ലണ്ടന്‍: കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ലഹളയില്‍ പങ്കെടുത്ത് അക്രമങ്ങള്‍ കാട്ടിയ നൂറിലധികം പേര്‍ക്ക് ജയില്‍ ശിക്ഷയും കമ്മ്യൂണിറ്റി ഓര്‍ഡറുകളും വിധിച്ച് ബ്രിട്ടീഷ് കോടതികള്‍. സമൂഹത്തില്‍ ഭീതി പരത്തുകയും, വന്‍ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്ത അക്രമികള്‍ക്ക് അതിവേഗം വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്, മറ്റുള്ളവര്‍ക്കുള്ള ഒരു മുന്നറിയിപ്പായിട്ടാണ് പൊതുവെ വിലയിരുത്തുന്നത്. 400 ല്‍ അധികം പേരെയാണ് വ്യത്യസ്ത സംഭവങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളില്‍ ഇനിയും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും എന്നാണ് പോലീസ് പറയുന്നത്.

ഇതില്‍ നൂറിലധികം പേര്‍ക്ക് മേലാണ് കേസുകള്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത് എന്ന് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് അറിയിച്ചു. മറ്റുള്ളവരുടെ മേല്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. അവര്‍ ഇപ്പോള്‍ താത്ക്കാലിക ജാമ്യത്തിലാണ്. വരും ദിവസങ്ങളിലായി പ്രതികള്‍ എന്ന് കരുതുന്നവര്‍ കുറ്റം സമ്മതിക്കാനോ, കുറ്റാരോപണങ്ങള്‍ നിഷേധിക്കാനോ ആയി കോടതികളില്‍ വന്ന് തുടങ്ങും.

ബോള്‍ട്ടനില്‍ പോലീസ് വാഹനം തകര്‍ത്ത ജെയിംസ് നെല്‍സണ്‍ എന്ന 18 കാരന്‍ ഇപ്പോള്‍ കശിക്ഷ വിധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. രണ്ട് മാസത്തെ തടവ് ശിക്ഷയാണ് മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്നത്. ബോള്‍ട്ടനിലെ അക്രമങ്ങളില്‍ പങ്കാളിയായിരുന്ന ലിയാം പവല്‍ എന്ന 28 കാരന് ലഭിച്ചത് 12 മാസത്തെ കമ്മ്യൂണിറ്റി സര്‍വ്വീസ് ആണ്. ലഹള സമയത്ത് ഇയാള്‍ കൊക്കെയ്ന്‍ കൈവശം വച്ചിരുന്നതായി സമ്മതിച്ചെന്നും പോലീസ് പറയുന്നു.

ഒരു എമര്‍ജന്‍സി സര്‍വ്വീസ് ജീവനക്കാരനെ കൈയ്യെറ്റം ചെയ്തത് ഉള്‍പ്പടെയുള്ള സംഭവങ്ങളില്‍ ഉള്‍പ്പെട്ട ഡെറെക് ഡ്രുമൊണ്ട് എന്ന 58 കാരന് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി മൂന്ന് വര്‍ഷത്തെ തടവാണ് വിധിച്ചത്. ലിവര്‍പൂള്‍ അക്രമങ്ങളില്‍ പങ്കെടുത്ത ഡിക്ലാന്‍ ജെരിയന്‍ എന്ന 29 വയസ്സുകാരന് ലഭിച്ചത് 30 മാസത്തെ തടവ് ശിക്ഷയാണ്. അതേസമയം, ആഗസ്റ്റ് 3 ന് ലിവര്‍പൂള്‍ അക്രമത്തില്‍ പങ്കെടുത്ത ലിയാം റിലി എന്ന 40 കാരന് 20 മാസത്തെ തടവ് ശിക്ഷ ലഭിച്ചു. മറ്റ് സ്ഥലങ്ങളിലെയും അക്രമങ്ങളുമായി ബന്ധപ്പെട്ടും പലരെയും ശിക്ഷിച്ചിട്ടുണ്ട്.