയും പ്രതിനിധാനം ചെയ്യുന്ന സംഘടന എന്നാണ് അവര്‍ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്.
തൊഴിലാളികള്‍, ബിസിനസ്സുകാര്‍, വ്യക്തികള്‍ എന്നിവരടങ്ങിയ 16 ലക്ഷത്തോളം കുടിയേറ്റക്കാരെയാണ് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതെന്നും വെബ്‌സൈറ്റില്‍ അവര്‍ അവകാശപ്പെടുന്നുണ്ട്. ഹെല്‍ത്ത്‌കെയര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ടെക്‌നോളജി മേഖലകളില്‍ ജോലി ചെയ്യുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ എത്തിയവര്‍ക്ക് പി ആര്‍ ലഭിക്കുന്നതിനുള്ള കാലാവധി മുന്‍കാല പ്രാബല്യത്തോടെ പത്തോ പതിനഞ്ചോ വര്‍ഷമായി നീട്ടിയേക്കാവുന്ന സര്‍ക്കാര്‍ നയത്തിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണെന്നും അവര്‍ അറിയിക്കുന്നു.
നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി യുകെയില്‍ എത്തിയ കുടിയേറ്റക്കാര്‍, അഞ്ച് വര്‍ഷം കഴിയുമ്പോള്‍ പി ആര്‍ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഇവിടെ എത്തിയിരിക്കുന്നതെന്ന് അലയന്‍സ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ മുന്‍കാല പ്രാബല്യത്തോടെ നിയമത്തില്‍ മാറ്റം വരുത്തുന്നത് അനീതിയും, നിരവധി കുടുംബങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയും ഭാവിയേക്കുറിച്ചുള്ള അനിശ്ചിതാവസ്ഥയും ഉണ്ടാക്കും എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. നിയമസ്ഥാപനമായ കിംഗ്സ്ലി നേപ്ലേ എല്‍ എല്‍ പിയിലെ ഇമിഗ്രേഷന്‍ ആന്‍ഡ് പബ്ലിക് ലോ സ്‌പെഷ്യലിസ്റ്റുകളോടും, ഗാര്‍ഡന്‍ കോര്‍ട്ട് ചേംബേഴ്‌സിലെ മുതിര്‍ന്ന ബാരിസ്റ്റര്‍ സൊനാലി നായിക്കിനോടും ഇതു സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും അലയന്‍സ് പറയുന്നു.
അതിനു ശേഷമായിരിക്കും നിയമനടപടികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹോം ഓഫീസിനെ ഔദ്യോഗികമായി അറിയിക്കുക. നിയമനടപടികള്‍ക്കായി ധനസമാഹരണം നടത്തുമെന്ന് ഇവര്‍ കഴിഞ്ഞ ജനുവരിയില്‍ ക്രൗഡ് ജസ്റ്റിസില്‍ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതിനാവശ്യമായ 25,000 പൗണ്ട് ക്രൗഡ് ഫണ്ടിംഗ് വഴി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഫൈവ് ഇയര്‍ റൂട്ട് വഴി ബ്രിട്ടനില്‍ എത്തിയവരുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന നടപടി ജുഡീഷ്യല്‍ റീവ്യൂവിന് വിടണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിക്കുന്നത്.


