വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് ഏതൊക്കെ വഴിയില്‍ പണമുണ്ടാക്കാം എന്ന് പരിശോധന നടത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന്‍ - റഷ്യ യുദ്ധം തീര്‍ക്കുന്നതില്‍ അടക്കം ട്രംപിന്റെ കണ്ണ് അമേരിക്കയ്ക്ക് എങ്ങനെ പണമുണ്ടാക്കാം എന്നതിനെ ആശ്രയിച്ചാണ്. ചുരുക്കി പറഞ്ഞാല്‍ 'കമിഴ്ന്നു വീണാല്‍ കാല്‍പ്പണം' ലൈനിലാണ് ട്രംപ് മുന്നോട്ടു പോകുന്നത്. ഒരു വശത്ത് ദരിദ്ര കുടിയേറ്റക്കാരെ നാടുകടത്തുന്ന ട്രംപ് മറുവശത്ത അതിസമ്പന്നരെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഇതിനായി അമേരിക്കന്‍ പൗരത്വത്തിന് പുതിയ രീതി കൊണ്ടുവരികയാണ് ട്രംപ്.

അതിസമ്പന്നരായ വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം അനായാസം ലഭിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. അഞ്ച് മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (43.5 കോടി ഇന്ത്യന്‍ രൂപ) ചെലവഴിച്ചാല്‍ പൗരത്വത്തിലേക്ക് വഴിതുറക്കുന്ന ഗോള്‍ഡ് കാര്‍ഡ് പദ്ധതിയാണ് ട്രംപ് നടപ്പാക്കാനൊരുങ്ങുന്നത്. 50 ലക്ഷം യുഎസ് ഡോളര്‍ നിക്ഷേപത്തിന് പകരമായി സമ്പന്നര്‍ക്ക് 'ഗോള്‍ഡന്‍ കാര്‍ഡുകള്‍' വില്‍ക്കാനാണ് ട്രംപിന്റെ പദ്ധതി. 10 ലക്ഷത്തിലധികം ഗോള്‍ഡന്‍ കാര്‍ഡുകള്‍ വിറ്റുപോകുമെന്നാണ് ട്രംപിന്റെ പക്ഷം.

50 ലക്ഷം യുഎസ് ഡോളര്‍ യുഎസിനായി നിക്ഷേപിക്കുകയാണെങ്കില്‍, നിലവിലുള്ള ഗ്രീന്‍ കാര്‍ഡിന് സമാനമായ പൗരാവകാശങ്ങളാണ് വിദേശികള്‍ക്ക് ട്രംപ് നല്‍കുക. നിക്ഷേപത്തിനുപകരം പൗരത്വമെന്ന നിലയ്ക്കാണ് ഗോള്‍ഡന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നത്. 43 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ് 50 ലക്ഷം യുഎസ് ഡോളര്‍. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ദശലക്ഷക്കണക്കിന് ഗോള്‍ഡന്‍ കാര്‍ഡുകള്‍ അനുവദിച്ചുതുടങ്ങുമെന്നാണ് ട്രംപ് ചൊവ്വാഴ്ച അറിയിച്ചത്. ഈ ഫീസടച്ചാല്‍ ട്രംപ് പറയുന്നതുപോലെ സമ്പന്നര്‍ക്ക് അമേരിക്കന്‍ പൗരത്വത്തിലേക്കുള്ള വഴിതുറന്നുകിട്ടും.

സമ്പന്നരായ വിദേശികളെ രാജ്യത്തേക്ക് സ്വീകരിച്ച് അമേരിക്കയിലെ നിക്ഷേപവും അതുവഴി തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തുവിടുമെന്ന് ട്രംപ് അറിയിച്ചു. ഗോള്‍ഡന്‍ കാര്‍ഡുകള്‍ വഴി രാജ്യത്തെ കടങ്ങള്‍ വീട്ടാന്‍ സാധിക്കുമെന്നും ട്രംപ് പറയുന്നു.

വിദേശ നിക്ഷേപകര്‍ക്ക് യുഎസിലേക്ക് കുടിയേറാനും, വിസയ്ക്ക് അപേക്ഷിക്കാനും അനുവദിക്കുന്ന സര്‍ക്കാരിന്റെ ഇബി-5 കുടിയേറ്റ നിക്ഷേപക വിസയ്ക്ക് പകരമായാണ് ട്രംപ് ഗോള്‍ഡന്‍ കാര്‍ഡ് അവതരിപ്പിക്കുന്നത്. പത്ത് ലക്ഷം ഡോളര്‍ മുതല്‍ എട്ട് ലക്ഷം വരെ നിക്ഷേപിക്കുന്നവര്‍ക്കായിരുന്നു യുഎസ് ഇബി-5 നല്‍കിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നമേഖലകളിലേക്ക് നിക്ഷേപമെത്തിച്ചിരുന്ന ഈ പദ്ധതി 1992മുതല്‍ നിലവിലുള്ളതാണ്.

ആദ്യഭരണകാലം മുതല്‍ പദ്ധതിയില്‍ പരിഷ്‌കരണത്തിന് ട്രംപ് ശ്രമിച്ചിരുന്നു. 2019 ല്‍ പദ്ധതിപ്രകാരമുള്ള കുറഞ്ഞ നിക്ഷേപം 18 ലക്ഷം ഡോളറായും പിന്നോക്കമേഖലകളില്‍ 9 ലക്ഷം ഡോളറായും ട്രംപ് ഭരണകൂടം ഉയര്‍ത്തിയെങ്കിലും 2021-ല്‍ ഒരു ഫെഡറല്‍ ജഡ്ജ് ഈ മാറ്റം റദ്ദാക്കി. രണ്ടാമത് അധികാരത്തിലേത്തുമ്പോള്‍ പദ്ധതി പൂര്‍ണമായി പൊളിച്ചുമാറ്റുകയാണ് ട്രംപ്. ട്രംപിന്റെ പുതിയ നീക്കത്തില്‍ പൗരത്വ അവകാശങ്ങള്‍ പണത്തിനുവില്‍ക്കുന്നതിലെ ധാര്‍മികത അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടേക്കും.

കാര്‍ഡുള്ളവര്‍ക്ക് ഗ്രീന്‍ കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. തുടര്‍ന്ന് അവര്‍ക്ക് പൗരത്വത്തിലേക്കുള്ള വഴി തെളിയും. അതിസമ്പന്നര്‍ക്ക് ആ കാര്‍ഡ് വാങ്ങുന്നതിലൂടെ നമ്മുടെ രാജ്യത്തേക്ക് വരാന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു. റഷ്യക്കാര്‍ക്ക് ഗോള്‍ഡ് കാര്‍ഡ് വാങ്ങാന്‍ കഴിയുമോ എന്ന ചോദ്യത്തിനും ട്രംപ് മറുപടി നല്‍കി. 'റഷ്യയിലെ പ്രഭുക്കന്മാര്‍ക്ക് ഗോള്‍ഡ് കാര്‍ഡ് വാങ്ങാം. ഇത്തരം പ്രഭുക്കന്മാര്‍ വളരെ നല്ല വ്യക്തികളാണ്', ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.