വാഷിങ്ടണ്‍: അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ ഇറങ്ങി പുറപ്പെട്ട ഡൊണള്‍ഡ് ട്രംപ് താന്‍ വീണ്‍വാക്ക് പറയാറില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്ക എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഇറങ്ങി തിരിച്ച നൂറുകണക്കിന് കുടിയേറ്റക്കാര്‍ കണ്ണീരൊഴുക്കുകയാണ്. എന്നാല്‍, നിര്‍ദാക്ഷിണ്യം ഇവരെ പുറത്താക്കുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു ദിവസം പിന്നിടുമ്പോള്‍ 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നാടുകടത്തി. സൈനിക വിമാനത്തിലാണ് ഇവരെ നാടുകടത്തിയതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് അറിയിച്ചു.

'തീവ്രവാദി എന്ന് സംശയിക്കുന്ന ഒരാളും ട്രെന്‍ ഡി അരാഗ്വ സംഘത്തിലെ നാലുപേരും, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തില്‍ പങ്കാളികളായവരും അടക്കം 538 അനധികൃത ക്രിമിനലുകളെയാണ് പുറത്താക്കിയത്' -ലെവിറ്റ് ഓണ്‍ലൈന്‍ പോസ്റ്റില്‍ പറഞ്ഞു. 'യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലാണ് പുരോഗമിക്കുന്നത്. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുകയാണ്'- അവര്‍ വ്യക്തമാക്കി.

ബലാല്‍സംഗം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് യുഎസ് കുടിയേറ്റ, കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് അറസ്റ്റ് ചെയ്തവര്‍ നാടുകടത്തപ്പെട്ടവരുടെ പട്ടികയിലുണ്ട്. കഴിഞ്ഞ നാലുവര്‍ഷത്തെ ബൈഡന്‍ ഭരണകാലത്ത് അമേരിക്കയിലേക്ക് കണക്കില്ലാത്ത അനധികൃത കുടിയേറ്റം നടന്നിട്ടുണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഫെഡറല്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ അതിര്‍ത്തി വഴിയോ. വാണിജ്യ വിമാനങ്ങള്‍ വഴി നേരിട്ടോ എത്തി പാര്‍പ്പുറപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ഇത്തരത്തില്‍ കുടിയേറിയവര്‍ ദേശീയ സുരക്ഷയ്ക്കും പൊതു സംരക്ഷണത്തിനും വലിയ ഭീഷണിയാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു,


അറസ്റ്റുഭയന്ന് കാലിഫോര്‍ണിയ, ഷിക്കാഗോ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടിയേറ്റക്കാരില്‍ പലരും കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്കെത്തിയില്ല. യു.എസില്‍ നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്നവരില്‍ വലിയവിഭാഗവും അനധികൃതകുടിയേറ്റക്കാരാണ്. അതേസമയം, നിയമവിരുദ്ധകുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിന് മെക്‌സിക്കോയ്ക്ക് വലിയ തലവേദനയായിരിക്കുകയാണ്.് മെക്‌സിക്കോയുടെ അതിര്‍ത്തിസംസ്ഥാനങ്ങള്‍ അഭയാര്‍ഥികള്‍ക്കായി കൂടുതല്‍ കൂടാരങ്ങള്‍ പണിയാന്‍ ആരംഭിച്ചു. യു.എസ്. സംസ്ഥാനമായ ടെക്‌സസിലെ എല്‍ പാസോയോടുചേര്‍ന്ന സ്യുഡാഡ് ഹ്വാരെസിലാണ് കൂടാരങ്ങളുണ്ടാക്കുന്നത്. ജനുവരി 23 ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ക്കേന്‍ റീലി നിയമത്തിന് യുഎസ് കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയിരുന്നു.